

വീണ്ടും ലോക റെക്കോർഡ് തകർത്ത് 14 വയസുകാരനായ ഇന്ത്യയുടെ കൗമാര ക്രിക്കറ്റർ വൈഭവ് സൂര്യവൻഷി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം അണ്ടർ 19 ഏകദിന മത്സരത്തിലാണ് ഇന്ത്യൻ ഓപ്പണർമാരായ വൈഭവ് സൂര്യവൻഷിയും (74 പന്തിൽ 127) ആരോൺ ജോർജും (106 പന്തിൽ 118) ചേർന്ന് ഇന്ത്യക്കായി 227 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തിയത്. ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ച ഇരുവരും സെഞ്ച്വറികളും നേടി.
യൂത്ത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന ലോക റെക്കോർഡാണ് വൈഭവ് സൂര്യവൻഷിയെ തേടിയെത്തിയത്. 14 വർഷവും 9 മാസവുമാണ് വൈഭവിൻ്റെ പ്രായം. ടോസ് നേടി വിൽമൂർ പാർക്കിൽ ആദ്യം ബൗ ചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ട്. കൃത്യതയാർന്ന ഷോട്ടുകളിലൂടെ ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണങ്ങളുടെ മുനയൊടിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ഓപ്പണർമാർ പുറത്തെടുത്തത്. ഇന്ത്യൻ യൂത്ത് ക്രിക്കറ്റിൽ പിറക്കുന്ന ഏറ്റവുമുയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.
2013ൽ അങ്കുഷ് ബെയ്ൻസും അഖിൽ ഹെർവാഡ്ക്കറും ചേർന്ന് പടുത്തുയർത്തിയ 218 റൺസിൻ്റെ ദേശീയ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഒൻപതാം ഓവറിൽ തന്നെ ഇന്ത്യൻ സ്കോർ 100 കടന്നിരുന്നു. 73 പന്തിൽ 127 റൺസെടുത്ത വൈഭവ് സൂര്യവൻഷിയുടെ ഇന്നിങ്സിൽ 10 കൂറ്റൻ സിക്സറുകളും 9 ഫോറുകളും ഉൾപ്പെടുന്നുണ്ട്. 26ാം ഓവറിലാണ് വൈഭവ് പുറത്തായത്. പിന്നാലെ 29ാം ഓവറിൽ മലയാളികളുടെ അഭിമാനമായ ആരോൺ ജോർജും സെഞ്ച്വറിയിലേക്ക് കുതിച്ചെത്തി.
ക്രിക്കറ്റ് ലോകത്ത് എല്ലാ ദിവസവും ഓരോ നാഴികക്കല്ലുകൾ തകർത്തു കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ഈ വണ്ടർ കിഡ്. 2026ൻ്റെ തുടക്കത്തിൽ യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി എന്ന റിഷഭ് പന്തിൻ്റെ റെക്കോർഡ് വൈഭവ് തകർത്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ വെറും 15 പന്തിലാണ് ഈ നാഴികക്കല്ല് പിന്നിട്ടു. അണ്ടർ 19 വിഭാഗത്തിൽ ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ നിന്ന് ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും വൈഭവ് സൂര്യവൻഷി നേടിയിരുന്നു. ഐപിഎൽ ലേലത്തിൽ വാങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും സൂര്യവൻഷി മാറി.
നേരത്തെ ക്രിക്കറ്റിലെ താരത്തിൻ്റെ അസാധാരണ നേട്ടങ്ങള്‍ പരിഗണിച്ച് കുട്ടികള്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബാല പുരസ്കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം 2025ൽ കൗമാരതാരം വൈഭവ് സൂര്യവന്‍ഷി നേടിയിരുന്നു. ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അണ്ടര്‍ 19 ഏകദിന പരമ്പരയില്‍ ക്യാപ്റ്റനായാണ് വൈഭവ് തുടങ്ങുക. പിന്നാലെ അണ്ടര്‍ 19 ടി20 ലോകകപ്പും താരത്തിന് മുന്നിലുണ്ട്.