

മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി മുന്‍ താരം ശ്രീശാന്ത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2008 സീസണില്‍ ഹര്‍ഭജന്‍സിംഗ് ശ്രീശാന്തിന്റെ മുഖത്ത് അടിച്ച സംഭവത്തെ തുടര്‍ന്ന് തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആ സീസണില്‍ ശ്രീശാന്ത് കിംഗ്‌സ് ഇലവണ്‍ പഞ്ചാബിനായും ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിനുമായാണ് ക്രീസിലിറങ്ങിയത്.
ഐപിഎല്‍ സ്ലാപ്പ്‌ഗേറ്റ് എന്നറിയപ്പെടുന്ന ഈ വിവാദ സംഭവവുമായി ബന്ധപ്പെട്ട് ചെയ്ത പരസ്യ ചിത്രത്തിലൂടെ ഹര്‍ഭജന്‍ സിംഗ് ഒരു കോടി രൂപയോളം സമ്പാദിച്ചു എന്ന വാദവും ശ്രീശാന്ത് ഉയര്‍ത്തുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആ പരസ്യം പങ്കിടാന്‍ ഹര്‍ഭജന്‍ ആവശ്യപ്പെട്ടെന്നും താന്‍ അത് നിരസിച്ചതായും അതിന് ശേഷം അദ്ദേഹവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും ശ്രീശാന്ത് പറഞ്ഞു.
ഹര്‍ഭജനെക്കുറിച്ച് ഒരു അഭിമുഖത്തിലും താന്‍ പറഞ്ഞിട്ടില്ല, ഇതാദ്യമായിട്ടാണെന്നും മലയാളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് സംസാരിച്ചു.
'ഞാന്‍ ക്ഷമിക്കും പക്ഷേ ഒരിക്കലും മറക്കില്ല.' ആരെങ്കിലും നിങ്ങളോട് തെറ്റ് ചെയ്താല്‍, അവരോട് നിങ്ങള്‍ ക്ഷമിക്കണം, പക്ഷേ ഒരിക്കലും മറക്കരുത്. നിങ്ങള്‍ മറന്നാല്‍, അവര്‍ വീണ്ടും അതേ കാര്യം ചെയ്യും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഹര്‍ഭജന്‍. അതില്‍ സംശയമില്ല.' എന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
ആ പരസ്യം ചെയ്തതോടെ ഹര്‍ഭജനെ താന്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്‌തെന്നും ശ്രീശാന്ത് പറഞ്ഞു. 2008 ഐപിഎല്‍ സീസണില്‍ തന്നെ തല്ലിയത് ക്ഷമിച്ചെങ്കിലും മറന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.