ചരിത്രം തിരുത്തുന്ന പെൺപുലികൾ; ഇന്ത്യക്കിത് പുതിയ പ്രതീക്ഷ

ചരിത്രത്തിലാദ്യമായി യോഗ്യതാ റൗണ്ട് ജയിച്ച് ഏഷ്യൻകപ്പ് യോഗ്യതയുറപ്പിച്ചിരിക്കുന്നു ഇന്ത്യൻ വനിതാടീം
ചരിത്രം തിരുത്തുന്ന പെൺപുലികൾ; ഇന്ത്യക്കിത് പുതിയ പ്രതീക്ഷ
Published on

ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന് കുറച്ചുനാളുകളായി മോശം കാലമാണ്. ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. ഐ ലീഗിൽ ചാംപ്യൻമാരെ തീരുമാനിച്ചതിനെതിരെ കായികതർക്ക പരിഹാര കോടതി വിധിയിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നാണംകെട്ടു. തുടർതോൽവികൾക്കിടയിൽ പരിശീലകനെ എഐഎഫ്എഫ് പുറത്താക്കി. നല്ലൊരു സ്ട്രൈക്കറുടെ അഭാവം പരിഹരിക്കാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച നാൽപ്പതുകാരൻ സുനിൽ ഛേത്രിയെ തിരികെവിളിക്കേണ്ടി വന്നു. നിലവിലെ ഫെഡറേഷൻ പ്രസിഡൻ്റ് ഇന്ത്യൻ ഫുട്ബോളിനെ നശിപ്പിക്കുകയാണെന്ന് ബൈച്ചുങ് ബൂട്ടിയ ഉൾപ്പെടെയുള്ള താരങ്ങൾ വിമർശിച്ചു. ഏറ്റവുമൊടുവിൽ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അപേക്ഷയിൽ സാവിയുടെയും പെപ് ഗ്വാർഡിയോളയുടെയും പേര് കണ്ട് അത് യഥാർത്ഥമാണെന്ന് വിശ്വസിച്ച് പ്രചരിപ്പിച്ച് നാണംകെട്ട അവസ്ഥയിൽ ഫെഡറേഷൻ.

ഇതിനൊന്നും കാരണം താരങ്ങളല്ല. ഈ നാണക്കേടെല്ലാം ഉണ്ടാക്കിയത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ്റെ പിടിപ്പുകേടാണ്. ഒരു ഫെഡറേഷൻ എങ്ങനെയാകരുത് എന്നതിൻ്റെ ഉദാഹരണമായി മാറിയ അധികാരികൾ. എന്നാൽ ഈ നാണക്കേടിനിടയിലും ഇന്ത്യക്കാകെ പുതിയ പ്രതീക്ഷ നൽകുകയാണ് നമ്മുടെ പെൺപുലികളും കുട്ടിത്താരങ്ങളും. പഞ്ചാബിൽ നിന്നുള്ള മിനർവ അക്കാദമിയിലെ കുട്ടികൾക്ക് ടീം ഉടമ രഞ്ജിത് ബജാജ് പ്രചോദനം നൽകുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലെങ്ങും വൈറലാണ്. ലോകകിരീടത്തിലേക്കാണ് ആ പ്രചോദനം ചെന്നെത്തിയത്.

ചരിത്രം തിരുത്തുന്ന പെൺപുലികൾ; ഇന്ത്യക്കിത് പുതിയ പ്രതീക്ഷ
മാലേഗാവ് സ്ഫോടനക്കേസ്: ഏഴ് പ്രതികളേയും വെറുതെവിട്ടു; തെളിവില്ല, പ്രഗ്യാ സിംഗ് രണ്ട് വര്‍ഷം മുന്‍പേ സന്യാസം സ്വീകരിച്ചിരുന്നുവെന്നും കോടതി

