

ചണ്ഡിഗഢ് : സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. 94 റണ്‍സിന്റെ ആധികാരിക വിജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 8 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ മഹാരാഷ്ട്രക്ക് 117 റണ്‍സ് മാത്രം നേടാനാണ് സാധിച്ചത്. 16 ഓവറിനുള്ളില്‍ മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ കൂടാരം കയറ്റാന്‍ കഴിഞ്ഞതാണ് കേരളത്തിന് ആവേശകരമായ വിജയം നേടിത്തന്നത്. എം ഡി നിധീഷ് നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടി. ബിജു നാരായണന്‍ മൂന്ന് വിക്കറ്റും നേടി.
നേരത്തെ, കേരളത്തിനായി രോഹന്‍ കുന്നുമ്മല്‍ 47 പന്തില്‍ 75 റണ്‍സടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 16 പന്തില്‍ 47 റണ്‍സും അടിച്ചുകൂട്ടി.
അതിനിടെ, മഹാരാഷ്ട്രയുടെ അര്‍ഷിന്‍ കുല്‍കര്‍ണിയെ രോഹന്‍ കുന്നുമ്മലിന്റെ കൈകളിലെത്തിച്ച് കേരളത്തിന്റെ കെ എം ആസിഫ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ല് കടക്കുകയും ചെയ്തു.