
ഫ്രാൻസിനായി അന്താരാഷ്ട്ര ഫുട്ബോളിൽ അതിവേഗം അമ്പത് ഗോളുകൾ നേടുന്ന താരമായി മാറി നിലവിലെ നായകൻ കിലിയൻ എംബാപ്പെ. മുൻ ഇതിഹാസ താരം തിയറി ഹെൻറിയുടെ റെക്കോർഡാണ് എംബാപ്പെ തകർത്തത്.
യുവേഫ നേഷൻസ് ലീഗിൽ ഇന്ന് രാത്രി നടന്ന ലൂസേഴ്സ് ഫൈനലിൽ കരുത്തരായ ജർമ്മനിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഫ്രാൻസ് തകർത്തിരുന്നു. മത്സരത്തിൽ ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ എംബാപ്പെയുടെ കരുത്തിലാണ് ഫ്രാൻസ് ടൂർണമെൻ്റിലെ മൂന്നാം സ്ഥാനക്കാരായത്.
ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിനായി 90 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച എംബാപ്പെ, ഇതുവരെ 86 ഗോൾ സംഭാവനകളാണ് നൽകിയത്. 50 ഗോളുകളും 36 അസിസ്റ്റുകളും കിലിയൻ എംബാപ്പെയുടെ പേരിലുണ്ട്. 50 ഗോളുകൾ നേടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമാണ് എംബാപ്പെ. ഒലിവർ ജിറൗദ് (57), തിയറി ഹെൻറി (51) എന്നിവരാണ് ഇനി എംബാപ്പെയ്ക്ക് മുന്നിലുള്ള ഫ്രാൻസിൻ്റെ ടോപ് സ്കോറർമാർ.
2018ൽ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. ആ ലോകകപ്പിൽ മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു. 2023 യുവേഫ നേഷൻസ് ലീഗിൽ മുത്തമിട്ട ഫ്രഞ്ച് ടീമിൻ്റെയും ഭാഗമായിരുന്നു. 2022 ലോകകപ്പിൽ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും നേടിയിട്ടുണ്ട്.
ആദ്യ പകുതിയിൽ 46ാം മിനിറ്റിലാണ് കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് മുന്നിലെത്തിയത്. ഒറേലിയന്‍ ചീമേനിയാണ് ഗോളിന് അസിസ്റ്റ് നൽകിയത്. രണ്ടാം പകുതിയിൽ ഇരു ടീമുകളും കട്ടയ്ക്ക് കട്ടയ്ക്കാണ് മുന്നേറിയത്. പക്ഷേ സമനില പിടിക്കാൻ ജർമ്മനിക്ക് കഴിഞ്ഞില്ല.
84ാം മിനിറ്റിൽ ജർമൻ ഗോളി ടെര്‍സ്റ്റേഗന്‍റെ പ്രതിരോധപ്പൂട്ട് മറികടന്ന് മൈക്കൽ ഒലിസെ ഫ്രാൻസിൻ്റെ ലീഡ് ഉയർത്തി. എംബാപ്പെയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്. കൗണ്ടർ അറ്റാക്കിലൂടെ ജർമ്മനിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് എംബാപ്പെ പന്തുമായി ഗോൾ പോസ്റ്റിലേക്ക് കുതിച്ചത്. പിന്നാലെ പന്ത് ഒലിസെക്ക് മറിച്ചുനൽകി. സഹതാരം അനായാസം വലകുലുക്കി. ഇതോടെ ജർമ്മനിയുടെ തിരിച്ചുവരവ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു.