

ലണ്ടൻ: ലയണൽ മെസ്സിയുടെ മാസ്റ്റർ ക്ലാസ് പ്രകടനമികവിൽ എഫ്‌സി സിൻസിനാറ്റിയെ 4-0ന് പരാജയപ്പെടുത്തി ആദ്യമായി ഈസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ സ്ഥാനമുറപ്പിച്ച് ഇൻ്റർ മയാമി. ഒരു ഗോളും മൂന്ന് അസിസ്റ്റുകളും സഹിതം തകർപ്പൻ പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. മയാമിക്കായി ടാഡിയോ അലൻഡെ ഇരട്ട ഗോളുകൾ നേടി.
ഫിലാഡൽഫിയ യൂണിയനും ന്യൂയോർക്ക് സിറ്റി എഫ്‌സിയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയിയെ, ഫൈനലിൽ മയാമി നേരിടും. ഈ സീസണിൽ പ്ലേ ഓഫിൽ മാത്രം ആറ് ഗോളുകളും ആറ് അസിസ്റ്റുകളും ഉൾപ്പെടെ, 12 ഗോൾ സംഭാവനകളാണ് മെസ്സി നേടിയത്. ഇത് പുതിയൊരു റെക്കോർഡാണ്.
സിൻസിനാറ്റിക്കെതിരായ മത്സരത്തിൻ്റെ 19ാം മിനിറ്റിലാണ് തകർപ്പനൊരു ഹെഡ്ഡർ ഗോളിലൂടെ മെസ്സി മയാമിയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ പിറന്ന മൂന്ന് ഗോളുകളിലും മെസ്സിയുടെ അസിസ്റ്റ് ഉണ്ടായിരുന്നു.
അന്താരാഷ്ട്ര കരിയറിൽ 1300 ഗോൾ സംഭാവനകൾ എന്ന നേട്ടവും മെസ്സി ഇന്ന് മറികടന്നു. മെസ്സിയുടെ കരിയറിലെ 896ാമത്തെ ഗോളായിരുന്നു ഇന്ന് പിറന്നത്. മെസ്സിയുടെ കരിയറിലെ ആകെ അന്താരാഷ്ട്ര അസിസ്റ്റുകളുടെ എണ്ണം 404 ആയും ഉയർന്നു.