

ദോഹ: ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫിഫ ലോകകപ്പ് ടൂർണമെൻ്റ് അതിൻ്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി രണ്ട് സെമി ഫൈനലുകളും, മൂന്നാം സ്ഥാനത്തിനായുള്ള ഒരു മാച്ചും, പിന്നീട് ലോകകപ്പിനായുള്ള കലാശപ്പോരാട്ടവും ഉൾപ്പെടെ നാല് നോക്കൗട്ട് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.
ഓസ്ട്രിയയും ഇറ്റലിയും തമ്മിലുള്ള ആദ്യ സെമി ഫൈനൽ തിങ്കളാഴ്ച വൈകീട്ട് ഇന്ത്യൻ സമയം ആറ് മണിക്കാണ് ആരംഭിക്കുക. രണ്ടാമത്തെ സെമിയിൽ ഫുട്ബോളിൽ പ്രബല ശക്തികളായ ബ്രസീലും പോർച്ചുഗലും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 9.15നാണ് ഈ പോരാട്ടം നടക്കുക. രണ്ട് സെമി ഫൈനൽ മത്സരങ്ങളും ആസ്പയർ സോണിലെ അഞ്ച്, ഏഴ് ഗ്രൗണ്ടുകളിലായാണ് നടക്കുക.
സെമി ഫൈനലിൽ തോൽക്കുന്ന രണ്ട് ടീമുകൾ 27ന് വ്യാഴാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാർക്കുള്ള മാച്ചിൽ കൊമ്പുകോർക്കും. വൈകീട്ട് ഇന്ത്യൻ സമയം ആറ് മണിക്കാണ് ഈ മത്സരം. അതേസമയം, ലോക ചാംപ്യന്മാരെ നിർണയിക്കുന്ന ഫൈനൽ പോരാട്ടം ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് രാത്രി 9.30ന് നടക്കും.
ഫിഫയുടെ സ്വന്തം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫിഫ+ അണ്ടർ 17 ലോകകപ്പിലെ എല്ലാ മത്സരങ്ങളും സ്ട്രീം ചെയ്യുന്നുണ്ട്. നിങ്ങൾക്ക് FIFA+ വെബ്സൈറ്റ് വഴിയോ അവരുടെ മൊബൈൽ ആപ്പ് വഴിയോ മത്സരങ്ങൾ കാണാൻ കഴിയും. നേരത്തെ കഴിഞ്ഞ ടൂർണമെൻ്റിലെ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങൾ ഫിഫയുടെ ഒഫീഷ്യൽ യൂട്യൂബ് പേജിലൂടെയും കാണാനാകും.