'വിശ്വസിക്കാനാകുന്നില്ല, ഇപ്പോഴല്ലെ നമ്മള്‍ ഒന്നിച്ച് കളിച്ചത്'; സഹതാരത്തിന്റെ വിയോഗത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

സഹതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അമ്പരപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ
Image: Instagram/ Cristiano Ronaldo
Image: Instagram/ Cristiano Ronaldodiego jota
Published on

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് പോര്‍ച്ചുഗീസ് താരം ഡിയാഗോ ജോട്ടയുടെ മരണ വാര്‍ത്ത എത്തിയത്. സ്‌പെയിനിലുണ്ടായ കാറപകടത്തിലാണ് സഹോദരന്‍ ആന്ദ്രേ സില്‍വയ്‌ക്കൊപ്പം 28 കാരനായ ഡിയാഗോ ജോട്ട കൊല്ലപ്പെട്ടത്.

സഹതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അമ്പരപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 'വിശ്വസിക്കാനാകുന്നില്ല, ഇപ്പോഴല്ലേ നമ്മളൊന്നിച്ച് ദേശീയ ടീമിനു വേണ്ടി കളിച്ചത്, ഇപ്പോഴല്ലേ നിന്റെ വിവാഹം കഴിഞ്ഞത്. നിന്റെ കുടുംബത്തിനും ഭാര്യയ്ക്കും കുട്ടികള്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു, നിന്റെ വേര്‍പാട് താങ്ങാനുള്ള കരുത്ത് അവര്‍ക്കുണ്ടാകട്ടെ.'

ഡിയാഗോയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ക്രിസ്റ്റ്യാനോ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

രണ്ടാഴ്ച മുമ്പായിരുന്നു കാമുകിയായിരുന്ന റൂട്ട് കാര്‍ഡോസോയുമായുള്ള ഡിയാഗോയുടെ വിവാഹം. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. സോഷ്യല്‍മീഡിയയില്‍ ഡിയാഗോ പങ്കുവെച്ച പോസ്റ്റും വിവാഹ ചിത്രങ്ങളായിരുന്നു. ജൂണ്‍ 22 നായിരുന്നു വിവാഹം. അതിനു മുമ്പുള്ള പോസ്റ്റുകളില്‍ യുവേഫ നേഷന്‍സ് ലീഗ് ഉയര്‍ത്തി നില്‍ക്കുന്ന ഡിയാഗോയെ കാണാം. 2019 ലും 2025 ലും യുവേഫ നേഷന്‍സ് ലീഗ് കിരീടമുയര്‍ത്തിയ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ ഡിയാഗോ ഉണ്ടായിരുന്നു.

Image: Instagram/ Cristiano Ronaldo
സ്‌പെയിനില്‍ കാറപകടം; ലിവര്‍പൂള്‍ താരം ഡിയാഗോ ജോട്ട കൊല്ലപ്പെട്ടു

1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് ഫുട്‌ബോള്‍ ലോകത്തേക്ക് എത്തുന്നത്. 2016 ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലും തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിലുമെത്തി. 2020 ലാണ് ലിവര്‍പൂളില്‍ എത്തുന്നത്. ലിവര്‍പൂളിനു വേണ്ടി 123 മത്സരങ്ങളില്‍ നിന്ന് 47 ഗോളുകള്‍ ഫോര്‍വേഡ് താരം നേടിയിരുന്നു.

പോര്‍ച്ചുഗീസ് അതിര്‍ത്തിയില്‍ പുലര്‍ച്ചെയുണ്ടായ അപകടം

ഡിയാഗോ ജോട്ടയും സഹോദരന്‍ ആന്ദ്രേ സില്‍വയും സഞ്ചരിച്ച ലംബോര്‍ഗിനിയാണ് അപകടത്തില്‍ പെട്ടത്. സ്‌പെയിനിലെ പോര്‍ച്ചുഗീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സമോറ പ്രവിശ്യയിലെ സെര്‍നാഡില്ലയില്‍ വെച്ചായിരുന്നു അപകടം. ഇരുവരും മാത്രമാണ് കാറിലുണ്ടായിരുന്നത്. ഹൈവേയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ലംബോര്‍ഗിനിയുടെ ടയര്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ മറിഞ്ഞ് തീപിടിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

വടക്കന്‍ പോര്‍ച്ചുഗലില്‍ നിന്ന് സാന്റാന്‍ഡറിലെയോ ബില്‍ബാവോയിലേക്കും തുറമുഖങ്ങളിലേക്കും വടക്കുകിഴക്ക് ഫ്രാന്‍സിലേക്കും പോകാനായി ഡ്രൈവര്‍മാര്‍ പലപ്പോഴും ഉപയോഗിക്കുന്ന ഹൈവേയിലാണ് അപകടം നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com