
ഇന്ത്യയുടെ വീറുറ്റ പോരാളി... ദി റിയൽ ഫൈറ്റർ... കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാൽമുട്ടിന് സർജറി നടത്തിയ ശേഷം ഡോക്ടർമാർ ഋഷഭ് പന്തിനോട് പറഞ്ഞത് "നിങ്ങൾക്കിനി ഈ ആയുസ്സിൽ ക്രിക്കറ്റ് കളിക്കുകയെന്നത് അസാധ്യമാണ്" എന്നായിരുന്നു... പന്ത് എന്ന പോരാളി അന്നും ജീവിതത്തിൽ നിന്ന് തോറ്റുമടങ്ങിയിട്ടില്ല, പിന്നീടല്ലേ ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ!
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ ഒപ്പമെത്തിക്കേണ്ട നിർണായക ഘട്ടത്തിൽ ഒരു ചാംപ്യൻ പ്ലേയർക്ക് എങ്ങനെ കയ്യും കെട്ടി നോക്കിയിരിക്കാനാകും? അയാളുടെ കാൽക്കുഴയിലെ അസ്ഥിക്കേ പൊട്ടലേറ്റിട്ടുള്ളൂ... മനസിന് ഇപ്പോഴും കാരിരുമ്പിൻ്റെ കരുത്താണ്... ഒരു രാജ്യം പ്രതിസന്ധി നേരിടുമ്പോഴാണ് യഥാർഥ ചാംപ്യന്മാർ ഉയിർത്തെഴുന്നേൽക്കുന്നത്. പ്രിയപ്പെട്ട ഋഷഭ് പന്ത്... തുടർന്നും ഏറെക്കാലം ഇന്ത്യൻ ടീമിൽ നിങ്ങളൊരു രക്ഷകനായി അവതരിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. നിങ്ങൾ അവരെ നിരാശപ്പെടുത്തില്ലെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്!
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അപ്രതീക്ഷിത തിരിച്ചുവരവുമായി ഇന്ത്യയുടെ വൈസ് ക്യാപ്ടൻ ഋഷഭ് പന്ത്. നേരത്തെ കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയ താരം പരമ്പരയിലെ മറ്റുള്ള മത്സരങ്ങളിൽ കളിക്കില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പന്തിന് പകരം ഇഷാൻ കിഷൻ കളിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്.
എന്നാൽ റിട്ടയേർഡ് ഹർട്ടായി ആദ്യ ദിനം കളംവിട്ട ഋഷഭ് പന്ത് ധീരമായ തീരുമാനവുമായി രണ്ടാം ദിനം ബാറ്റ് ചെയ്യാനെത്തിയത് ക്രിക്കറ്റ് ലോകത്തിന് ആവേശക്കാഴ്ചയായി മാറി. ഒരു ചാംപ്യൻ പ്ലേയറിന് മാത്രമെ ഇത്തരമൊരു ചാലഞ്ചിങ് സാഹചര്യത്തിലും കളിക്കാൻ കഴിയുകയുള്ളൂ. ഒന്നാമിന്നിങ്സിൽ 314/6 എന്ന സ്കോറിൽ ഇന്ത്യയുടെ നില പരുങ്ങലിലായപ്പോഴാണ് പന്തിൻ്റെ ഹീറോയിക് തിരിച്ചുവരവ് ഓൾഡ് ട്രാഫോർഡ് കണ്ടത്.
കാണികളെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചും ഹർഷാരവം മുഴക്കിയുമാണ് പന്തിനെ ഗ്രൗണ്ടിലേക്ക് എതിരേറ്റത്. വേദന സഹിച്ചും ഞൊണ്ടിയുമാണ് താരം കോണിപ്പടികൾ ഇറങ്ങിവന്നത്. ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സിൻ്റെ 18ാം ഓവറിലെ നാലാമത്തെ പന്തിൽ ഷർദുൽ താക്കൂർ 88 പന്തിൽ നിന്ന് 41 റൺസെടുത്ത് പുറത്തായതിന് പിന്നാലെയാണ് പന്ത് കളിക്കാൻ തിരിച്ചെത്തിയത്. 17 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് പന്തിനൊപ്പം ക്രീസിൽ.
ഇന്ത്യൻ വൈസ് ക്യാപ്ടൻ ഋഷഭ് പന്തിൻ്റെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരം നഷ്ടമായേക്കും. ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ബാറ്റ് ചെയ്യവെയാണ് പന്തിൻ്റെ കാലിന് പരിക്കേറ്റത്. പിന്നാലെ താരം റിട്ടയേർഡ് ഹർട്ടായി ഗ്രൗണ്ടിൽ നിന്ന് മടങ്ങിയിരുന്നു.