ഇന്ത്യൻ ഫുട്ബോൾ തലപ്പത്തെ പോര് തുടരുന്നു.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേയെരൂക്ഷമായി വിമർശിച്ച് മുൻതാരം ബൈച്ചുങ് ബൂട്ടിയ വീണ്ടും രംഗത്തെത്തി. ഒരു കോമാളി ഇന്ത്യൻ ഫുട്ബോളിനെ സർക്കസാക്കി മാറ്റിയെന്ന് ബൂട്ടിയ പറഞ്ഞു. അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ ഇന്ത്യൻ ഫുട്ബോൾ വികസനത്തിനുള്ള നിർദേശവുമായി വരണമെന്നാണ് ബൂട്ടിയക്ക് ചൗബേ മറുപടി നൽകിയത്.
എഐഎഫ്എഫ് അധ്യക്ഷൻ കല്യാൺ ചൗബേയാണ് ഇന്ത്യൻ ഫുട്ബോളിനെ നശിപ്പിക്കുന്നതെന്നും ചൗബേ രാജിവയ്ക്കണമെന്നും എക്‌സിക്യൂട്ടീവ് അംഗം കൂടിയായ മുൻതാരം ബൈച്ചുങ് ബൂട്ടിയ പരസ്യമായി പറഞ്ഞതോടെയാണ് പോർമുഖത്തിന് വഴിതുറന്നത്. പുതിയ ഫിഫ റാങ്കിംഗ് ചൂണ്ടിക്കാട്ടി ബൈച്ചുങ് ബൂട്ടിയ വിമർശനം കടുപ്പിക്കുകയാണ്. ഇന്ത്യ 133ആം റാങ്കിലാണെന്നത് ദൗർഭാഗ്യകരമാണ്. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിലെ പ്രകടനവും നമ്മളെ നിരാശപ്പെടുത്തുന്നുവെന്നും ബൂട്ടിയ പറഞ്ഞു.
നിങ്ങൾ ഒരു കോമാളിയെ അവിടെയിരുത്തിയപ്പോൾ അയാൾ ഇന്ത്യൻ ഫുട്ബോളിനെ സർക്കസാക്കി മാറ്റിയെന്നാണ് ബൂട്ടിയയുടെ വിമർശനം. 2022ലെ തെരഞ്ഞെടുപ്പിൽ ബൂട്ടിയയെ തോൽപ്പിച്ചാണ് ബിജെപി നേതാവ് കൂടിയായ കല്യാൺ ചൗബേ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ അധ്യക്ഷനായത്.
2026ൽ ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ഫുട്ബോൾ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്നായിരുന്നു മുൻപ് ചൗബേ പറഞ്ഞത്. എന്നാൽ 10 കൊല്ലം മുൻപ് അത് ആലോചിക്കണമായിരുന്നു എന്നാണ് ഇപ്പോൾ പറയുന്നത്. കല്യാൺ ചൗബേയ്ക്ക് വിഷൻ 2027നെക്കുറിച്ച് ഒന്നുമറിയില്ലെന്നും ബൂട്ടിയ പറഞ്ഞു. ബൂട്ടിയയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ ഇന്ത്യൻ ഫുട്ബോളിൻ്റെ ഔദ്യോഗിക പേജിൽ പ്രസിഡൻ്റിൻ്റെ പ്രസ്താവനയെത്തി.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ താറടിക്കുന്ന സമീപനമാണ് ബൂട്ടിയയുടേതെന്നാണ് കല്യാൺ ചൗബേയുടെ പ്രതികരണം. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഫുട്ബോളിനെ ബൂട്ടിയ മോശമായി ചിത്രീകരിക്കുന്നു. ജൂലൈ 2ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുത്ത് ഫുട്ബോൾ വികസനത്തിനായുള്ള നിർദേശം അവതരിപ്പിക്കാനും ചൗബേ ബൂട്ടിയയെ വെല്ലുവിളിച്ചു. ഫെഡറേഷൻ തലപ്പത്തെ പോര് രൂക്ഷമാകുമ്പോഴും ഇന്ത്യൻ ഫുട്ബോളിൻ്റെ പ്രകടനം താഴേക്ക് പോവുകയാണ്.