

ചൊവ്വാഴ്ച ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ ആവേശകരമായ വിജയത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കമൻ്റേറ്റർമാർക്കെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ്. വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്ന പരാമർശങ്ങളോട് യാതൊരു വിട്ടുവീഴ്ച്ചയുമില്ലത്ത ഭാഷയിലായിരുന്നു പരാഗിൻ്റെ പ്രതികരണം.
38 പന്തിൽ നിന്ന് 93 റൺസ് നേടി പ്ലേയർ ഓഫ് ദി മാച്ചായ 15 കാരനായ വൈഭവ് സൂര്യവൻശിയെ വാനോളം പ്രശംസിച്ചതിനൊപ്പമാണ് തന്നെ വ്യക്തിപരമായ ആക്രമിക്കുന്നവർക്ക് ശക്തമായ മറുപടി പരാഗ് നൽകിയത്. ലഖ്നൗവിനെതിരായ മത്സരം ജയിച്ചതോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കിയ രാജസ്ഥാന് അടുത്ത റൗണ്ടിലേക്ക് കടക്കാൻ ഒരു മത്സരം കൂടി ജയിച്ചാൽ മതി.
അടുത്തിടെ ഉയർന്ന 'വേപ്പിങ് വിവാദ'ത്തിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കാണ് പരാഗ് മറുപടി നൽകിയത്. താൻ എന്ത് ചെയ്താലും ആളുകൾ അതിനെ കുറിച്ച് സംസാരിക്കുമെന്ന് അറിയാം, അതൊന്നും ശ്രദ്ധിക്കാതെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
" കുറച്ച് കാലങ്ങളായി എനിക്ക് മനസ്സിലായ കാര്യം, ഞാൻ എന്ത് ചെയ്താലും ആളുകൾ അത് ചർച്ച ആക്കുമെന്നാണ്. എന്നാൽ ഈ ചർച്ചകളൊന്നും എന്റെ കളിയെയോ ഫോമിനെയോ എന്റെ മനസികാവസ്ഥയെയോ ബാധിക്കരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്. കീബോർഡ് വാരിയേഴ്സ് കളിക്കളത്തിന് പുറത്തുള്ള കാര്യമാണ്, അത് പുറത്ത് തന്നെ നിൽക്കണം." പരാഗ് പറഞ്ഞു.
കളിക്കാർ കഠിനാധ്വാനം ചെയ്യുന്നവരാണെന്ന് പരാഗ് ഓർമ്മിപ്പിച്ചു. കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങൾ കമന്ററി ബോക്സിലിരുന്ന് വിളിച്ചു പറയുന്നത് അതിരുകടക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു. ചെറിയ സ്‌കോറിൽ ഓൾ ഔട്ട് ആകുമ്പോൾ കളിക്കാരെ കുറ്റപ്പെടുത്താൻ വളരെ എളുപ്പമാണ്. എന്നാൽ ഓരോ മത്സരങ്ങൾക്കും മുൻപ് ദിവസങ്ങളോളമുള്ള തയ്യാറെടുപ്പുകളുണ്ട്. എങ്കിലും ചിലപ്പോൾ മത്സരങ്ങൾ കൈവിട്ടു പോകാമെന്നും പരാഗ് പറഞ്ഞു. ഞങ്ങളും മനുഷ്യരാണ്, സ്വാഭാവികമായും തെറ്റുകൾ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
" പുറത്ത് പലതും സംഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് ആളുകളിലേക്ക് നേരിട്ട് എത്തുന്നത് കമന്റേറ്റർമാരുടെ ശബ്ദം ആണ്. അവരോട് എനിക്ക് പറയാനുള്ളത്, ക്രിക്കറ്റിനെ സ്നേഹിക്കുക, ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിക്കുക. ഈ രാജ്യം ഇത്രയധികം സ്നേഹിക്കുന്ന ഒരു വിനോദത്തെ അർഹിക്കുന്ന ബഹുമാനത്തോടെ കൈകാര്യം ചെയ്യണം. അതിനിടയിലേക്ക് വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴക്കരുത്." പരാഗിൻ്റെ വാക്കുകൾ.
ലഖ്നൗവിനെതിരായ മത്സരം ജയിച്ചതോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ നാലാമതാണ്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് ജയിച്ചാൽ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാൻ കഴിയും.