

രാഷ്ട്രീയം വേറെ, സ്‌പോര്‍ട്‌സ് വേറെ.... ഇങ്ങനെയാണ് പറയാറെങ്കിലും നടക്കുന്നത് ക്രിക്കറ്റും മത്സരം ഇന്ത്യയും പാകിസ്ഥാനുമാണെങ്കില്‍ അതൊരു യുദ്ധമാണ്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് മാറി, രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമാകും. പണ്ട് മുതലേ അത് അങ്ങനെയാണ്, പക്ഷെ അന്നൊക്കെ ക്രിക്കറ്റിന്റെ സൗന്ദര്യമുണ്ടായിരുന്നു, കളിക്കാര്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു.
പക്ഷേ, സാഹചര്യം മാറി, ഇന്ന് ക്ലാസിക് ക്രിക്കറ്റ് പോരാട്ടം എന്നതില്‍ നിന്ന് ഇന്ത്യ-പാക് മത്സരം പൂര്‍ണമായും രാഷ്ട്രീയപ്പോരായി മാറിക്കഴിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിയിലെ നാടകങ്ങള്‍ അവസാനിച്ചപ്പോള്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ അടുത്ത നാടകങ്ങളും തുടങ്ങി.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയില്‍ നിശ്ചയിച്ച മത്സരങ്ങളുടെ വേദി മാറ്റണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശാണ് തുടക്കമിട്ടത്. ഒടുവില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാകാതെ ബംഗ്ലാദേശിന് പുറത്തിരിക്കേണ്ടി വന്നു. പിന്നാലെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വിയുടെ രംഗപ്രവേശം.
ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനം. പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്‌വി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായുള്ള ചര്‍ച്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്, ബംഗ്ലാദേശിനെ പിന്തുണച്ച് ഇന്ത്യയുമായുള്ള ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്ന്, ടൂര്‍ണമെന്റ് തന്നെ ബഹിഷ്‌കരിക്കാതെ എന്തിന് ഒരു മത്സരം മാത്രം ബഹിഷ്‌കരിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു? നടക്കുന്നത്, ക്രിക്കറ്റല്ല, രാഷ്ട്രീയക്കളിയാണെന്ന് അന്നുമുതല്‍ വിമര്‍ശനങ്ങളും അമര്‍ഷങ്ങളും പലരും പ്രകടിപ്പിച്ചതാണ്.
നാടകങ്ങള്‍ക്കൊടുവില്‍, കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ മത്സരിക്കാനെത്തിയ പാകിസ്ഥാന്‍ ടീം ദയനീയമായി തോല്‍ക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിയാണ്. പക്ഷെ നടന്നത് ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ്. ആദ്യം പറഞ്ഞതു പോലെ അതിന് ഒരു യുദ്ധത്തിന്റെ പ്രതീതിയുണ്ട്.
ഇന്ത്യയോടുള്ള തോല്‍വി പാകിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തേയും ടീമിനെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ടീമിന്റെ അവസ്ഥയെ കുറിച്ച് ആദ്യം പറയാം. ഇന്ത്യയോടേറ്റ 61 റണ്‍സിന്റെ പരാജയം പാകിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റിനെ ബാധിച്ചിട്ടുണ്ട്. പക്ഷെ, സൂപ്പര്‍ 8-ല്‍ എത്താനുള്ള അവസരം ഇനിയുമുണ്ട്.
ഗ്രൂപ്പ് എയില്‍ 4 പോയിന്റുമായി നാലാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്. ഫെബ്രുവരി 18 ന് നമീബയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ 6 പോയിന്റാകും. നമീബയെ തോല്‍പ്പിച്ച് പോയിന്റ് നില കൂട്ടിയാല്‍ യുഎസ്എയെ മറികടന്ന് രണ്ടാം സ്ഥാനക്കാരായി മുന്നേറാം. പക്ഷെ, നമീബിയയോട് തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പാകിസ്ഥാന്‍ പുറത്താകും. അങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം.
