

നൂറ് അന്താരാഷ്ട്ര സെഞ്ചുറികളും എണ്ണമറ്റ റെക്കോർഡുകളും സ്വന്തം പേരിലുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്റെ കരിയറിലെ ഏറ്റവും നിർണായകമായ ഇന്നിങ്സ് ഏതാണെന്ന് വെളിപ്പെടുത്തി. 1989-ലെ കന്നി പാകിസ്ഥാൻ പര്യടനത്തിനിടെ സിയാൽകോട്ട് ടെസ്റ്റിൽ നേടിയ 57 റൺസാണ് തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിങ്സെന്ന് സച്ചിൻ പറഞ്ഞു. ആ പര്യടനത്തിൽ ഇതിഹാസ സ്പിന്നർ അബ്ദുൽ ഖാദിറിനെതിരെ നേടിയ സിക്സറുകളാണ് ആരാധകർ ഇന്നും ആവേശത്തോടെ ഓർത്തുവെക്കുന്നതെങ്കിലും, പരമ്പരയിൽ ഇന്ത്യയുടെ തോൽവി ഒഴിവാക്കാൻ സഹായിച്ചത് സിയാൽക്കോട്ടിലെ ആ പ്രതിരോധ പോരാട്ടമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ മ്യൂസിയത്തിൽ തന്റെ കരിയറിലെ വിവിധ ഘട്ടങ്ങളിലെ 25 ബാറ്റുകൾ പ്രദർശിപ്പിക്കുന്ന 'ബാറ്റോഗ്രഫി' വിഭാഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാസ്റ്റർ ബ്ലാസ്റ്റർ പഴയ ഓർമ്മകൾ പങ്കുവെച്ചത്.
നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ വെറും 34 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് തകർന്ന ഇന്ത്യയെ കരകയറ്റിയത് സച്ചിന്റെ ആ 57 റൺസായിരുന്നു. 134 പന്തുകൾ നേരിട്ട് 193 മിനിറ്റോളം ക്രീസിൽ ചെലവഴിച്ചാണ് അന്ന് 16 കാരനായ സച്ചിൻ പാക് ബൗളിംഗിനെ പ്രതിരോധിച്ചത്. ആ ഇന്നിങ്സിന്റെ ബലത്തിൽ മത്സരം സമനിലയിലാക്കാനും നാല് മത്സരങ്ങളടങ്ങിയ പരമ്പര 0-0 എന്ന നിലയിൽ അവസാനിപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു.
അതേസമയം, പെഷവാറിൽ നടന്ന ഒരു പ്രദർശന മത്സരത്തിലെ രസകരമായ അനുഭവവും സച്ചിൻ ഓർത്തെടുത്തു. മഴമൂലം ഏകദിന മത്സരം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ കാണികളെ നിരാശരാക്കാതിരിക്കാൻ സംഘടിപ്പിച്ച തന്റെ ജീവിതത്തിലെ ആദ്യത്തെ അനൗദ്യോഗിക ടി20 മത്സരമായിരുന്നു അത്. അന്ന് മുസ്താഖ് അഹമ്മദിനെതിരെ സച്ചിൻ സിക്സറുകൾ പറത്തിയതോടെ, "കുട്ടി, ഇതൊക്കെ എന്ത്... ധൈര്യമുണ്ടെങ്കിൽ എന്നെ അടിച്ചുകാണിക്ക്" എന്ന് അബ്ദുൽ ഖാദിർ വെല്ലുവിളിച്ചു. പിന്നാലെ ഖാദിറിന്റെ പന്തുകളും സച്ചിൻ അതിർത്തി കടത്തി. അന്ന് വെറും 18 പന്തിൽ 53 റൺസാണ് സച്ചിൻ അടിച്ചുകൂട്ടിയത്.
