യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ. ബയേൺ ചെൽസിയെയും ലിവർപൂൾ അത്ലറ്റിക്കോ മാഡ്രിഡിനെയും നേരിടും. നിലവിലെ ചാംപ്യന്മാരായ പിഎസ്ജിയും ഇന്നിറങ്ങും. ഫുട്ബോൾ ആരാധകർക്ക് ഇന്ന് ഉറക്കമില്ലാ രാത്രിയാണ്. സൂപ്പർ ടീമുകൾ നേർക്കുനേർ എത്തുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കും ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയുമായുള്ള മത്സരമാണ്.
ഏറ്റുമുട്ടിയ അവസാന അഞ്ച് മത്സരങ്ങളിൽ മുൻതൂക്കം ബയേണിന്. മൂന്ന് മത്സരങ്ങളാണ് ബയേൺ വിജയിച്ചത്. ചെൽസിയാക്കട്ടെ ഒന്നും. ഇതിനൊക്കെ കണക്ക് തീർക്കാനായിരിക്കും എൻസോയുടെ സംഘം ഇന്നിറങ്ങുന്നത്. എന്നാൽ ചെൽസികെതിരെ ആധിപത്യം തുടരാനായിരിക്കും ഹാരി കെയ്ൻ ഉൾപ്പെടെയുള്ള വജ്രായുധങ്ങളുമായി വിൻസെന്റ് കൊംപനി ബയേണിൻ്റെ തട്ടകമായ അല്ലിയൻസ് അറീനയിൽ ഇറങ്ങുക.
പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ ഡിയാഗോ ജോട്ടയില്ലാത്ത ആദ്യ ചാംപ്യൻസ് ലീഗിനാണ് ഇന്നിറങ്ങുന്നത്. സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡാണ് റെഡ്‌സിന്റെ എതിരാളികൾ. സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നതിന്റെ ആത്മവിശ്വാസവും ലിവർപൂളിനുണ്ട്. നിലവിലെ ചാംപ്യൻമാരായ പിഎസ്ജിയും ഇന്ന് കളത്തിലിറങ്ങും. ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റയാണ് ഫ്രഞ്ച് വമ്പന്മാരുടെ എതിരാളികൾ. മറ്റൊരു മത്സരത്തിൽ ഇൻ്റർമിലാൻ, അയാക്സിനെ നേരിടും. രാത്രി 12.30നാണ് എല്ലാ മത്സരങ്ങളും.