

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ തീരുമാനത്തില്‍ പ്രതികരണവുമായി മുന്‍ താരം ഷാഹിദ് അഫ്രീദി. കഴിഞ്ഞ ദിവസമാണ് ലോകകപ്പില്‍ പങ്കാളിയാകുന്നത് സംബന്ധിച്ച് പാക് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
ലോകകപ്പില്‍ പങ്കെടുക്കുമെങ്കിലും കൊളംബോയില്‍ നിശ്ചയിച്ച ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഫെബ്രുവരി 15 നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിരുന്നത്.
ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാട് സ്വീകരിച്ച ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്നും ഒഴിവാക്കിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാക് സര്‍ക്കാരിന്റെ തീരുമാനം. ഇതിനിടയിലാണ് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം വന്നത്.
രാഷ്ട്രീയം വാതിലുകള്‍ അടയ്ക്കുമ്പോള്‍ ക്രിക്കറ്റിന് വാതിലുകള്‍ തുറക്കാന്‍ കഴിയുമെന്നാണ് താന്‍ എപ്പോഴും പറയാറ്, ഇന്ത്യക്കൊപ്പം കളിക്കില്ലെന്ന പാകിസ്ഥാന്റെ നിലപാട് ഖേദകരമാണ്, പക്ഷേ, സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം താനും നില്‍ക്കുന്നു. കേവലം പ്രസ്താവനകളിലൂടെയല്ല, മറിച്ച് തീരുമാനങ്ങളിലൂടെ തങ്ങള്‍ നിഷ്പക്ഷരും സ്വതന്ത്രരും ഓരോ അംഗത്തോടും നീതി പുലര്‍ത്തുന്നവരുമാണെന്ന് തെളിയിച്ച് ഐസിസി മുന്നോട്ട് പോകേണ്ട സമയമാണിത്. ഷാഹിദ് അഫ്രീദി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
നേരത്തേ, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സില്‍ പാകിസ്ഥാനൊപ്പം കളിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തപ്പോള്‍ ആ തീരുമാനത്തെ അഫ്രീദി വിമര്‍ശിച്ചിരുന്നു. ഒരു കൊട്ടയിലെ ഒരു മുട്ട ചീഞ്ഞാല്‍ ബാക്കിയുള്ളതും നശിക്കും എന്നായിരുന്നു അഫ്രീദി അന്ന് പറഞ്ഞത്.
അന്ന് ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിക്കുകയും രാഷ്ട്രീയത്തിനു മുകളിലാണ് സ്‌പോര്‍ട്‌സ് എന്ന് പറയുകയും ചെയ്ത താരം പാകിസ്ഥാന്റെ നിലപാടില്‍ എന്തുകൊണ്ട് അതേ നിലപാട് ആവര്‍ത്തിക്കുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
അതേസമയം, പാകിസ്ഥാന്‍ ടീമിന്റെ പിന്മാറ്റം തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇന്ത്യന്‍ ടീം കൃത്യസമയത്ത് കൊളംബോയിലെത്തി പരിശീലനം നടത്തും. മത്സര തലേന്നുള്ള പതിവ് വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പങ്കെടുക്കും. മത്സര ദിവസമായ ഫെബ്രുവരി 15ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്റ്റേഡിയത്തിലെത്തും. പാകിസ്ഥാന്‍ എത്തിയില്ലെങ്കില്‍ മാച്ച് റഫറിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഇന്ത്യ ഗ്രൗണ്ടില്‍ തുടരും. ഇതോടെ ലോകകപ്പില്‍ ഇന്ത്യക്ക് മത്സരം കളിക്കാതെ തന്നെ നിര്‍ണായകമായ രണ്ട് പോയിന്റുകള്‍ ലഭിക്കും.