

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിക്കോഫിന് ഇനി അമ്പതു നാളുകൾ കൂടിയാണ് ബാക്കിയുള്ളത്. ലോകം ഒരു സോക്കറിന് പന്തിന് ചുറ്റും ഓടാൻ തുടങ്ങാൻ രണ്ട് മാസത്തിൽ താഴെ മാത്രമാണ് സമയം ശേഷിക്കുന്നത്. ഖത്തർ ആതിഥേയത്വം വഹിച്ച 2022 ലോകകപ്പിന് ശേഷം, ഇക്കുറി മൂന്ന് രാജ്യങ്ങൾ സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്.
യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കുന്നത്. 16 വേദികളാണ് ആകെയുള്ളതെങ്കിലും ഇതിൽ 11 എണ്ണം യുഎസിലും മൂന്നെണ്ണം മെക്സിക്കോയിലും രണ്ടെണ്ണം കാനഡിയിലുമായാണ് നടക്കുക.
ലോകകപ്പിനെ കുറിച്ചുള്ള ചില രസകരമായ വസ്തുതകൾ നമ്മൾക്ക് പരിശോധിക്കാം. മുൻ മാതൃകകളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ദൈർഘ്യമേറിയ ലോകകപ്പാണ് നടക്കുന്നത്. 39 ദിവസങ്ങളിലായി ലോകകപ്പ് നടക്കുന്നത് ചരിത്രത്തിലാദ്യമായാണ്. 48 ടീമുകൾ പങ്കെടുക്കുന്നതിനാൽ 104 മത്സരങ്ങളും അരങ്ങേറും.
ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം 'റൗണ്ട് ഓഫ് 32' എന്ന പേരിൽ പുതിയൊരു നോക്കൗട്ട് റൗണ്ടും ഇക്കുറി നടത്തും. അതിൽ നിന്ന് പിന്നീട് പതിവ് പോലെ 16 ടീമുകളെ ഉൾക്കൊള്ളിച്ച് പ്രീ ക്വാർട്ടറും, 8 ടീമുകളെ ഉൾക്കൊള്ളിച്ച് ക്വാർട്ടർ ഫൈനലും നടത്തും.
'കാബോ വെർഡെ' എന്ന കുഞ്ഞൻ ആഫ്രിക്കൻ രാജ്യം ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടിയത് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 5.20 ലക്ഷം ജനസംഖ്യയുള്ള കേപ് വെർഡെയുടെ ലോകകപ്പ് എൻട്രി ആഗോളതലത്തിൽ വൻ വാർത്താ പ്രാധാന്യം നേടി. ഐസ്‌ലൻഡ് കഴിഞ്ഞാൽ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമാണ് മധ്യ അറ്റ്ലാൻ്റിക് സമുദ്രത്തിലെ ഈ ദ്വീപസമൂഹം. ഫിഫ റാങ്കിങ്ങിൽ നിലവിൽ 70ാം സ്ഥാനത്തുള്ള അവരുടെ വിളിപ്പേര് 'ബ്ലൂ ഷാർക്സ്' എന്നാണ്.
1975 വരെ പോർച്ചുഗലിൻ്റെ കോളനിയായിരുന്ന കേപ് വെർഡെ, 2026 ലോകകപ്പിന് യോഗ്യത നേടുന്ന മൂന്നാമത്തെ നവാഗതരാണ്. ഏഷ്യയിൽ നിന്ന് യോഗ്യത ഉറപ്പിച്ച ഉസ്ബെക്കിസ്ഥാനും ജോർദാനുമാണ് ആദ്യമായി ലോകകപ്പ് കളിക്കാനെത്തുന്ന മറ്റുള്ള രാജ്യങ്ങൾ.