സ്വീഡനിൽ നടന്ന ലോക യൂത്ത് ടൂർണമെൻ്റായ ഗോത്തിയ കപ്പിൽ അണ്ടർ 14 വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള മിനർവ അക്കാദമിക്കാണ് കിരീടം. രണ്ട് വർഷം മുൻപ് അണ്ടർ 13 വിഭാഗത്തിൽ നേടിയ കിരീടനേട്ടം ഈ കുട്ടിത്താരങ്ങൾ ആവർത്തിച്ചു. തോൽപ്പിച്ചത് ചില്ലറക്കാരെയല്ല. ലോകചാംപ്യൻമാരായ അർജൻ്റീനയിൽ നിന്നുള്ള ക്ലബ്ബിനെയാണ്. എതിരില്ലാത്ത 4 ഗോളിനാണ് ഫൈനലിലെ ജയം. ടൂർണമെൻ്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യൻ അക്കാദമി ടീമിൻ്റെ ജയം. അൻപത്തിയഞ്ച് ഗോളുകളാണ് എട്ട് മത്സരങ്ങളിൽ അടിച്ചുകൂട്ടിയത്. വഴങ്ങിയത് വെറും രണ്ടെണ്ണം മാത്രം. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയുമടക്കം ലോകത്തിലെ 74 രാജ്യങ്ങളിൽ നിന്നുള്ള 1939 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മാമാങ്കത്തിലാണ് ഇന്ത്യയുടെ ചുണക്കുട്ടികളുടെ കിരീടനേട്ടം.

തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ഡെൻമാർക്കിൽ നടന്ന ഡാന കപ്പ് ടൂർണമെൻ്റിലും മിനർവ അക്കാദമി കിരീടമണിഞ്ഞു. നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ടീം ആണിവർ. അവിടെയും ഗോൾമഴതീർത്തു നമ്മുടെ കുട്ടികൾ. ഡാന കപ്പിലെ ഏഴ് മത്സരങ്ങളിൽ മിനർവ അക്കാദമി അടിച്ചുകൂട്ടിയത് 110 ഗോളുകൾ. വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രം. ഡെൻമാർക്കിലെ ടൂർണമെൻ്റിൽ 45 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം ക്ലബ്ബുകളാണ് മത്സരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യൂത്ത് ടൂർണമെൻ്റാണ് ഡാന കപ്പ്. നമ്മുടെ കുട്ടികളുടെ കഴിവിൽ യൂറോപ്പിലെ താരങ്ങൾക്കും പരിശീലകർക്കും നൂറുനാവാണ്.

ഇന്ത്യയുടെ വനിതാ ടീമും ഇന്ന് ചരിത്രനേട്ടം സ്വന്തമാക്കി മുന്നേറുകയാണ്. ലോകകപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ് നമ്മുടെ പെൺപട. ചരിത്രത്തിലാദ്യമായി യോഗ്യതാ റൗണ്ട് ജയിച്ച് ഏഷ്യൻകപ്പ് യോഗ്യതയുറപ്പിച്ചിരിക്കുന്നു ഇന്ത്യൻ വനിതാടീം. 12 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ സെമിഫൈനൽ ഉറപ്പിക്കാനായാൽ ഇന്ത്യൻ ടീം ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പ് കളിക്കും. 2026 മാർച്ചിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻകപ്പിൽ വിയറ്റ്നാം,ജപ്പാൻ,ചൈനീസ് തായ്പേയ് ടീമുകളാണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ക്വാർട്ടറിലെത്തും. ജയിച്ചാൽ ലോകകപ്പ് യോഗ്യത നേടും. തോറ്റാൽ പ്ലേഓഫ് കളിച്ചും ലോകകപ്പിന് യോഗ്യതയുറപ്പിക്കാം. മലയാളി താരം മാളവിക കൂടി ഉൾപ്പെടുന്ന സംഘമാണ് ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചത്.

തുടർച്ചയായി ഇന്ത്യയിലെ അക്കാദമി ടീമും വനിതാടീമും ലോകനിലവാരം പുലർത്തുന്നത് നമ്മുടെ അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. പ്രതിഭകൾ ഇല്ലാത്തതോ കായികക്ഷമതയോ ഒന്നുമല്ല ഇന്ത്യൻ ഫുട്ബോളിനെ നശിപ്പിക്കുന്നത്. അത് അടിസ്ഥാനസൗകര്യങ്ങൾ പോലും ഒരുക്കാത്ത അധികാരികൾ തന്നെയാണ്. ഈ കുട്ടികളിൽ ഇന്നും പ്രതീക്ഷ വെയ്ക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ. പുതിയ പരിശീലകനെ നിയമിക്കുക മാത്രമല്ല, അടിസ്ഥാനപ്രശ്നങ്ങൾ മനസിലാക്കി പരിഹരിച്ചാൽ മാത്രമേ ഇന്ത്യൻ ഫുട്ബോളിനെ വീണ്ടെടുക്കാനാകൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com