നീണ്ട കാത്തിരിപ്പിനൊടുവിൽ അറേബ്യൻ മണ്ണിലെ കിരീട നേട്ടം; വിമർശകർക്കുള്ള മറുപടിയുമായി ക്രിസ്റ്റ്യാനോ

2019 - 20 സീസണിൽ യുവൻ്റസിന്നൊപ്പം ഇറ്റാലിയൻ സീരി എ കിരീടം നേടിയതിന് ശേഷം റൊണാൾഡോയുടെ ആദ്യ ലീഗ് കിരീടമാണിത്.
നീണ്ട കാത്തിരിപ്പിനൊടുവിൽ അറേബ്യൻ മണ്ണിലെ കിരീട നേട്ടം; വിമർശകർക്കുള്ള മറുപടിയുമായി ക്രിസ്റ്റ്യാനോ
X (Twitter)
Published on
Updated on

കരിയർ അവസാനിച്ചു എന്ന് വിധിയെഴുതിയ വിമർശകർക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശക്തമായ മറുപടിയാണ് സൗദി പ്രോ ലീഗ് സീസണിലെ അൽ നസറിൻ്റെ കിരീട നേട്ടം. നീണ്ട കാത്തിരിപ്പിനൊടുവിൽ ദമാക്ക് എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ 4-1ന്റെ തകർപ്പൻ ജയം നേടിയാണ് അൽ നസർ കിരീടമുയർത്തിയത്. 2019-ന് ശേഷം അൽ നസർ നേടുന്ന ആദ്യ ലീഗ് കിരീടമാണിത്.

റൊണാൾഡോയുടെ ചിറകിലേറിയാണ് സീസണിൽ ഉടനീളം അൽ നസർ മുന്നേറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ നിരാശാജനകമായ രണ്ടാമത്തെ വരവും വിവാദങ്ങളും മുതൽ തൻ്റെ പ്രതാപകാലം കഴിഞ്ഞെന്ന തരത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഉയർന്നുകൊണ്ടിരിക്കുന്ന വിമർശനങ്ങളുടെ വായടപ്പിച്ചിരിക്കുകയാണ് റൊണാൾഡോ.

അവസാന മത്സരത്തിന് ഇറങ്ങിയ അൽ നസറിന് വേണ്ടി റൊണാൾഡോയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. സാദിയോ മാനെയും കിങ്സ്ലി കോമാനും ആദ്യ പകുതിയിൽ ടീമിന് ലീഡ് നൽകിയതിന് പിന്നാലെ ഒരു ഗോൾ ദമാക്ക് മടക്കിയെങ്കിലും രണ്ടാം പകുതിയിൽ റൊണാൾഡോ ഇരട്ട ഗോളുകളോടെ തൻ്റെ വിശ്വരൂപം പുറത്തെടുത്തു. 63-ാം മിനിറ്റിൽ എതിർ പ്രതിരോധത്തെ ഭേദിച്ച് തന്റെ ട്രേഡ്മാർക്ക് ശൈലിയിൽ ഉള്ള ഫ്രീക്കിക്ക് ഗോളും, 80-ാം മിനിറ്റിൽ ഒരു ക്ലോസ്-റേഞ്ച് ഫിനിഷോടെയും കളം നിറഞ്ഞ അദ്ദേഹം നിർണായക സമയത്ത് ടീമിൻ്റെ രക്ഷകനായി പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു. കിരീടമുറപ്പിച്ച ശേഷം മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ നിറഞ്ഞ കണ്ണുകളോടെയാണ് അദ്ദേഹം ഡഗ്ഔട്ടിലേക്ക് മടങ്ങിയത്.

നീണ്ട കാത്തിരിപ്പിനൊടുവിൽ അറേബ്യൻ മണ്ണിലെ കിരീട നേട്ടം; വിമർശകർക്കുള്ള മറുപടിയുമായി ക്രിസ്റ്റ്യാനോ
ഏഴ് വർഷത്തിനിപ്പുറം വീണ്ടും സൗദി ലീഗ് ചാംപ്യന്മാരായി അൽ നസർ; ഇരട്ട ഗോളുകളുമായി തിളങ്ങി ക്രിസ്റ്റ്യാനോ
X (Twitter)

