

ലണ്ടൻ: സമീപകാലത്ത് മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഐസിസി ടി20 റാങ്കിങ്ങില്‍ ബാറ്റർമാരുടെ പട്ടികയിൽ ആദ്യ പത്തില്‍ നിന്ന് പുറത്ത്. പത്താം സ്ഥാനത്ത് ഉണ്ടായിരുന്ന താരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തോടെ പതിമൂന്നാം സ്ഥാനത്തേക്ക് വീണു. ശുഭ്മാന്‍ ഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 31-ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.
അവസാന ടി20യില്‍ മാത്രം അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ അഞ്ച് സ്ഥാനം ഉയര്‍ന്ന് 42-ാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍, ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിന്‍റെ ഫില്‍ സാള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ഐസിസിയുടെ ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അവസാന ടി20 മത്സരത്തിൽ മികവ് കാണിച്ച പേസർ ജസ്പ്രീത് ബുമ്ര 10 സ്ഥാനങ്ങൾ ഉയര്‍ന്ന് പതിനെട്ടാമതെത്തി. അക്‌സർ പട്ടേൽ പതിനഞ്ചാം സ്ഥാനത്തുണ്ട്. ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഹാര്‍ദിക് പാണ്ഡ്യ നാലാമതും അക്‌സർ പട്ടേൽ പത്താമതുമുണ്ട്.
ഐസിസിയുടെ പുതിയ ടി20 ബാറ്റർമാരുടെ റാങ്കിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. 908 പോയിൻ്റുകളോടെയാണ് അഭിഷേക് മുന്നിട്ടുനിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലീഷ് ഓപ്പണർ ഫിൾ സോൾട്ടിനേക്കാൾ 59 പോയിൻ്റുകൾക്ക് മുന്നിലാണ് അഭിഷേക്.
അതേസമയം, ഇന്ത്യയുടെ മധ്യനിര ബാറ്റർ തിലക് വർമ ഐസിസി റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കുയർന്നു. 805 പോയിൻ്റാണ് നിലവിൽ തിലക് വർമയ്ക്കുള്ളത്.
പതും നിസങ്ക (779), ജോസ് ബട്‌ലർ (770), സാഹിബ്‌സാദ ഫർഹാൻ (752), ട്രാവിസ് ഹെഡ് (713), മിച്ചെൽ മാർഷ് (684), ടിം സൈഫർട്ട് (683), ഡിവാൾഡ് ബ്രെവിസ് (680) എന്നിവരാണ് യഥാക്രമം ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.