ബാറ്റിൽ 'സാംസൺ', ഹൃദയത്തിൽ നന്ദി; സഞ്ജുവിന് സെഞ്ച്വറി സമർപ്പിച്ച് അസ്ഹറുദ്ദീൻ

"അണ്ടർ 19 കാലം മുതൽ ഞാൻ സഞ്ജു ഭായിയുടെ ബാറ്റ് ഉപയോഗിച്ചാണ് കളിക്കുന്നത്. അതുകൊണ്ട് ബാറ്റ് അദ്ദേഹത്തിന്റേതായതുകൊണ്ട് മാത്രമല്ല ഞാൻ അങ്ങനെ ആഘോഷിച്ചത്"
Azharuddin raises the bat and pays tribute to Sanju
Azharuddin raises the bat and pays tribute to Sanjucourtesy|X
Published on: 
Updated on: 

ക്രിക്കറ്റ് മൈതാനത്ത് റണ്ണൊഴുകുന്നത് പലപ്പോഴും ബാറ്റിന്റെ കരുത്തിലാണെങ്കിൽ, ചില ഇന്നിങ്സുകൾക്ക് മധുരമേറുന്നത് കളിക്കാർക്കിടയിലെ ആത്മബന്ധത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പിൻബലത്തിലാണ്. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ തകർപ്പൻ സെഞ്ച്വറി നേടിയ കേരള ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ, ആ നേട്ടം ക്യാപ്റ്റൻ സഞ്ജു സാംസണ് സമർപ്പിച്ച രീതി ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവരുകയാണ്.

Azharuddin raises the bat and pays tribute to Sanju
സയ്യിദ് മുഷ്താഖ് അലി: അസ്ഹറുദ്ദീന് സെഞ്ചുറി, ഹിമാചലിനെ തകർത്ത് കേരളം സൂപ്പർ ലീഗിലേക്ക്

56 പന്തിൽ സെഞ്ച്വറി തികച്ചതിന് പിന്നാലെ അസ്ഹറുദ്ദീൻ തന്റെ ബാറ്റ് ക്യാമറയ്ക്ക് നേരെ ഉയർത്തിപ്പിടിച്ചു. ആ ബാറ്റിൽ 'സാംസൺ' എന്ന് എഴുതിയിരുന്നു. ഡ്രസ്സിങ് റൂമിലിരുന്ന് പുഞ്ചിരിയോടെ ഇത് നോക്കിക്കാണുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളും ആരാധകർ ഏറ്റെടുത്തു. എന്നാൽ, സഞ്ജുവിന്റെ പേരെഴുതിയ ബാറ്റ് ഉപയോഗിച്ചതുകൊണ്ട് മാത്രമല്ല അസ്ഹറുദ്ദീൻ ആ നേട്ടം ക്യാപ്റ്റന് സമർപ്പിച്ചത്; അതിനുപിന്നിൽ ഒരു വലിയ ത്യാഗത്തിന്റെയും സഹോദരതുല്യമായ സ്നേഹത്തിന്റെയും കഥയുണ്ട്.

'സഞ്ജു ഭായി' വിട്ടുനൽകിയ അവസരം'

ഇന്ത്യൻ ദേശീയ ടീമിനായി ഓപ്പണറായി ഇറങ്ങി തിളങ്ങുന്ന സഞ്ജു സാംസണ്, കേരള ടീമിലും ആ സ്ഥാനത്ത് അനായാസം തുടരാമായിരുന്നു. എന്നാൽ, ടൂർണമെന്റിന് മുൻപ് തന്നെ സഞ്ജു അസ്ഹറുദ്ദീനെ വിളിച്ച് തന്റെ തീരുമാനം അറിയിച്ചു — കേരളത്തിന്റെ മധ്യനിരയ്ക്ക് കരുത്തുപകരാനായി താൻ താഴേക്ക് ഇറങ്ങാമെന്നും, ഓപ്പണിങ് സ്ഥാനം അസ്ഹറുദ്ദീനും രോഹൻ കുന്നുമ്മലിനും വിട്ടുനൽകാമെന്നും സഞ്ജു വ്യക്തമാക്കി.

"അണ്ടർ 19 കാലം മുതൽ ഞാൻ സഞ്ജു ഭായിയുടെ ബാറ്റ് ഉപയോഗിച്ചാണ് കളിക്കുന്നത്. അതുകൊണ്ട് ബാറ്റ് അദ്ദേഹത്തിന്റേതായതുകൊണ്ട് മാത്രമല്ല ഞാൻ അങ്ങനെ ആഘോഷിച്ചത്," മത്സരശേഷം അസ്ഹറുദ്ദീൻ പറഞ്ഞു. "ഒരു ലോകകപ്പ് ജേതാവ് സ്വന്തം ബാറ്റിങ് പൊസിഷൻ എനിക്കായി ത്യജിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ എനിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് അവസരം ലഭിച്ചപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു, ഒരു സെഞ്ച്വറി നേടാനായാൽ അത് സഞ്ജു ഭായിക്ക് തന്നെ സമർപ്പിക്കുമെന്ന്."

'ടീമിനെ മുന്നിൽ നിർത്തിയ നായകൻ'

പനിയെയും തൊണ്ടവേദനയെയും അവഗണിച്ചാണ് അസ്ഹറുദ്ദീൻ ഹിമാചലിനെതിരെ ക്രീസിലിറങ്ങിയത്. 57 പന്തിൽ എട്ട് ഫോറും ആറ് സിക്സുമടക്കം 101 റൺസെടുത്ത അസ്ഹറുദ്ദീനൊപ്പം, വൺഡൗണായി ഇറങ്ങിയ സഞ്ജുവും (21 പന്തിൽ 44) തകർത്തടിച്ചതോടെ കേരളം 20 ഓവറിൽ 268 റൺസെന്ന കൂറ്റൻ സ്കോറിലെത്തി. 67 റൺസിന്റെ വിജയത്തോടെ പത്ത് വർഷത്തിന് ശേഷം കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പർ ലീഗ് ഘട്ടത്തിലേക്കും മുന്നേറി.

സ്വന്തം നേട്ടങ്ങൾക്കപ്പുറം സഹതാരങ്ങൾക്ക് വളരാൻ ഇടം നൽകുന്ന സഞ്ജുവിന്റെ നായകമികവും, ക്യാപ്റ്റൻ അർപ്പിച്ച വിശ്വാസത്തിന് മൈതാനത്ത് റൺസുകൊണ്ട് നന്ദി പറഞ്ഞ അസ്ഹറുദ്ദീന്റെ സ്നേഹവുമാണ് കേരള ക്രിക്കറ്റിന്റെ ഈ വിജയഗാഥയ്ക്ക് തിളക്കമേറ്റുന്നത്.