
ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ വമ്പൻ അട്ടിമറിയുമായി ഒരു സൗദി ക്ലബ്ബ്. ആവേശപ്പോരിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ സൗദി ക്ലബ്ബായ അൽ ഹിലാലാണ് 4-3ന് വീഴ്ത്തിയത്.
നിശ്ചിത സമയത്ത് 3-3 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്ന് അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ ഹിലാലിന്റെ വിജയം.
ഇതാദ്യമായാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകകപ്പിൽ ഒരു മത്സരത്തിൽ പരാജയപ്പെടുന്നത്. മുമ്പ് ബാഴ്സലോണ, ബയേൺ മ്യൂണിക് ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുള്ള പെപ് ഗ്വാർഡിയോള ഇതാദ്യമായി ക്ലബ് ലോകകപ്പിലെ ഒരു മത്സരത്തിൽ പരാജയപ്പെട്ടു.
അതേസമയം, മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ലീഗിലെ വമ്പന്മാരായ ഇൻ്റർ മിലാനെ ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസ് തകർത്തു. എതിരില്ലാത്ത രണ്ട് ഗോളിനാണ് യൂറോപ്യൻ വമ്പന്മാരെ ബ്രസീലിയൻ ക്ലബ് തകർത്തത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ജെർമൻ കനോയിലൂടെ ലീഡെടുത്ത ഫ്ലൂമിനൻസെ, 93ാം മിനിറ്റിൽ രണ്ടാം ഗോളിലൂടെ ജയം ഉറപ്പാക്കി.