

ടെഹ്റാൻ: 2026 ഫിഫ ലോകകപ്പിനുള്ള തങ്ങളുടെ പരിശീലന ക്യാമ്പ് യുഎസിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റിയതായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ആദ്യം അരിസോണയിലെ ടക്സണിലായിരുന്നു ഇറാൻ്റെ ബേസ് ക്യാമ്പ് നിശ്ചയിച്ചിരുന്നതെങ്കിലും വിസ പ്രശ്നങ്ങളും സുരക്ഷാ ആശങ്കകളും പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം. ഫിഫ അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ക്യാമ്പ് മാറ്റാനുള്ള അനുമതി ലഭിച്ചതെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് മെഹ്ദി താജ് വ്യക്തമാക്കി. മെക്സിക്കോയിലെ ടിജ്വാനയിലാണ് ഇറാൻ്റെ പുതിയ താവളമൊരുക്കുന്നത്.
പസഫിക് സമുദ്രത്തോട് ചേർന്നും യുഎസ്-മെക്സിക്കോ അതിർത്തിയിലുമായാണ് ടിജ്വാന സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള മാറ്റം ടീമിൻ്റെ യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും, ഇറാൻ എയർ സർവീസ് ഉപയോഗിച്ച് നേരിട്ട് മെക്സിക്കോയിലേക്ക് ടീമിന് എത്താൻ സാധിക്കുമെന്നും മെഹ്ദി താജ് പറഞ്ഞു.
ലോകകപ്പ് വേദികളിലേക്കുള്ള ദൂരമാണ് ഇതിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം. ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഗ്രൂപ്പ് ജി മത്സരങ്ങളിലേക്ക് ടിജ്വാനയിൽ നിന്ന് വെറും 55 മിനിറ്റ് വിമാനയാത്ര മതിയാകും. ജൂൺ 15ന് ന്യൂസിലൻഡിനെതിരെയും ജൂൺ 21ന് ബെൽജിയത്തിനെതിരെയും ലോസ് ഏഞ്ചൽസിലാണ് ഇറാൻ പന്തുതട്ടുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജൂൺ 26ന് സിയാറ്റിലിൽ വെച്ച് ഈജിപ്തിനെ നേരിടും.
യുഎസും-ഇസ്രയേലും ഇറാന് നേരെ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് ഇറാൻ്റെ ലോകകപ്പ് പങ്കാളിത്തം തന്നെ അനിശ്ചിതത്വത്തിലായിരുന്നു. ഇറാൻ താരങ്ങൾക്കും ഒഫീഷ്യൽ സംഘത്തിനും യുഎസ് വിസ കാലതാമസം നേരിട്ടതും ആശങ്ക കൂട്ടി. ടീമിൻ്റെ പരിശീലന ക്യാമ്പ് തുർക്കിയിൽ സംഘടിപ്പിച്ച ഘട്ടത്തിലാണ് വിസ നടപടികൾ മുന്നോട്ട് പോയതെന്നും റിപ്പോർട്ടുകളുണ്ട്.