ഗോവൻ കോട്ട തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്; ആവേശപ്പോരാട്ടത്തിൽ എഫ്‌സി ഗോവയെ 3-2 ന് വീഴ്ത്തി

രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽത്തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഇരട്ടിയാക്കി.
ഗോവൻ കോട്ട തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്; ആവേശപ്പോരാട്ടത്തിൽ എഫ്‌സി ഗോവയെ 3-2 ന് വീഴ്ത്തി
Published on: 
Updated on: 

പനാജി: എംജി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അഞ്ചാം മത്സരത്തിൽ ആതിഥേയരായ എഫ്‌സി ഗോവയ്‌ക്കെതിരെ 3-2 ൻ്റെ ആവേശകരമായ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മഡ്ഗാവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രെഡി ലല്ലാവ്മൗമ, നെബോജ്ഷ കൊസോവിച്ച്, അമേയ് റണവാഡെ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്.

ഗോവൻ മണ്ണിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന രണ്ടാമത്തെ മാത്രം വിജയവും 2016 ഒക്ടോബറിന് ശേഷമുള്ള ആദ്യ വിജയവുമാണിത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ലീഗ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. തുടക്കം മുതൽ ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സാണ് ആദ്യ മികച്ച അവസരം തുറന്നത്.

ഗോവൻ കോട്ട തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്; ആവേശപ്പോരാട്ടത്തിൽ എഫ്‌സി ഗോവയെ 3-2 ന് വീഴ്ത്തി
ഓൾഡ് ട്രാഫോർഡിൽ തേനീച്ചക്കൂട്ടത്തിന്റെ 'കൊട്ട്'; 89 വർഷത്തിന് ശേഷം യുണൈറ്റഡിനെ തകർത്ത് ബ്രെന്റ്‌ഫോർഡ്

ഇടത് വിംഗിലൂടെ കുതിച്ച മുഹമ്മദ് സനാൻ ബോക്സിലേക്ക് നൽകിയ ക്രോസ് ശ്രീകുട്ടൻ അഡ്രിയാൻ ലൂണയ്ക്ക് മറിച്ചുനൽകിയെങ്കിലും ലൂണയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തുപോയി. ഇടതുവശത്ത് സനാൻ്റെ വേഗമേറിയ മുന്നേറ്റങ്ങളും, പ്രതിരോധത്തിൽ ജെയിംസ് ബോൾട്ടൺ, ഐബൻ ഡോഹ്ലിംഗ്, ഫാലോ എൻഡിയായെ എന്നിവരുടെ അച്ചടക്കമുള്ള പ്രകടനവും ബ്ലാസ്റ്റേഴ്‌സിന് മുൻതൂക്കം നൽകി.

ശ്രീകുട്ടനും ലൂണയും ചേർന്ന് നടത്തിയ ഹൈ പ്രസ്സിംഗ് എതിർ പ്രതിരോധനിരയിൽ, പ്രത്യേകിച്ച് സന്ദേശ് ജിങ്കനിൽ സമ്മർദ്ദം ചെലുത്തുന്നതിൽ വിജയിച്ചു. 37-ാം മിനിറ്റിൽ ഈ മുന്നേറ്റങ്ങൾക്ക് ഫലം കണ്ടു. അഡ്രിയാൻ ലൂണ എടുത്ത കോർണർ കിക്ക് റോണി വിൽസൺ കൃത്യമായി ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെ പന്ത് ബോക്സിന് പുറത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഫ്രെഡി ലല്ലാവ്മൗമയുടെ കാലുകളിലേക്ക്.

ഗോവൻ കോട്ട തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്; ആവേശപ്പോരാട്ടത്തിൽ എഫ്‌സി ഗോവയെ 3-2 ന് വീഴ്ത്തി
വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

ഫ്രെഡി തൊടുത്ത കരുത്തുറ്റ ഷോട്ട് മുഹമ്മദ് നെമിലിൻ്റെ ദേഹത്ത് തട്ടി ദിശമാറി വലയിൽ പതിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി (1-0). സീസണിൽ ഫ്രെഡിയുടെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽത്തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഇരട്ടിയാക്കി. ഇടതുവിംഗിലൂടെ അതിവേഗം കുതിച്ച അഡ്രിയാൻ ലൂണ നൽകിയ കൃത്യമായ ത്രൂ ബോൾ പിടിച്ചെടുത്ത് മോണ്ടിനെഗ്രിൻ മിഡ്ഫീൽഡർ നെബോജ്ഷ കൊസോവിച്ച് പന്ത് അനായാസം വലയിലെത്തിച്ചു (2-0).

എന്നാൽ 67-ാം മിനിറ്റിൽ മുഹമ്മദ് നെമിലിലൂടെ എഫ്‌സി ഗോവ ഒരു ഗോൾ മടക്കി. ഗോൾ വഴങ്ങിയതിന് പിന്നാലെ പ്രതിരോധം ശക്തിപ്പെടുത്താൻ മുഖ്യ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് യുവ പ്രതിരോധ താരം ജഗന്നാഥ് ജയനെ കളത്തിലിറക്കി. ബ്ലാസ്റ്റേഴ്‌സ് ജഴ്സിയിൽ ജഗന്നാഥിൻ്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. സമനില ഗോളിനായി ഗോവ സമ്മർദ്ദം ശക്തമാക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉറച്ചുനിന്നു.

80-ാം മിനിറ്റിൽ പ്രത്യാക്രമണത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഡ് ഉയർത്തി. ഇസാക് റാൽട്ടെയിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത കൊസോവിച്ച് ഗോവൻ പ്രതിരോധത്തെ കീറിമുറിച്ച് അമേയ് റണവാഡെയ്ക്ക് പാസ് നൽകി. പന്തുമായി മുന്നേറിയ അമേയ് ഇടങ്കാലൻ ഷോട്ടിലൂടെ പന്ത് ഫാർ കോർണറിലേക്ക് തൊടുത്തുവിട്ട് സ്കോർ 3-1 ആക്കി.

മത്സരത്തിൻ്റെ അവസാന മിനിറ്റുകളിൽ ഇസാക്കിൻ്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ചിക്കി ഗോവയ്ക്കായി രണ്ടാം ഗോൾ നേടിയെങ്കിലും, ശേഷിക്കുന്ന സമയത്ത് പക്വതയോടെ പന്ത് കൈവശം വെച്ച് ബ്ലാസ്റ്റേഴ്‌സ് 3-2 ൻ്റെ അവിസ്മരണീയ വിജയം സ്വന്തമാക്കി. ഇതോടെ ഗോവയിലെ ഒരു പതിറ്റാണ്ട് നീണ്ട വിജയവരൾച്ചയ്ക്ക് മഞ്ഞപ്പട വിരാമമിട്ടു.

സീസണിലെ അടുത്ത പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനി കൊച്ചിയിലേക്ക് മടങ്ങും. ഡിസംബർ 6 ഞായറാഴ്ച വൈകിട്ട് 5 ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ചർച്ചിൽ ബ്രദേഴ്സിനെ നേരിടും.