

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ഓൾ ടൈം ബെസ്റ്റ് സിക്സറടി വീരന്‍മാരുടെ പട്ടികയിൽ രണ്ടാമതെത്തി കേരളാ താരം വിഷ്ണു വിനോദ്. പുതുച്ചേരിക്കെതിരായ മാച്ചിൽ തകർപ്പൻ സെഞ്ച്വറി പ്രകടനത്തിലൂടെ സിക്സർ പെരുമഴയാണ് വിഷ്ണു ഒരുക്കിയത്.
വിജയ് ഹസാരെ ടൂർണമെൻ്റിൽ 103 മത്സരങ്ങളിൽ നിന്ന് 108 സിക്സറുകൾ വാരിക്കൂട്ടിയ മനീഷ് പാണ്ഡെയുടെ റെക്കോർഡിനേക്കാൾ വെറും രണ്ട് സിക്സറുകൾ മാത്രം അകലെയാണ് വിഷ്ണു ഇപ്പോൾ. 57 മത്സരങ്ങളിൽ നിന്ന് 106 സിക്സറുകളാണ് വിഷ്ണു വിനോദ് ഇതേവരെ നേടിയത്. 57 മാച്ചുകളിൽ നിന്ന് 102 സിക്സറുകൾ നേടിയ റുതുരാജ് ഗെയ്‌ക്ക്‌വാദിനെയാണ് വിഷ്ണു ഇന്ന് മറികടന്നത്.
നേരത്തെ വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റിൽ അതിവേഗം 100 സിക്സറുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡ് ഗെയ്ക്ക്‌വാദ് സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ മാത്രം 26 സിക്സറുകളാണ് പത്തനംതിട്ടക്കാരനായ വിഷ്ണു വിനോദ് അടിച്ചുകൂട്ടിയത്.
വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ ഒരോവറിൽ ഏറ്റവുമധികം സിക്സറുകൾ പറത്തിയ താരമെന്ന റെക്കോർഡ് റുതുരാജ് ഗെയ്ക്ക്വാദിൻ്റെ പേരിലാണ്. 2022-23 സീസണിൽ ഉത്തർ പ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിൽ ശിവ സിംഗ് എറിഞ്ഞ ഒരോവറിൽ (ഒരു നോ-ബോൾ ഉൾപ്പെടെ) ഏഴ് സിക്സറുകൾ റുതുരാജ് പറത്തിയിരുന്നു. ആ ഓവറിൽ 43 റൺസാണ് പിറന്നത്.
വിജയ് ഹസാരെ ട്രോഫി ചരിത്രത്തിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ റെക്കോർഡും റുതുരാജ് ഗെയ്ക്ക്വാദിൻ്റെ പേരിലാണ് (16 സിക്സറുകൾ). ഇതേ മത്സരത്തിൽ 159 പന്തിൽ നിന്ന് 220* റൺസ് റുതുരാജ് പുറത്താകാതെ നിന്നു.