പാക് വംശജരായ നാല് യുഎസ് താരങ്ങള്‍ക്ക് വിസ ഇല്ല; ഇന്ത്യയിലെ ടി20 ലോകകപ്പില്‍ വീണ്ടും വെല്ലുവിളി
ടി20 ലോകകപ്പിനായുള്ള യുഎസ് ടീമിലെ പാക് വംശജരായ നാല് താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിസ നിഷേധിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്ത സത്യമാണെന്ന് താരങ്ങളില്‍ ഒരാള്‍ പറഞ്ഞതായി ടെലികോം ഏഷ്യ സ്‌പോര്‍ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക് വംശജരായ താരങ്ങള്‍ക്ക് ഇന്ത്യന്‍ വിസ നിഷേധിക്കപ്പെട്ടതായും താരങ്ങള്‍ക്ക് ടി20 ലോകകപ്പില്‍ പങ്കെടുക്കാനാകില്ലെന്നും പേസര്‍ അലി ഖാന്‍ വീഡിയോ മെസേജിലൂടെയാണ് ടെലികോം ഏഷ്യ ഡോട്ട് കോമിനോട് പറഞ്ഞത്. ഷയാന്‍ ജഹാംഗീര്‍, മുഹമ്മദ് മുഹ്‌സിന്‍, ഇഷാന്‍ ആദില്‍ എന്നിവരാണ് വിസ നിഷേധിക്കപ്പെട്ട മറ്റ് താരങ്ങള്‍.
പാകിസ്ഥാനിലാണ് ജനിച്ചതെങ്കിലും ഈ താരങ്ങളെല്ലാം യുഎസ് പൗരന്മാരാണ്. ഇന്ത്യയുടെ വിസാ നിയമങ്ങള്‍ പ്രകാരം, പാകിസ്ഥാനില്‍ ജനിച്ച എല്ലാ വ്യക്തികളും അവരുടെ ജന്മനാട്ടിലെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയ്ക്ക് അപേക്ഷിക്കണം.
ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. യുഎസ് താരങ്ങള്‍ക്ക് വിസ നിഷേധിക്കപ്പെട്ടതോടെ ലോകകപ്പ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
ബംഗ്ലാദേഷ് താരങ്ങള്‍ ഇന്ത്യയിലേക്ക് വരില്ലെന്നും പകരം ശ്രീലങ്കയില്‍ തങ്ങളുടെ മത്സരങ്ങള്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇത് ഐസിസിക്ക് തലവേദനയായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ പ്രശ്‌നങ്ങളും വരുന്നത്.
യുഎസ് താരങ്ങളുടെ വിസ നിഷേധിച്ചതോടെ, ലോകകപ്പിന് പങ്കെടുക്കുന്ന എട്ട് രാജ്യങ്ങള്‍ക്കു കൂടി ഇന്ത്യയുടെ വിസാ നിയമങ്ങള്‍ തിരിച്ചടിയാകും. യുഎഇ, ഒമാന്‍, നേപ്പാള്‍, കാനഡ, ഇംഗ്ലണ്ട്, സിംബാബ് വേ, നെതര്‍ലന്‍ഡ് എന്നീ ടീമുകളിലും പാക് വംശജരായ താരങ്ങളുണ്ട്.

