
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സീസണിലെ ആദ്യ ജയം നേടിയതോടെ യുണൈറ്റഡ് പ്രതാപ കാലത്തേക്ക് തിരിച്ചുവരുന്നത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഓള്‍ഡ് ട്രാഫോഡില്‍ സ്വന്തം ആരാധകര്‍ക്ക് മുന്‍പില്‍ ആവേശകരമായ മത്സരത്തില്‍ ബേണ്‍ലിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെകുത്താന്‍മാര്‍ മുട്ടുകുത്തിച്ചത്.
ബേണ്‍ലിക്കെതിരെ 27-ാം മിനിറ്റില്‍ ജോഷ് ക്യുള്ളന്റെ സെല്‍ഫ് ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തി. 55-ം മിനിറ്റില്‍ ബേണ്‍ലി തിരിച്ചടിച്ചു. 57-ാം മിനിറ്റില്‍ ബ്രയാന്‍ എംബ്യുമോ യുണൈറ്റഡിന് വീണ്ടും ലീഡ് സമ്മനിച്ചു. എന്നാല്‍ 66-ാം മിനിറ്റില്‍ ജെയ്ഡന്‍ ആന്റണിയിലൂടെ ബേണ്‍ലി മത്സരം വീണ്ടും സമനിലയിലാക്കി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ പെനാല്‍റ്റി ഗോളാക്കി നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ചെകുത്താന്‍മാര്‍ക്ക് ആദ്യ ജയം സമ്മാനിച്ചു.
മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗിലെ മുന്‍ ജേതാക്കളായ ചെല്‍സി ഫുള്‍ഹാമിനെ മറുപടിയില്ലത്ത രണ്ട് ഗോളിന് തകര്‍ത്തു. യാവോ പെഡ്രോയും എന്‍സോ ഫെര്‍ണാണ്ടസുമാണ് ചെല്‍സിക്കായി വല കുലുക്കിയത്. ലീഗിലെ രണ്ടാം ജയത്തോടെ ഏഴ് പോയിന്റുമായി ചെല്‍സി ഒന്നാമത്തെതി.
പ്രീമിയര്‍ ലീഗിലെ മറ്റു മത്സരങ്ങളില്‍ ബേണ്‍മൗത്ത് ടോട്ടനം ഹോട്സ്പര്‍സിനെ അട്ടിമറിച്ചു. എതിരില്ലത്ത ഒരു ഗോളിനായിരുന്നു ബേണ്‍മൗത്തിന്റെ ജയം. സണ്ടര്‍ലാന്‍ഡ് ബ്രെന്റ്ഫോര്‍ഡിനെയും എവര്‍ട്ടണ്‍ വോള്‍വ്സിനെയും കീഴടക്കി. ന്യൂ കാസ്റ്റില്‍ ലീഡ്‌സ് മത്സരം സമനിലയില്‍ കലാശിച്ചു.
അതേസമയം, സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണാബ്യുവിലെ ആരാധകര്‍ക്ക് മുന്നില്‍ മയോര്‍ക്കയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് തകര്‍ത്തത്. മത്സരം സമനിലയാക്കാന്‍ മയോര്‍ക്ക കിണഞ്ഞ് പരിശ്രമിച്ചെങ്കിലും റയലിന്റെ പ്രതിരോധ കോട്ടയെ തകര്‍ക്കാനായില്ല. റയലിനായി അര്‍ദ ഗുലറും വിനീഷിയാസ് ജൂനിയറുമാണ് ഗോള്‍ കണ്ടെത്തിയത്. ഒന്‍പത് പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി റയല്‍.