മാഞ്ചസ്റ്റർ യുണൈറ്റഡിലെ പടിയിറക്കം റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മോശം സമയമായാണ് വിലയിരുത്തപ്പെട്ടത്. യൂറോപ്യൻ ഫുട്ബോളിനോട് വിടപറഞ്ഞ് സൗദി അറേബ്യയിലേക്ക് ചേക്കേറിയപ്പോൾ, അതൊരു കീഴടങ്ങലായി പലരും വ്യാഖ്യാനിച്ചു. വിസ്മയങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ ആ പഴയ റൊണാൾഡോ ഇനിയില്ല എന്ന് പോലും പലരും വിധിയെഴുതി. അൽ നസറിനൊപ്പമുള്ള ആദ്യ സീസണുകളിൽ 2023-ലെ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന് പുറമെ ഒരു പ്രധാന കിരീടം നേടാൻ കഴിയാഞ്ഞതും ഈ വിമർശനങ്ങൾ ശക്തമാക്കി. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് അൽ നാസർ കുപ്പായത്തിലെ തൻ്റെ ഗോൾനേട്ടം നൂറ് കടത്തിയ റൊണാൾഡോ, ഈ ലീഗ് വിജയത്തോടുകൂടി ഇന്നും വിജയങ്ങളോടുള്ള തൻ്റെ അടങ്ങാത്ത ദാഹത്തിനെ അടിവരയിട്ട് ഉയർത്തിപിടിക്കുന്നുണ്ട്.

2019 - 20 സീസണിൽ യുവൻ്റസിനൊപ്പം ഇറ്റാലിയൻ സീരി എ കിരീടം നേടിയതിന് ശേഷം റൊണാൾഡോ നേടുന്ന ആദ്യ ലീഗ് കിരീടമാണിത്. ഇതോടെ, ജാവോ ക്യാൻസലോയിക്ക് ശേഷം അഞ്ച് വ്യത്യസ്ത രാജ്യങ്ങളിൽ ചാമ്പ്യനാവുക എന്ന അപൂർവ്വ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. പോർച്ചുഗലിൽ സ്പോർട്ടിങ് സിപിയിലൂടെ തുടങ്ങിയ ആ കിരീട വേട്ട, ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും സ്പെയിനിൽ റയൽ മാഡ്രിഡിലും ഇറ്റലിയിൽ യുവന്റസിലും ഒടുവിൽ ഇപ്പോൾ സൗദി അറേബ്യയിൽ അൽ നാസറിലും എത്തിനിൽക്കുന്നു.

ANI

അൽ നസറിൻ്റെ ഈ കിരീട നേട്ടത്തിൽ റൊണാൾഡോയുടെ വ്യക്തിഗത മികവ് വളരെ വലുതാണ്. ഈ സീസണിൽ സൗദി പ്രോ ലീഗിൽ അൽ നസറിനായി 28 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. ദമാക്കിനെതിരായ മത്സരത്തിൽ നേടിയ രണ്ട് ഗോളുകളോടെ റൊണാൾഡോയുടെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 973-ൽ എത്തിയിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്‌.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കഠിനാധ്വാനത്തിൻ്റെയും ശാരീരികക്ഷമതയുടെയും ഉത്തമ ഉദാഹരണം കൂടിയാണ് ഈ ലീഗ് കിരീട നേട്ടം. 41 വയസ്സുള്ള അദ്ദേഹം അടുത്ത മാസം നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിനായി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ്. ആറാമത്തെ ലോകകപ്പ് എന്ന ചരിത്ര നേട്ടത്തിലേക്ക് നടന്നടുക്കുമ്പോൾ നിലവിലെ തകർപ്പൻ ഫോമും കിരീട നേട്ടവും നൽകുന്ന ആത്മവിശ്വാസവും പോർച്ചുഗൽ ടീമിന് വലിയ മുതൽക്കൂട്ടാകും. വിജയങ്ങളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശവും വർഷങ്ങളുടെ പരിചയസമ്പത്തും, പോർച്ചുഗലിൻ്റെ ലോകകപ്പ് മുന്നേറ്റങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

നീണ്ട കാത്തിരിപ്പിനൊടുവിൽ അറേബ്യൻ മണ്ണിലെ കിരീട നേട്ടം; വിമർശകർക്കുള്ള മറുപടിയുമായി ക്രിസ്റ്റ്യാനോ
നെയ്മറിന് വീണ്ടും പരിക്ക്; ബ്രസീല്‍ പാളയത്തില്‍ ആശങ്ക
News Malayalam 24x7
newsmalayalam.com