

ഡൽഹി: 2026 ഫുട്ബോൾ ലോകകപ്പിൻ്റെ രാജ്യത്തെ സംപ്രേഷണം സംബന്ധിച്ച് ചർച്ചകൾ തുടരുമ്പോഴും അൽപ്പം ആശ്വാസം പകരുന്നൊരു റൂമർ ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ മുൻ ജനറൽ സെക്രട്ടറിയായ ഷാജി പ്രഭാകരൻ നൽകുന്ന സൂചനകൾ പ്രകാരം.. 2026, 2030 ഫുട്ബോൾ ലോകകപ്പുകളുടെ സംപ്രേഷണാവകാശം നേടിയെടുക്കാൻ സീ നെറ്റ്‌വർക്ക് രംഗത്തെത്തിയിട്ടുണ്ട്. സോണിയും ഫാൻകോഡും ജിയോ ഹോട്ട്‌സ്റ്റാറുമെല്ലാം ഇതിനോടകം ഇന്ത്യയിലെ ലോകകപ്പ് ടെലികാസ്റ്റിങ്ങിൽ നിന്ന് പിന്മാറിയതിനാൽ സ്വാഭാവികമായും സീ നെറ്റ്‌വർക്ക് റൈറ്റ്സ് വാങ്ങിയെടുക്കുമെന്നാണ് സൂചന.
ടെലികാസ്റ്റിന് ആളെ കിട്ടാതായതോടെ രണ്ട് ഫുട്ബോൾ ലോകകപ്പുകളുടെ സംപ്രേഷണാവകാശം 35 മില്ല്യൺ ഡോളറിന് കൈമാറാമെന്ന പിടിവാശി ഫിഫ ഉപേക്ഷിച്ചിരിക്കാമെന്നാണ് സൂചന. ആദ്യം 100 മില്ല്യൺ ഡോളർ വിലയിട്ടിരുന്ന ഇന്ത്യയിലെ റൈറ്റ്സ്... ഏറ്റവുമൊടുവിലായി 20 മില്ല്യൺ ഡോളറിലേക്ക് കുറച്ചെന്നും റിപ്പോർട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഫിഫയും കരാറിലെത്തിയ മീഡിയ കമ്പനിയും ചേർന്ന് ഈ സന്തോഷ വാർത്ത പ്രഖ്യാപിക്കുമെന്നാണ് ഷാജി പ്രഭാകരൻ പറയുന്നത്.
'ഫിഫ ടിവി സർവീസസി'ൻ്റെ പ്രതിനിധിയായ ഇയാൻ വിൽസണും ടീമും ഡൽഹിയിലും മുംബൈയിലും ചുറ്റിക്കറങ്ങി നിരവധി കമ്പനികളുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിൻ്റെ പൂർണ വിവരങ്ങൾ വരും ദിവസങ്ങളിൽ തന്നെ അറിയാനാകും.ഫിഫയ്ക്ക് ഇതുവരെ സംപ്രേഷണ അവകാശം ഉറപ്പാക്കാൻ സാധിക്കാത്ത അവസാനത്തെ പ്രധാന വിപണിയാണ് ഇന്ത്യ. കഴിഞ്ഞ ആഴ്ച, ഈ ഭരണസമിതി ലോകകപ്പ് ചൈനയിൽ സംപ്രേഷണം ചെയ്യുന്നതിന് സിസിടിവിയുമായി ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു. ആ കരാറിൽ 2026, 2030 പുരുഷ ലോകകപ്പുകളും 2027, 2031 വനിതാ ലോകകപ്പുകളും ഉൾപ്പെടുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മത്സരങ്ങളുടെ സമയക്രമമാണ് പ്രധാന വെല്ലുവിളികളിലൊന്ന്. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 104 മത്സരങ്ങളിൽ 90 ശതമാനവും ഇന്ത്യൻ സമയം അർധരാത്രിക്കും പുലർച്ചെ 6 മണിക്കും ഇടയിലാണ്. പ്രത്യേകിച്ച് ഇന്ത്യ ഈ ടൂർണമെൻ്റൽ കളിക്കാത്ത സാഹചര്യത്തിൽ പരസ്യദാതാക്കൾക്ക് ഇതൊരു ബുദ്ധിമുട്ടേറിയ സമയക്രമമാണ്.
ഫുട്ബോൾ ലോകകപ്പ് ദേശീയ താൽപ്പര്യമുള്ള കായിക പരിപാടിയായതിനാൽ '2007ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിങ് സിഗ്നൽസ് ആക്ട്' പ്രകാരം പ്രസാർ ഭാരതിയുമായി പങ്കുവയ്‌ക്കേണ്ടി വരും. അതിനാൽ ഇനി സീ വന്നില്ലെങ്കിലും ദൂരദർശനിലൂടെ കാണാമെന്നതിനാൽ ഇന്ത്യക്കാരായ ഫുട്ബോൾ പ്രേമികൾ നിരാശരാകേണ്ടതില്ല.