

കൊച്ചി: സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി അവകാശികളില്ലാതെ കിടക്കുന്നത് 2133.72 കോടിരൂപ. 9,38,027 അക്കൗണ്ടുകളിലായാണ് ഇത്രയും തുക അവകാശികളെ കാത്ത് കിടക്കുന്നത്.
അവകാശികളില്ലാതെ 10 വര്‍ഷത്തിലേറെയായി ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ കണ്ടെത്താനായി 2023 ഏപ്രിലില്‍ റിസര്‍വ് ബാങ്ക് കേന്ദ്രീകൃത പോര്‍ട്ടല്‍ തുടങ്ങിയിരുന്നു. ആറ് ജില്ലകളിലെ അവകാശികളെ കണ്ടെത്താനായുള്ള ക്യാമ്പ് നവംബര്‍ മൂന്നിന് ആരംഭിക്കും. നവംബര്‍ 3 ന് മലപ്പുറം, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ക്യാമ്പുകളാണ് നടക്കുക.
ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ ബാങ്കുകളിലുണ്ടോ എന്നറിയാന്‍ ബാങ്ക് വെബ്സൈറ്റ് വഴിയോ ആര്‍ബിഐയുടെ 'ഉദ്ഗം' പേര്‍ട്ടല്‍ വഴിയോ പരിശോധിക്കാം. കൃത്യമായ രേഖകള്‍ ഹാജരാക്കിയാല്‍ തുക വീണ്ടെടുക്കാം. നിശ്ചിത സമയം കഴിഞ്ഞാല്‍ സമ്പാദ്യം റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് (ഡിഎംഇ) ഫണ്ടിലേക്ക് മാറ്റാറാണ് പതിവ്.
സംസ്ഥാനത്ത് അവകാശികളില്ലാത്ത പണത്തില്‍ മുന്നിലുള്ളത് എറണാകുളം ജില്ലയാണ്. 307.69 കോടി രൂപയാണ് ജില്ലയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത്. തിരുവനന്തപുരവും തൃശൂരുമാണ് രണ്ടാമത്. തിരുവനന്തപുരത്ത് 266.30 കോടി രൂപയും തൃശൂരില്‍ 241.27 കോടി രൂപയുമാണ് അവകാശികളെ കാത്ത് കിടക്കുന്നത്.