

കൊൽക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് മത്സരം രണ്ടാം ദിവസത്തിലേക്ക് കടക്കവെ കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ പിച്ചിനെ വിമർശിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് കോച്ച് ആഷ്‌വെൽ പ്രിൻസ്. പിച്ചിലെ അസാധാരണ ബൗൺസും അപ്രവചനീയതയും ആണ് വില്ലനെന്നാണ് ആരോപണം.
മത്സരത്തിൻ്റെ ആദ്യ മണിക്കൂറുകൾ മുതൽ തന്നെ പിച്ചിലെ ബൗൺസിൽ പ്രശ്നങ്ങൾ കണ്ടിരുന്നു. അതിൻ്റെ സൂചനകൾ പ്രകടമായിരുന്നുവെന്നും പ്രിൻസ് ചൂണ്ടിക്കാട്ടി. ഒരു മണിക്കൂറിലേറെ ക്രീസിൽ നിന്നിട്ടും പിച്ചുമായി പ്രോട്ടീസ് ബാറ്റർമാർക്ക് പൊരുത്തപ്പെടാനായില്ല.
"ബാറ്റർമാർ 20, 30 റൺസ് നേടുമെന്നും ആത്മവിശ്വാസം വളരുമെന്നും നിങ്ങൾ പ്രതീക്ഷിക്കുമ്പോൾ, ബൗൺസിൻ്റെ പൊരുത്തക്കേട് കാരണം ഏതെങ്കിലും ബാറ്റ്സ്മാൻമാരുടെ ആത്മവിശ്വാസം മെച്ചപ്പെട്ടെന്ന് ഞാൻ പ്രത്യേകിച്ച് വിശ്വസിക്കുന്നില്ല. മികച്ച തുടക്കം ലഭിച്ച ശേഷവും ക്രമരഹിതമായ ബൗൺസ് ബാറ്റർമാരെ സ്ഥിരത പുലർത്തുന്നതിൽ നിന്ന് തടഞ്ഞു," പ്രിൻസ് പറഞ്ഞു.
ക്വാളിറ്റിയുള്ള ഒരു ബൗളിങ് ആക്രമണം നേരിടുമ്പോൾ ഡെയ്ഞ്ചർ ഏരിയയിൽ പന്തെറിയാതെ തന്നെ വിക്കറ്റെടുക്കാൻ അവർക്ക് കഴിയാറുണ്ടെന്നും അതാണ് ഇന്നലെ സംഭവിച്ചതെന്നും ദക്ഷിണാഫ്രിക്കൻ ബാറ്റിങ് കോച്ച് വിശദീകരിച്ചു.
"ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ബുമ്രയുടെ സ്വാധീനം സാഹചര്യങ്ങൾ എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് കാണിച്ചുതന്നു. പ്രത്യേകിച്ച് ബുമ്രയുടേത് ഒരു സെൻസേഷണൽ ബൗളിങ് പ്രകടനമായിരുന്നു. സിറാജ് ആദ്യ സ്പെല്ലിൽ കാര്യമായ പന്തെറിഞ്ഞില്ല. പക്ഷേ രണ്ടാമത്തെ സ്പെല്ലിൽ എൻഡ് മാറ്റിയപ്പോൾ പ്രകടനം വളരെ മികച്ചതായിരുന്നു. എന്നാൽ ബുമ്ര അക്ഷീണം നല്ല പ്രകടനം നടത്തി. സ്പിന്നർമാരും വളരെ മികച്ചതായിരുന്നു. ഔട്ടുകൾ മോശം വിധിനിർണയമല്ല. മറിച്ച് ബൗളിങ്ങിൻ്റെ ഗുണനിലവാരമാണ് പ്രതിഫലിപ്പിക്കുന്നത്," ആഷ്‌വെൽ പ്രിൻസ് കൂട്ടിച്ചേർത്തു.