

ഡൽഹി: അർജൻ്റൈൻ ഇതിഹാസതാരം ലയണൽ മെസ്സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. ഡൽഹിയിലെ വിഷപ്പുക കാരണം അർജൻ്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ വിമാനയാത്ര വൈകിയതോടെ ആണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദായത്. ഇതോടെ മെസ്സിയെ കാണാൻ രാജ്യതലസ്ഥാനത്ത് കാത്തിരുന്നിരുന്ന മോദി, ആ പ്ലാൻ റദ്ദാക്കി ഒമാൻ, എത്യോപ്യ, ജോർദാൻ സന്ദർശനത്തിനായി യാത്ര തിരിച്ചു.
മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് എത്തിയ മെസ്സിയും ഇൻ്റർ മയാമി താരങ്ങളും ഇന്നലെ മുംബൈയിലായിരുന്നു തങ്ങിയത്. ഇന്ന് ഡൽഹിയിൽ മോദിയുമായി സന്ദർശനം നടത്താനിരുന്നതാണ്. എന്നാൽ അർജൻ്റീന നായകൻ ഇന്ന് ഫിറോസ് ഷാ കോട്‌ലാ ഗ്രൗണ്ടിലും എത്തുന്നുണ്ട്. ഇവിടെ നിരവധി പ്രമുഖർ മെസ്സിയെ കാണാനും ഫോട്ടോയെടുക്കാനുമായി കാത്തുനിൽപ്പുണ്ട്.
2022ലെ ലോകകപ്പ് ജേതാവായ മെസ്സി ഇന്നലെ ഹൈദരാബാദിലും മുംബൈയിലും സന്ദർശനം നടത്തിയിരുന്നു. ഹൈദരാബാദിൽ രാഹുൽ ഗാന്ധിയും മെസ്സിയും കൂടിക്കാഴ്ച നടത്തിയിരുന്നു. മുംബൈയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുമായും ബോളിവുഡ് താരങ്ങളുമായും രാഷ്ട്രീയക്കാരുമായെല്ലാം മെസ്സി വേദി പങ്കിട്ടിരുന്നു.
അതേസമയം, കൊൽക്കത്തയിൽ മെസ്സിയെ കാണാനായില്ലെന്ന കാരണത്താൽ ജനക്കൂട്ടം സാൾട്ട് ലേക്ക് സ്റ്റേഡിയം തകർത്തിരുന്നു. ഇതിന് ശേഷം കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്ക് നടുവിലാണ് മെസ്സിയുടെ 'ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025' പുരോഗമിക്കുന്നത്.
മെസ്സിയുടെ താമസവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് കര്‍ശന നിർദേശമുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും നേരെ ഹോട്ടലിലേക്കായിരിക്കും മെസ്സി എത്തുക. ഹോട്ടലിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചാണക്യാപുരിയിലെ ലീല പാലസിലാണ് മെസ്സി ഉണ്ടാകുക. ഹോട്ടലിലെ ഒരു ഫ്‌ളോര്‍ മുഴുവന്‍ മെസ്സിക്കും സംഘത്തിനുമായി ബുക്ക് ചെയ്തിരിക്കുകയാണ്. ഒരു രാത്രിക്ക് 3.50 ലക്ഷം രൂപ മുതല്‍ ഏഴ് ലക്ഷം രൂപ വരെ വിലയുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് മെസ്സിയും സംഘവും കഴിയുക.
അതേസമയം, മെസ്സിയെ നേരിട്ട് കാണാനും ആശയവിനിമയം നടത്താനുമുള്ള അവസരവും ഇന്നുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട വ്യവസായികള്‍ക്കും വിഐപികള്‍ക്കുമാണ് അവസരം. ഇതിനായി ഒരു കോടി രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി സന്ദര്‍ശനത്തിനിടയില്‍ ചീഫ് ജസ്റ്റിസുമായും പാര്‍ലമെന്റ് അംഗങ്ങളുമായും മെസി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരങ്ങളുമായും ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് ജേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും ക്രിക്കറ്റ് താരങ്ങളുമായുള്ള കൂടിക്കാഴ്ച നടക്കുക. ഇവിടെ നിന്നും അഡിഡാസിന്റെ ഇവന്റ് നടക്കുന്ന പുരാനാ ഖിലയിലേക്ക് മെസി പോകും. ഇവിടെ വെച്ച് ക്രിക്കറ്റ് താരം രോഹിത് ശര്‍മ, പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോ ഗോള്‍ഡ് മെഡല്‍ ജേതാവ് സുമിത് അന്തില്‍, ലോക ബോക്‌സിങ് ജേതാവ് നിഖത് സരീന്‍, ഒളിമ്പിക്‌സ് ഹൈ ജംപ് മെഡല്‍ ജേതാവ് നിഷാദ് കുമാര്‍ എന്നിവര്‍ മെസിയെ സ്വീകരിക്കും.
സുവാരസും റോഡ്രിഗോ ഡീപോളും മെസ്സിക്കൊപ്പമുണ്ട്. ഡല്‍ഹിയിലെ പരിപാടിക്ക് ശേഷം മെസ്സി നാട്ടിലേക്ക് മടങ്ങും. വൈകിട്ട് 6.15 ഓടെ മെസ്സി ഡല്‍ഹിയില്‍ നിന്ന് മടങ്ങുമെന്നാണ് വിവരം.