

ഡൽഹി: അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ജൂൺ 11ന് ആരംഭിക്കുന്ന 2026 ഫിഫ ലോകകപ്പിൻ്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണ പങ്കാളിയെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ലോകമെമ്പാടുമുള്ള 175ലധികം രാജ്യങ്ങളിൽ സംപ്രേക്ഷണ കരാറുകൾ ഫിഫ ഇതിനോടകം പൂർത്തിയാക്കിയെങ്കിലും ഇന്ത്യയിലെ സംപ്രേഷണ അവകാശവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
സംപ്രേഷണാവകാശം കൈമാറാനായി ഫിഫ ആവശ്യപ്പെടുന്ന തുകയും ഇന്ത്യയിലെ ബ്രോഡ്‌കാസ്റ്റർമാർ നൽകാൻ തയാറാകുന്ന തുകയും തമ്മിലുള്ള അന്തരമാണ് പ്രധാന വെല്ലുവിളി. 2026, 2030 ലോകകപ്പുകൾക്ക് വേണ്ടിയുള്ള ഇന്ത്യൻ സംപ്രേഷണാവകാശം ഒരുമിച്ച് ഏകദേശം 100 ദശലക്ഷം ഡോളറിന് വിൽക്കാൻ ആയിരുന്നു ഫിഫ തുടക്കത്തിൽ ശ്രമിച്ചിരുന്നത്. 2026 പതിപ്പിനായി 20 ദശലക്ഷം ഡോളറിൻ്റെ ഓഫർ ജിയോ ഹോട്ട്‌സ്റ്റാർ മുന്നോട്ട് വച്ചെങ്കിലും ഫിഫ അത് നിരസിച്ചിരുന്നു.
2022 ഫിഫ ലോകകപ്പ് സംപ്രേഷണം 60 ദശലക്ഷം ഡോളറിന് റിലയൻസിന് കീഴിലുള്ള 'വയാകോം 18' ആയിരുന്നു എടുത്തിരുന്നത്. ജിയോ സിനിമയിലൂടെ 110 ദശലക്ഷത്തിലധികം ആളുകളായിരുന്നു കഴിഞ്ഞ തവണത്തെ ലോകകപ്പ് കണ്ടത്. അർജൻ്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനലിന് മാത്രം 32 ദശലക്ഷത്തോളം കാഴ്ചക്കാരായിരുന്നു ഉണ്ടായിരുന്നത്.
2026 ലോകകപ്പിലേക്ക് വരുമ്പോൾ അധികം മത്സരവും ഇന്ത്യൻ സമയം രാത്രി വൈകിയും അതിരാവിലെയും ആയിരിക്കും നടക്കുക. അത് കാഴ്ചക്കാരുടെ എണ്ണത്തിനെ ബാധിച്ചേക്കാം എന്ന ആശങ്കയുണ്ട് ബ്രോഡ്‌കാസ്റ്റർമാർക്ക് ഉണ്ട്. മാത്രമല്ല ക്രിക്കറ്റ് മത്സരങ്ങളെ അപേക്ഷിച്ച് ഫുട്ബോൾ മത്സരങ്ങൾക്കിടയിൽ പരസ്യങ്ങൾ നൽകാൻ ലഭിക്കുന്ന സമയം വളരെ കുറവാണ് എന്നതും വലിയൊരു തുക മുടക്കി സംപ്രേഷണാവകാശം എടുക്കുന്നതിൽ നിന്ന് ചാനലുകളെ പിന്നോട്ട് വലിക്കുന്നുണ്ട്.
പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡിഡി സ്പോർട്സ് വഴി ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണം നടന്നേക്കാം എന്ന അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്. പ്രസാർ ഭാരതിയും ഫിഫയും തമ്മിൽ ഈ വിഷയത്തിൽ ചർച്ചകൾ നടന്നെന്ന തരത്തിലുള്ള റിപോർട്ടുകൾ മുൻപ് പുറത്ത് വന്നിരുന്നു. മറ്റ് നെറ്റ്‍വർക്കുകളിൽ നിന്ന് വ്യത്യസ്തമായി ദൂരദർശൻ പൊതുമേഖലാ ബ്രോഡ്കാസ്റ്റർ ആയതിനാൽ രാജ്യത്തുടനീളമുള്ള ഫുട്ബോൾ പ്രേമികൾക്ക് സൗജന്യമായി മത്സരങ്ങൾ കാണാൻ ഇത് വഴിയൊരുക്കും. മുൻപ് 2023 ഫിഫ വനിതാ ലോകകപ്പ് ഡിഡി സ്പോർട്സ് സംപ്രേഷണം ചെയ്തിരുന്നു.
എന്തിരുന്നാലും ജിയോ ഹോട്ട്സ്റ്റാർ പോലെ വലിയൊരു ഡിജിറ്റൽ സ്ട്രീമിങ് സൗകര്യം ഡിഡി സ്പോർട്സിനില്ല എന്നുള്ളത് ഒരു വലിയ പോരായ്മ തന്നെയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ സ്പോർട്സ് സ്ട്രീമിംഗ് മേഖലയുടെ ഭൂരിഭാഗവും കയ്യിലുള്ള ജിയോ സ്റ്റാറും ഫിഫയും തമ്മിൽ വിട്ടുവീഴ്ചകളിലൂടെ ഒരു സമവായത്തിൽ എത്താനാണ് നിലവിൽ സാധ്യത കൂടുതൽ.