

2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പ് വര്‍ണാഭമായ ചടങ്ങുകളോടെ പൂര്‍ത്തിയായി. 48 ടീമുകളെ 12 ഗ്രൂപ്പിലേക്കാണ് തിരിച്ചത്. ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ഗ്രൂപ്പ് ജെയിലും ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയിലുമാണ് മത്സരിക്കുക. ഗ്രൂപ്പ് ഐയില്‍ എംബാപ്പെയും ഹാലണ്ടും നേര്‍ക്കുനേര്‍ എത്തും.
48 ടീമുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ നറുക്കെടുപ്പിനാണ് വാഷിങ്ടണ്‍ സാക്ഷിയായത്. നിലവിലെ ലോക ചാംപ്യന്‍മാരായ ലിയോണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പ് ആണ് ഇത്തവണ. ഗ്രൂപ്പ് ജെയില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ തുടങ്ങിയവരാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഉസ്ബെക്കിസ്ഥാനെയും കൊളംബിയയെയും നേരിടും. കോണ്‍കഫ് പ്ലേഓഫിലെ വിജയികളായിയെത്തുന്ന കോംഗോയോ, ജമൈക്കയോ, ന്യൂ കാലിഡോണിയയോ പോര്‍ച്ചുഗല്ലിന്റെ എതിരാളികളാകും. ഗ്രൂപ്പ് എല്ലില്‍ ഇംഗ്ലണ്ടും ക്രോയേഷ്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. എംബപ്പെ ഹാലണ്ട് പോരാട്ടത്തിനാകും ഗ്രൂപ്പ് ഐ സാക്ഷിയാക്കുക ഒപ്പം 2002ല്‍ ഫ്രാന്‍സിനെ അട്ടിമറിച്ച സെനഗലും ഇത്തവണ മുന്‍ ലോക ചാപ്യന്‍മാര്‍ക്കൊപ്പം ഗ്രൂപ്പിലുണ്ട്. ബ്രസീലിനാകട്ടെ മൊറോക്കോ, ഹെയ്ത്തി, സ്‌കോട്ട്‌ലന്‍ഡ് എന്നിവരാണ് എതിരാളികള്‍. ഉറുഗ്വ, സൗദി അറേബ്യ, കാബോ വെര്‍ദേ എന്നി ടീമുകളായിട്ടായിരിക്കും സ്‌പെയിന്‍ ഏറ്റുമുട്ടുക. മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനി ഗ്രൂപ്പ് ഇയില്‍ കുറാസോ, ഐവറി കോസ്റ്റ്, ഇക്വഡോര്‍ എന്നിവരെ നേരിടും.
ചടങ്ങില്‍ പ്രഥമ ഫിഫ സമാധാന പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കൈമാറി. ലോക സമാധാനത്തിനും ഐക്യത്തിനുമുള്ള ഇടപെടലുകള്‍ക്കാണ് ട്രംപിന് പുരസ്‌കാരം സമ്മനിച്ചത്.
12 ഗ്രൂപ്പുകളിലെ ആദ്യ 2 സ്ഥാനക്കാരും മികച്ച 8 മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്കെത്തും. പിന്നീട് പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമിപോരാട്ടങ്ങള്‍ കടന്ന് കലാശപോരിലേക്ക്. ലോകജേതാവാകുന്ന ടീം 8 മത്സരങ്ങള്‍ മാത്രമായിരിക്കും കളത്തിലിറങ്ങേണ്ടി വരിക. അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായാണ് ലോകകപ്പിന് വേദിയാവുക.