
തിരുവനന്തപുരം: ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ആദ്യ ഇലവനിൽ ശക്തമായ അവകാശ വാദമുന്നയിച്ച് കേരള ക്രിക്കറ്റ് ലീഗിൽ സ്ഥിരതയാർന്ന പ്രകടനവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സൂപ്പർ താരം സഞ്ജു സാംസൺ.
ആദ്യ രണ്ട് മത്സരത്തിലും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല എങ്കിലും, അവസാനത്തെ മൂന്ന് മത്സരങ്ങളിലായി ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയും നേടാൻ സഞ്ജുവിനായി.
ഇന്ന് ട്രിവാൻഡ്രം റോയൽസിനെതിരെ 37 പന്തിൽ നിന്ന് 62 റൺസാണ് സഞ്ജു അടിച്ചെടുത്തത്. അഞ്ച് കൂറ്റൻ സിക്സറുകളും നാല് ഫോറുകളുമാണ് സാംസണിൻ്റെ ബാറ്റിൽ നിന്ന് പിറന്നത്. 167.57 ആയിരുന്നു ഈ മത്സരത്തിലെ സഞ്ജുവിൻ്റെ പ്രഹരശേഷി.
അഭിജിത്ത് പ്രവീണിൻ്റെ പന്തിൽ സഞ്ജീവ് സതെരേശന് ക്യാച്ച് സമ്മാനിച്ചാണ് ഓപ്പണറായ സഞ്ജു മടങ്ങിയത്. 14.4 ഓവറിൽ സഞ്ജു മടങ്ങുമ്പോൾ കൊച്ചിയുടെ സ്കോർ ബോർഡിൽ 127 റൺസ് കൂട്ടിച്ചേർത്തിരുന്നു.
കൊച്ചി ബ്ലൂ ടൈഗേഴ്സിനായി വിനൂപ് മനോഹരനും (26 പന്തിൽ 42), നിഖിൽ തോട്ടത്തും (35 പന്തിൽ 45) തിളങ്ങിയപ്പോൾ, അവസാന ഓവറുകളിഷ ജിബിൻ ജോബിയും (10 പന്തിൽ 26) തകർത്തടിച്ചു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് കൊച്ചി നേടിയത്.