ഐഎസ്എൽ നടത്തിപ്പിനെ ചൊല്ലി വ്യക്തതക്കുറവ് തുടരുന്നു; 10 ദിവസത്തിനകം വീണ്ടും ചർച്ചയെന്ന് എഐഎഫ്എഫ്

ഡൽഹിയിൽ വ്യാഴാഴ്ച ചേർന്ന 13 ഐഎസ്എൽ ടീമുകളുടേയും എഐഎഫ്എഫ് പ്രതിനിധികളുടേയും ചർച്ചയിൽ മുഴുവൻ കാര്യങ്ങളിലും ഇനിയും വ്യക്തത കൈവന്നിട്ടില്ല
ISL trophy
ISL trophySource: NDTV
Published on

ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകരും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും തമ്മിലുണ്ടായിരുന്ന 'മാസ്റ്റർ റൈറ്റ്സ് എഗ്രിമെൻ്റ്' (എംആർഎ) തർക്കത്തിന് പിന്നാലെ അനിശ്ചിതമായി വൈകുന്ന രാജ്യത്തെ പ്രധാന ഫുട്ബോൾ ലീഗ് ടൂർണമെൻ്റിൻ്റെ നടത്തിപ്പിനെ ചൊല്ലി ആശങ്ക തുടരുന്നു.

ഡൽഹിയിൽ വ്യാഴാഴ്ച ചേർന്ന 13 ഐഎസ്എൽ ടീമുകളുടേയും എഐഎഫ്എഫ് പ്രതിനിധികളുടേയും ചർച്ചയിൽ മുഴുവൻ കാര്യങ്ങളിലും ഇനിയും വ്യക്തത കൈവന്നിട്ടില്ല. 10 ദിവസത്തിനകം ഞങ്ങളെല്ലാവരും വീണ്ടും ഒന്നിച്ചുകൂടി ചർച്ച നടത്തുമെന്നാണ് എഐഎഫ്എഫ് പ്രസിഡൻ്റ് കല്യാൺ ചൗബെ അറിയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ISL trophy
ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ, അരങ്ങേറ്റത്തിൽ മിന്നി ജാവോ ഫെലിക്സ്; അൽ നസറിന് ജയത്തുടർച്ച - വീഡിയോ

"ഈ സീസണിൽ ഐ‌എസ്‌എൽ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ ടൂർണമെൻ്റ് അൽപ്പം വൈകിയേക്കാം. ചെലവ് ചുരുക്കാനായി സാധാരണത്തേതിൽ നിന്ന് ചില മാറ്റങ്ങളോടെ ഇക്കുറി ടൂർണമെൻ്റ് നടത്താനാകുമോ എന്നാണ് ശ്രമിക്കുന്നത്. മാറ്റങ്ങൾ ചിലപ്പോൾ ഫോർമാറ്റിലോ മറ്റ് കാര്യങ്ങളിലോ ആകാം. അതെല്ലാം പിന്നീട് തീരുമാനിക്കും. ആ കാര്യങ്ങളിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല," ഐ‌എസ്‌എല്ലുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെ കുറിച്ച് ചൗബെ പറഞ്ഞു.

ഒക്ടോബർ 9, 14 തീയതികളിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം സിംഗപ്പൂരിനെ നേരിടുന്നുണ്ട്. ഈ മത്സരങ്ങൾക്ക് മുമ്പായി തന്നെ സൂപ്പർ കപ്പ് മത്സരങ്ങൾ അവസാനിപ്പിക്കാനാണ് എഐഎഫ്എഫ് ശ്രമിക്കുന്നത്. ഡൂറൻ്റ് കപ്പിന് ശേഷമായിട്ടാകും സൂപ്പർ കപ്പ് സംഘടിപ്പിക്കുക.

നിലവിൽ ഐഎസ്എൽ മത്സരങ്ങളുടെ ബാഹുല്യം കാരണം സെപ്തംബർ രണ്ടാമത്തെയോ മൂന്നാമത്തെ വാരത്തോടെ സൂപ്പർ കപ്പ് ആരംഭിക്കാൻ മാത്രമാണ് എഐഎഫ്എഫ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ നിശ്ചിത എണ്ണം മത്സരങ്ങൾക്കായി ആവശ്യത്തിന് സമയം കണ്ടെത്തുകയാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് മുന്നിലുള്ള വെല്ലുവിളി.

രാജ്യത്തെ ടോപ് ടയർ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് സാധാരണയായി സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് നടക്കാറുള്ളത്. അതേസമയം, ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻ്റ് ലിമിറ്റഡും (എഫ്എസ്‌ഡിഎൽ) ഐഎസ്എൽ സംഘടിപ്പിക്കുന്ന എഐഎഫ്എഫും തമ്മിലുള്ള നിലവിലെ പ്രധാന കരാർ 2025 ഡിസംബർ 8ന് അവസാനിക്കുകയും ചെയ്യും. നിലവിൽ ഇന്ത്യൻ ഫുട്ബോളിൽ ഇതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.

ലീഗിൻ്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ചൂണ്ടിക്കാട്ടി ചെന്നൈ എഫ്‌സി, ബെംഗളൂരു എഫ്‌സി, ഒഡിഷ എഫ്‌സി എന്നീ ക്ലബ്ബുകൾ അവരുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. മറ്റു ക്ലബ്ബുകളൊന്നും സാധാരണ രീതിയിൽ നടത്താറുള്ള പ്രീ സീസൺ മത്സരങ്ങൾ പോലും നടത്തിയിട്ടില്ല.

പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ച ടീമുകളെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ചൗബെ പറഞ്ഞു. "കളിക്കാർക്കോ ജീവനക്കാർക്കോ ശമ്പളം നൽകേണ്ടത് ക്ലബ്ബിൻ്റെ തീരുമാനമാണ്. ഞങ്ങൾക്ക് ഇടപെടാൻ കഴിയില്ല. എല്ലാ മുൻനിര ലീഗുകളും പ്രവർത്തിക്കുന്നത് അങ്ങനെയാണ്. ഇത്തവണ ഐഎസ്എൽ നടത്തും. ഐഎസ്എല്ലിന് മുന്നോടിയായി ക്ലബ്ബുകൾക്ക് തയ്യാറെടുക്കാൻ ആറോ ഏഴോ ആഴ്ചകൾ സമയം വേണ്ടതുണ്ട്. ആ സമയത്ത് സൂപ്പർ കപ്പ് നടത്തും. അതോടെ ഐഎസ്എൽ തുടങ്ങുമ്പോഴേക്ക് ക്ലബ്ബുകൾക്ക് ആവശ്യത്തിന് മാച്ച് എക്സ്പീരിയൻസ് ലഭിക്കും. മാത്രവുമല്ല മെയ് 31ന് മുന്നോടിയായി ഈ ടൂർണമെൻ്റ് അവസാനിപ്പിക്കേണ്ടതുണ്ട്," എഐഎഫ്എഫ് പ്രസിഡൻ്റ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com