

സൗദി: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിളക്കമാർന്ന കരിയർ അതിൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇനിയുള്ള രണ്ട് മാസം അദ്ദേഹത്തിന് നിർണായകമാണ്. എഎഫ്‌സി ചാംപ്യൻസ് ലീഗ് 2 ഫൈനലിൽ ജപ്പാൻ ക്ലബായ ഗാംബ ഒസാക്കയോട് 1-0ന് അൽ നസർ തോറ്റെങ്കിലും, റൊണാൾഡോ സൗദി പ്രോ ലീഗ് കിരീടത്തിന് പുറമെ ലോകകപ്പ് കിരീടം ചൂടി ചുമലിലേറ്റുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് താരത്തിൻ്റെ ആരാധകർ. ടൂർണമെൻ്റിൽ ഇതുവരെ നടത്തിയ അപരാജിത കുതിപ്പും ആഭ്യന്തര ലീഗിൽ നടത്തി വരുന്ന മികച്ച പ്രകടനവും അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
അടുത്ത മാസം ആരംഭിക്കുന്ന ഫിഫ 2026 ലോകകപ്പിന് തയാറെടുത്തു കൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് ഇനി സൗദി പ്രോ ലീഗിൽ കിരീടം നേടാൻ കഴിഞ്ഞാൽ അത് അദ്ദേഹത്തിന് ലോകകപ്പിലേക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. ഈ സീസണിൽ അൽ നസറിന് വേണ്ടി 28 ഗോളുകൾ ഇതുവരെ നേടി മികച്ച ഫോമിലുള്ള റൊണാൾഡോയ്ക്ക് വരാനിരിക്കുന്ന ലോകകപ്പിലും ഇതേ ഫോം ആവർത്തിക്കാൻ കഴിഞ്ഞാൽ അത് പോർച്ചുഗലിനൊപ്പം ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള സുവർണാവവസരമാകും. പ്രതീക്ഷകൾക്കൊത്ത് ഉയർന്നാൽ ഒരു ബാലൻദ്യോർ പുരസ്‌കാരം കൂടി നേടാനുള്ള അവസരം അദ്ദേഹത്തിൻ്റെ കരിയറിൻ്റെ ഈ സമയത്തും ബാക്കിയാണ്.
തീർത്തും അപ്രതീക്ഷിതമായ സമയങ്ങളിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് ഒറ്റയ്ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാറുള്ള റൊണാൾഡോയ്ക്ക് ഈ വെല്ലുവിളി നിറഞ്ഞ നാളുകളെ കരിയറിലെ സുവർണ അധ്യായങ്ങളിൽ ഒന്നാക്കി മാറ്റാൻ കഴിയുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
പോർച്ചുഗലിൻ്റെ ലോകകപ്പിനുള്ള 26 അംഗ ടീമിൻ്റെ പ്രഖ്യാപനം കൂടി വൈകാതെ ഉണ്ടാകും. യൂറോപ്പിലെ വമ്പന്മാരെ കീഴടക്കി നേഷൻസ് ലീഗ് കിരീടം ചൂടിയ റോണോയുടെ പോർച്ചുഗൽ ഇക്കുറി ലോക കിരീടം ചൂടിയാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. കരിയറിൽ 1000 ഗോളുകൾ എന്ന അത്ഭുത നേട്ടം കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നുണ്ട്.