
ഫിഫ ക്ലബ് ലോകകപ്പിൽ പാരീസ് സെന്റ്-ജെർമെയ്‌നും (പിഎസ്‌ജി) ബയേൺ മ്യൂണിക്കിനും വിജയത്തുടക്കം. ഗ്രൂപ്പ് ബി മത്സരത്തില്‍ പിഎസ്ജി അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-0ന് പരാജയപ്പെടുത്തിയപ്പോള്‍ സിൻസിനാറ്റിയിൽ അമച്വർ ടീമായ ഓക്ക്‌ലൻഡ് സിറ്റിക്കെതിരെയായിരുന്നു ബയേൺ മ്യൂണിക്കിന്റെ വിജയം (10-0).
പസഡെനയിലെ റോസ് ബൗളിൽ 80,619 കാണികളെ സാക്ഷിയാക്കിയായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ പിഎസ്‍ജിയുടെ ജയം. ആദ്യ പകുതിയിൽ ഫാബിയൻ റൂയിസും (19') വിറ്റിൻഹയും (45+1') ഗോൾ നേടി പിഎസ്‌ജിക്ക് വ്യക്തമായ മേല്‍ക്കൈ നല്‍കി. പിഎസ്‌ജിക്കായി സെന്നി മയുലുവും (87') ലീ കാങ്ങും (90+7 കൂടി ഗോളുകള്‍ കണ്ടെത്തിയതോടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പരാജയം പൂർത്തിയായി.
ഗ്രൂപ്പ് സിയില്‍ ന്യൂസീലൻഡ് ക്ലബായ ഓക്ക്‌ലൻഡ് സിറ്റിക്കെതിരെയായ ജർമൻ ബുണ്ടസ് ലീഗ് ചാംപ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ വിജയം ആധികാരികമായിരുന്നു. എതിരില്ലാത്ത 10 ഗോളുകള്‍ക്കാണ് ബയേണ്‍ ജയിച്ചുകയറിയത്. പകരക്കാരനായി ഇറങ്ങിയ ജമാൽ മുസിയാല ഹാട്രിക് നേടി. 67,73,84 മിനിറ്റുകളിലാണ് മുസിയാല ലക്ഷ്യം കണ്ടത്. കിങ്സ്ലി കൊമാൻ (6',21'), മൈക്കേൽ ഒലിസെ (20', 45+3'), തോമസ് മുള്ളർ (45',89') എന്നിവർ രണ്ട് വീതം ഗോളും നേടി. സാച്ച ബോയ് (18') ആണ് ഗോള്‍ കണ്ടെത്തിയ മറ്റൊരു ബയേണ്‍ താരം.
ബോക്ക ജൂനിയേഴ്‌സിനും ബെൻഫിക്കയ്ക്കുമെതിരായ വരാനിരിക്കുന്ന ഗ്രൂപ്പ് സി മത്സരങ്ങളിൽ ബയേൺ മ്യൂണിക്ക് കടുത്ത മത്സരം നേരിടേണ്ടിവന്നേക്കും. വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ബോട്ടഫോഗോ ആണ് പിഎസ്‌ജിയുടെ എതിരാളികള്‍. ടൂർണമെന്റ് ഫേവറേറ്റുകളായ പിഎസ്‌ജി അപരാജിതരായി കപ്പുയർത്താനാണ് ലക്ഷ്യംവയ്ക്കുന്നത്.