

ബാഴ്സലോണ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബ്ബായ 'യുഇ കോർണെല്ല'യെ സ്വന്തമാക്കിയതായി കാറ്റലോണിയ ആസ്ഥാനമായുള്ള ക്ലബ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. മെസ്സിയുടെ കരിയറിലെ പുതിയ നാഴികക്കല്ലായി ഇത് മാറും.
യുഎസിൽ നടക്കുന്ന എംഎൽഎസ് ലീഗിൽ ഇൻ്റർ മയാമിക്കായി പന്ത് തട്ടുന്ന മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ക്ലബ്ബ് ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം സ്പാനിഷ് ക്ലബ്ബായ യുഇ കോർണെല്ലയുടെ വികസന പ്രവർത്തനങ്ങളുമായി സജീവമാകുമെന്നാണ് വിവരം.
പിഎസ്‌ജിയിലും ഇൻ്റർ മയാമിയിലും ചേരും മുമ്പ് ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങൾ കളിക്കുകയും 672 ഗോളുകൾ നേടുകയും ചെയ്ത മെസ്സി, മേഖലയിലെ പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കാനുള്ള തന്ത്രപരമായ ശ്രമത്തിൻ്റെ ഭാഗമായാണ് സ്പാനിഷ് ക്ലബ്ബിനെ ഏറ്റെടുത്തത്. കമ്പനിയുടെ 100 ശതമാനം ഓഹരിയും മെസ്സിയുടെ പേരിലാണ്. ബാഴ്സലോണയുമായി ഏറെ വർഷത്തെ അടുപ്പം കാത്തുസൂക്ഷിക്കുന്ന മെസ്സിക്ക് കാറ്റലോണിയ എന്ന പ്രദേശത്തെ ഫുട്ബോൾ റൂട്ട് ലെവലിൽ കൂടുതൽ വികസിപ്പിച്ചെടുക്കാനും പദ്ധതിയുണ്ട്.