

ചണ്ഡീഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശിനെതിരെ കേരളത്തിന് 67 റൺസിന്റെ ഉജ്ജ്വല വിജയം. മുല്ലൻപൂരിലെ പി.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ പ്രദേശിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് കേരള ഇന്നിംഗ്സിന് കരുത്തായത്. 57 പന്തുകൾ നേരിട്ട അസ്ഹറുദ്ദീൻ എട്ട് ഫോറുകളും ആറ് സിക്സറുകളുമടക്കം 101 റൺസ് അടിച്ചുകൂട്ടി. സഹ ഓപ്പണർ രോഹൻ കുന്നുമ്മൽ (16 പന്തിൽ 35), ക്യാപ്റ്റൻ സഞ്ജു സാംസൺ (21 പന്തിൽ 44) എന്നിവരും തകർത്തടിച്ചതോടെ കേരളം മികച്ച റൺറേറ്റിൽ കുതിച്ചു. അവസാന ഓവറുകളിൽ സൽമാൻ നിസാർ (15 പന്തിൽ 26*), അബ്ദുൾ ബാസിത് (അഞ്ച് പന്തിൽ 24*) എന്നിവർ നടത്തിയ വെടിക്കെട്ട് പ്രകടനം കേരളത്തിന്റെ സ്കോർ 260 കടത്തുന്നതിൽ നിർണ്ണായകമായി.
269 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹിമാചൽ പ്രദേശിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. സ്കോർ എട്ടിൽ നിൽക്കെ ഓപ്പണർമാരായ ആയുഷ് ജംവാളിനെയും (4) വൈഭവ് ശർമ്മയെയും (3) പുറത്താക്കി എം.ഡി. നിധീഷും കെ.എം. ആസിഫും കേരളത്തിന് മികച്ച തുടക്കം നൽകി. മധ്യനിരയിൽ ഏകാന്ത് സെൻ (39), ക്യാപ്റ്റൻ പുഖ്‌രാജ് മാൻ (29), മൃദുൽ സുറോച്ച് (29) എന്നിവർ പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ ഹിമാചലിനെ സമ്മർദ്ദത്തിലാക്കി.
അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ വൈഭവ് കാൽറ്റ (28 പന്തിൽ 57*), ആര്യമാൻ സിംഗ് (21 പന്തിൽ 30*) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പ് ഹിമാചലിന്റെ തോൽവിഭാരം കുറയ്ക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ. കേരളത്തിനായി വൈശാഖ് ചന്ദ്രൻ നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നിധീഷ്, ആസിഫ്, കാർത്തിക് ബി. നായർ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് കളിയിലെ താരം.
ഹിമാചലിനെതിരായ ജയത്തോടെ കേരളം സൂപ്പർ ലീഗിലേക്ക് മുന്നേറി. നാല് എലൈറ്റ് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരായ എട്ട് ടീമുകളാണ് യോഗ്യത നേടുന്നത്. മധ്യപ്രദേശ് തോറ്റതോടെ ഗ്രൂപ്പ് സിയിൽ കേരളം, ഹിമാചൽ, ആന്ധ്ര എന്നിവർ തമ്മിലായി പോരാട്ടം. മഹാരാഷ്ട്രയ്ക്കെതിരെ ആന്ധ്ര ജയിച്ചാലും തോറ്റാലും, മികച്ച നെറ്റ് റൺറേറ്റിന്റെ കരുത്തിൽ രണ്ടാം സ്ഥാനക്കാരായെങ്കിലും കേരളം സൂപ്പർ ലീഗ് ഉറപ്പാക്കി.