നിറം മങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ്
ഇന്ത്യയോടേറ്റ തോല്‍വിയോടെ പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകരും മുന്‍ താരങ്ങളുമെല്ലാം മുഹ്‌സിന്‍ നഖ്‌വിക്കു നേരെ തിരിഞ്ഞിരിക്കുകയാണ്. നേരത്തേ രഹസ്യമായി പറഞ്ഞത് ഇപ്പോള്‍ പരസ്യമായി പറയുന്നു എന്നു മാത്രം.
ഷുഹൈബ് അക്തറാണ് തുടക്കമിട്ടത്, വിവരമില്ലാത്ത കഴിവുകെട്ട ഒരാളെയാണ് പിസിബിയുടെ അധ്യക്ഷനാക്കി വെച്ചിരിക്കുന്നതെന്ന് ഷുഹൈബ് അക്തര്‍ തുറന്നു പറഞ്ഞു. പിസിബിയുടെ അധ്യക്ഷനായിരിക്കാന്‍ അദ്ദേഹത്തിന് യാതൊരു യോഗ്യതയുമില്ലെന്നും അക്തര്‍ തുറന്നടിച്ചു.
പിന്നാലെ, മുഹമ്മദ് യൂസുഫും ശക്തമായ ഭാഷയില്‍ നഖ്‌വിക്കെതിരെ രംഗത്തെത്തി. രാഷ്ട്രീയവും വ്യക്തിതാത്പര്യങ്ങളും മാറ്റിവെക്കാതെ പാകിസ്ഥാന്‍ ക്രിക്കറ്റിന് പഴയ പ്രതാപ കാലം വീണ്ടെടുക്കാനാകില്ലെന്ന് യൂസുഫ് വ്യക്തമാക്കി. പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണെന്നാണ് നഖ്‌വിയുടെ ഭരണത്തെ യൂസുഫ് വിശേഷിപ്പിച്ചത്. കഴിവും യോഗ്യതയും ഇല്ലാത്തവരെ പിടിച്ചു പുറത്താക്കണമെന്ന് പറയാനും അദ്ദേഹം മടിച്ചില്ല.
ടീമിലെ അച്ചടക്കമില്ലായ്മയും ക്യാപ്റ്റന്‍സി മാറ്റങ്ങളും ടീമിനെ കൈകാര്യം ചെയ്യുന്ന രീതിയും ശരിയല്ലെന്ന പരാതിയാണ് പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ പ്രധാനമായും ഉയരുന്ന വിമര്‍ശനം. ബാബര്‍ അസമിനെ വീണ്ടും ക്യാപ്റ്റനാക്കിയതും എന്നാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിയാത്തതും ബോര്‍ഡിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ 15-20 വര്‍ഷമായി പാകിസ്ഥാന്‍ ക്രിക്കറ്റില്‍ കാര്യമായ അടിസ്ഥാന സൗകര്യ വികസനങ്ങളോ കഴിവുള്ള പുതിയ താരങ്ങളെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളോ നടക്കുന്നില്ലെന്നാണ് ഷുഹൈബ് അക്തര്‍ അടക്കമുള്ള മുന്‍ താരങ്ങളുടെ പ്രധാന വിമര്‍ശനം.
ഇന്ത്യന്‍ ടീം ആധുനിക ക്രിക്കറ്റിന്റെ വേഗതയ്‌ക്കൊപ്പം കുതിക്കുമ്പോള്‍ പാകിസ്ഥാന്‍ ബൗളര്‍മാരുടെ വേഗതക്കുറവും ബാറ്റിങ്ങിലെ മെല്ലെപ്പോക്കുമെല്ലാം ഇഴകീറി പരിശോധിക്കപ്പെടുകയാണ്. ക്രിക്കറ്റിനെ വളര്‍ത്തുന്നതിനു പകരം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ബോര്‍ഡ് പ്രധാന്യം കൊടുക്കുന്നു. ഒരുകാലത്ത് പ്രൗഢിയും പ്രതാപവുമുണ്ടായിരുന്ന ടീമിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കളിക്കാര്‍ മാത്രമല്ല, ബോര്‍ഡിന്റെ കെടുകാര്യസ്ഥത കൂടിയാണെന്ന വികാരമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
മുഹ്‌സിന്‍ നഖ്‌വി മാത്രമാണോ വില്ലന്‍?
പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് നഖ്‌വിയെ വിമര്‍ശിക്കാമെങ്കിലും സമ്പൂര്‍ണ ഉത്തരാവാദിത്തം ആ ഒരു വ്യക്തിക്കു മാത്രമല്ല. ഇന്ത്യയെ പോലെ തന്നെ ക്രിക്കറ്റും രാഷ്ട്രീയവും അവിടെ അത്രമേല്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ്.
ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ എന്ന ഉത്തരവാദിത്തം മാത്രമല്ല നഖ്‌വിക്ക് ഉള്ളത്. പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയാണ് അദ്ദേഹം. രാജ്യത്തിന്റെ ക്രമസമാധാന ചുമതലയുള്ള മന്ത്രി തന്നെ ക്രിക്കറ്റ് ബോര്‍ഡും ഭരിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ക്രിക്കറ്റ് ഭരണത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സമയമില്ലെന്നതാണ് പ്രധാന പരാതി. അല്ലെങ്കില്‍ രാഷ്ട്ര വിഷയങ്ങളിലൊന്നായി ക്രിക്കറ്റിനേയും അദ്ദേഹം കൈകാര്യം ചെയ്യുന്നു.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയാണ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനെ തീരുമാനിക്കുന്നത് എന്നതില്‍ തന്നെ ക്രിക്കറ്റും രാഷ്ട്രീയവും തമ്മിലുള്ള അന്തർധാര വ്യക്തമാകും. ഓരോ തവണ സര്‍ക്കാര്‍ മാറുമ്പോഴും ബോര്‍ഡ് തലപ്പത്തും മാറ്റങ്ങള്‍ വരും. ഇത് ക്രിക്കറ്റില്‍ സ്ഥിരമായി ഒരു നയം കൊണ്ടുപോകുന്നതിന് തടസ്സമാകുന്നു.
സൈനിക-രാഷ്ട്രീയ ഇടപെടലുകള്‍
പാകിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എപ്പോഴും ക്രിക്കറ്റിനെ ബാധിക്കാറുണ്ട്. ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് മുന്‍പ് ഉയര്‍ന്നുവന്ന ബഹിഷ്‌കരണ ഭീഷണികളും പിന്നീട് അത് മാറ്റിയതും സൈനിക നേതൃത്വത്തിന്റെ കൂടി ഇടപെടലിലൂടെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നഖ്‌വി തന്നെ പലപ്പോഴും സൈനിക മേധാവികളുടെ പേര് പരാമര്‍ശിക്കുന്നത് ക്രിക്കറ്റിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്.
2024 ല്‍ മാത്രമാണ് നഖ്‌വി ബോര്‍ഡിലേക്ക് വരുന്നത്. അതിനു മുമ്പ് തന്നെ പാകിസ്ഥാന്‍ ക്രിക്കറ്റ് പ്രതിസന്ധിയിലായിരുന്നു. ബിസിസിഐ താഴെത്തട്ടില്‍ നിക്ഷേപം നടത്തുമ്പോള്‍, പാകിസ്ഥാനില്‍ പലപ്പോഴും ഫണ്ടുകള്‍ അഴിമതിയിലൂടെയും കെടുകാര്യസ്ഥതയിലൂടെയും നഷ്ടപ്പെടുകയാണ്. ലോക ക്രിക്കറ്റ് ഡാറ്റാ അനാലിസിസിനും പുതിയ പരിശീലന രീതികള്‍ക്കും പ്രാധാന്യം നല്‍കുമ്പോള്‍ പാകിസ്ഥാന്‍ ഇപ്പോഴും പഴയ രീതി തുടരുകയാണ്.
നഖ്‌വി ഒരു മോശം അധ്യക്ഷനായിരിക്കാം, പക്ഷേ രാഷ്ട്രീയ അസ്ഥിരതയും അഴിമതിയും പ്രൊഫഷണലിസം ഇല്ലാത്ത ഭരണസംവിധാനവും ആഴത്തില്‍ വേരോടിയിട്ടുള്ളതാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.