തന്റെ ആദ്യത്തെ ക്രിക്കറ്റ് ബാറ്റിനെക്കുറിച്ചും സ്പോൺസർഷിപ്പുകളിലെ കർശന നിലപാടുകളെക്കുറിച്ചും സച്ചിൻ മനസ്സ് തുറന്നു. കശ്മീർ യാത്ര കഴിഞ്ഞെത്തിയ സഹോദരി സമ്മാനിച്ച ഒരു ബാറ്റാണ് തന്റെ ക്രിക്കറ്റ് യാത്രയ്ക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. മദ്യത്തിന്റെയും പുകയിലയുടെയും പരസ്യങ്ങളുമായി ബന്ധപ്പെട്ട കരാറുകളിൽ ഏർപ്പെടേണ്ടതില്ല എന്നത് കുടുംബത്തിന്റെ ഉറച്ച തീരുമാനമായിരുന്നു. 1996 ലോകകപ്പിന് മുന്നോടിയായി ഒരു ബ്രാൻഡുമായി കരാറുണ്ടായിരുന്നെങ്കിലും, കുടുംബത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി അത് വേണ്ടെന്നുവെച്ചു. തുടർന്ന് ഏകദേശം രണ്ട് വർഷത്തോളം ബാറ്റിൽ യാതൊരു പരസ്യ സ്റ്റിക്കറുമില്ലാതെയാണ് താൻ കളിച്ചതെന്നും, ആ സ്റ്റിക്കറില്ലാത്ത ബാറ്റിൽ തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചതോടെ ആ ബാറ്റിനോട് പ്രത്യേക ഇഷ്ടം തോന്നിയെന്നും സച്ചിൻ ഓർമ്മിച്ചു. ലോകകപ്പിനിടെ ഒരു വിദേശ കമ്പനി എല്ലാ നിബന്ധനകളും അംഗീകരിച്ച് കരാറുമായി എത്തിയെങ്കിലും, ടൂർണമെന്റ് കഴിയുന്നത് വരെ ആ ബാറ്റിൽ സ്റ്റിക്കർ പതിക്കില്ലെന്ന് താൻ അറിയിക്കുകയായിരുന്നുവെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
കരിയറിലെ പ്രിയപ്പെട്ട മറ്റൊരു ബാറ്റിന് പിന്നിലെ കൗതുകകരമായ കഥയും സച്ചിൻ പങ്കുവെച്ചു. 2009-10 കാലഘട്ടത്തിൽ മൊഹാലിയിൽ വെച്ച് ബാറ്റ് നിർമ്മാതാവായ സോമി കോഹ്ലിയുടെ കൈവശമുണ്ടായിരുന്ന, ഇന്ത്യൻ താരം സുനിൽ ജോഷിക്കായി തയ്യാറാക്കിയ ഒരു ബാറ്റ് സച്ചിന്റെ ശ്രദ്ധയിൽപ്പെട്ടു. വെറുതെ ഒന്ന് പരീക്ഷിച്ചുനോക്കിയപ്പോൾ പന്ത് നേരെ സീലിങ്ങിൽ തട്ടിയതോടെ ആ ബാറ്റ് തനിക്ക് വേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു. പകരം സുനിൽ ജോഷിക്ക് രണ്ട് ബാറ്റുകൾ നൽകാമെന്നും സച്ചിൻ വാഗ്ദാനം ചെയ്തു. തുടർന്ന് ഹൈദരാബാദിൽ എത്തിയപ്പോൾ ആ ബാറ്റിനായി വിളിച്ചുപറയുകയും, മത്സരദിവസം സ്റ്റേഡിയത്തിലേക്കുള്ള ടീം ബസ്സ് പുറപ്പെടാനിരിക്കെ കൊറിയറുമായി ഒരാൾ ഹോട്ടലിലെത്തി ബാറ്റ് കൈമാറുകയുമായിരുന്നു. ആ ബാറ്റിൽ ഒരൊറ്റ പന്തുപോലും നെറ്റ്സിൽ പരിശീലിക്കാതെ നേരിട്ട് മത്സരത്തിനിറങ്ങിയെങ്കിലും മികച്ച പ്രകടനം നടത്താനായെന്നും തന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റുകളിലൊന്നായി അത് മാറിയെന്നും സച്ചിൻ പറഞ്ഞു.