

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബ്രസീലിയന്‍ പാളയത്തില്‍ ആശങ്ക. സൂപ്പര്‍ താരം നെയ്മറുടെ പരിക്കാണ് ആരാധകരേയും ടീമിനേയും ആശങ്കയിലാക്കുന്നത്. സാന്‍ ലോറെന്‍സോയ്ക്കെതിരെ ബുധനാഴ്ച നടന്ന സാന്റോസിന്റെ ഹോം കോപ്പ സുഡാമേരിക്കാന മത്സരത്തിനിടെയാണ് നെയ്മറുടെ കണങ്കാലിന് പരിക്കേറ്റത്.
പരിക്ക് കാരണം 34 കാരനായ താരത്തിന് കളിക്കാനായില്ല. എന്നാല്‍, പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ബ്രസീലിയന്‍ ക്ലബ്ബ് അറിയിച്ചിരിക്കുന്നത്. മെയ് 27 ന് നടക്കുന്ന ബ്രസീലിന്റെ ആദ്യ ലോകകപ്പ് പരിശീലന ക്യാമ്പില്‍ നെയ്മര്‍ പങ്കെടുക്കുമെന്ന് സാന്റോസ് ടീം ഡോക്ടര്‍ റോഡ്രിഗോ സൊഗൈബ് അറിയിച്ചു.
പൂര്‍ണ ഫിറ്റ്‌നസോടെയോ അല്ലെങ്കില്‍, അതിനടുത്ത അവസ്ഥയിലോ നെയ്മര്‍ ക്യാമ്പില്‍ ഉണ്ടാകുമെന്നാണ് ഡോക്ടറുടെ ഉറപ്പ്. അടുത്ത ചൊവ്വാഴ്ച ഡിപോര്‍ട്ടീവോ ക്യൂന്‍കയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ താരം കളിച്ചേക്കുമെന്നും ഡോക്ടര്‍ അറിയിച്ചു.
ലോകകപ്പിലേക്കുള്ള ബ്രസീലിയന്‍ ടീമില്‍ നെയ്മര്‍ ഉള്‍പ്പെട്ടത് വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ടീമില്‍ ഉള്‍പ്പെട്ടതറിഞ്ഞ ശേഷം കണ്ണ് നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.
2023 ഒക്ടോബറിലെ പരിക്കിന് ശേഷം നെയ്മറെ ബ്രസീല്‍ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നെയ്മറെ 26 അംഗ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ സമീപകാല ഫോം മാത്രം നോക്കിയല്ല എന്നാണ് ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി വ്യക്തമാക്കിയത്.
ബ്രസീലിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളാണ് നെയ്മര്‍. ബ്രസീലിനായി 128 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 79 ഗോളുകളാണ് താരം നേടിയത്. 2023 ഒക്ടോബറിലാണ് രാജ്യത്തിനായി നെയ്മര്‍ അവസാനമായി ബൂട്ടണിഞ്ഞത്. ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ബാഴ്സലോണയുടെയും പാരീസ് സെന്റ് ജര്‍മന്റെയും മുന്‍ താരമായ നെയ്മര്‍, അതിനുശേഷം പരിക്കുകളോട് നിരന്തരം പോരാടുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്റെ പഴയ ക്ലബായ സാന്റോസിലേക്ക് തിരിച്ചെത്തിയ ശേഷം എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി 38 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ മാത്രമാണ് നേടാനായത്.
ലോകകപ്പിലെ ആദ്യ മത്സരത്തിനു മുമ്പ് നെയ്മര്‍ക്ക് ശാരീരിക ക്ഷമത മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ആഞ്ചലോട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നെയ്മറുടെ അനുഭവ സമ്പത്തും ടീമംഗങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹവും ലോകകപ്പ് ടീമിനുള്ളില്‍ മികച്ച അന്തരീക്ഷമുണ്ടാക്കുമെന്നുമാണ് ആഞ്ചലോട്ടിയുടെ പ്രതീക്ഷകള്‍.
ജൂണ്‍ 11 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് മത്സരം. ജൂണ്‍ 13 ന് മൊറോക്കോയ്‌ക്കെതിരെ ന്യൂജേഴ്‌സിയില്‍ വെച്ചാണ് ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് സിയില്‍ ഹെയ്തി, സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് ബ്രസീലിന്റെ മറ്റ് എതിരാളികള്‍.
നെയ്മറിന്റെ നാലാം ലോകകപ്പാണിത്. 201, 2018, 2022 ലോകകപ്പുകളില്‍ ഭാഗമായ നെയ്മര്‍ ഈ വര്‍ഷം കൂടി ലോകകപ്പില്‍ എത്തുന്നതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ പങ്കെടുത്ത താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തും. ലിയാവോ, കഫു, റൊണാള്‍ഡോ, തിയാഗോ സില്‍വ എന്നിവരുടെ പേരിനൊപ്പം നെയ്മറുടെ പേര് കൂടി എഴുതിച്ചേര്‍ക്കാം.
കൂടാതെ, ഇതിഹാസ താരം പെലെക്ക് ശേഷം ബ്രസീലിന്റെ പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞ് നാല് ലോകകപ്പുകളില്‍ കളിക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും നെയ്മറിനെ കാത്തിരിക്കുന്നു.ലോകകപ്പില്‍ ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളും 3 അസിസ്റ്റുകളുമാണ് നെയ്മറിന്റെ സമ്പാദ്യം.