വൈന്‍ ഇഷ്ടമാണ്, ചാറ്റ്ജിപിടി ഉപയോഗിച്ചിട്ടില്ല; വിരമിച്ച ശേഷം സ്വന്തമായി ഫുട്‌ബോള്‍ ക്ലബ്ബ് വേണം: മെസി

കരിയറിനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ മെസി തുറന്നു പറഞ്ഞു
വൈന്‍ ഇഷ്ടമാണ്, ചാറ്റ്ജിപിടി ഉപയോഗിച്ചിട്ടില്ല; വിരമിച്ച ശേഷം സ്വന്തമായി ഫുട്‌ബോള്‍ ക്ലബ്ബ് വേണം: മെസി
Image: Lionel Messi/Instagram
Published on
Updated on

വിരമിക്കലിനു ശേഷം എന്താണ് ആഗ്രഹം എന്ന ചോദ്യത്തിന് ഒടുവില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇതിഹാസ താരം ലയണല്‍ മെസി. അര്‍ജന്റീനയിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിരമിക്കലിനു ശേഷമുള്ള ജീവിതം എങ്ങനെയാകണമെന്നതിനെ കുറിച്ച് മെസി മനസ് തുറന്നത്. കരിയറിനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം ലുസു ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നുണ്ട്.

വിരമിച്ചതിനു ശേഷം ഏതെങ്കിലും ടീമിന്റെ പരിശീലകനാകാന്‍ താത്പര്യമില്ലെന്ന് മെസി വ്യക്തമാക്കി. പകരം സ്വന്തമായി ഒരു ഫുട്‌ബോള്‍ ക്ലബ്ബ് വേണമെന്നാണ് താരത്തിന്റെ ആഗ്രഹം.

വൈന്‍ ഇഷ്ടമാണ്, ചാറ്റ്ജിപിടി ഉപയോഗിച്ചിട്ടില്ല; വിരമിച്ച ശേഷം സ്വന്തമായി ഫുട്‌ബോള്‍ ക്ലബ്ബ് വേണം: മെസി
വീണ്ടും ലോക റെക്കോർഡുമായി ഇന്ത്യൻ വൈഭവം; ദേശീയ റെക്കോർഡ് നേട്ടത്തിൽ പങ്കാളിയായി മലയാളി താരവും

സ്വന്തമായി ഒരു ക്ലബ്ബ് വേണം. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കണം. ലോക നിലവാരത്തില്‍ എത്തിക്കണം, മെസി വ്യക്തമാക്കി. ഈ വര്‍ഷം നടക്കാരിക്കുന്ന ഫിഫ ലോകകപ്പില്‍ ഉണ്ടാകുമോ എന്നതില്‍ തീരുമാനമായിട്ടില്ലെന്നും താരം പറഞ്ഞു.

ലൂയിസ് സുവാരസിന്റെ ഉടമസ്ഥതയിലുള്ള ഉറുഗ്വേയിലെ താഴെത്തട്ടിലുള്ള ഡിവിഷനില്‍ കളിക്കുന്ന ഡിപോര്‍ട്ടീവോ എല്‍എസ്എം ക്ലബ്ബില്‍ പങ്കാളിയായി ചേര്‍ന്നിരിക്കുകയാണ് മെസി. ഫുട്‌ബോള്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനായി മിയാമിയില്‍ വെച്ച് ലോകമെമ്പാടുമുള്ള എട്ട് അക്കാദമി ടീമുകള്‍ പങ്കെടുത്ത 'മെസ്സി കപ്പ്' എന്ന അണ്ടര്‍-16 ടൂര്‍ണമെന്റും അദ്ദേഹം അടുത്തിടെ ആരംഭിച്ചിരുന്നു.

ഒരു അഭിമുഖത്തിനിടെ തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും ഭാര്യ അന്റോണെല്ല റൊക്കൂസോയുമായുള്ള ബന്ധത്തെക്കുറിച്ചും മെസി മനസ്സ് തുറന്നു. താന്‍ ഒരു റൊമാന്റിക് വ്യക്തിയാണെങ്കിലും അത് പ്രകടിപ്പിക്കാന്‍ മടിയുള്ളയാളാണ്.

വിചിത്രമായ ചില സ്വഭാവങ്ങളും തനിക്കുണ്ടെന്ന് മെസി തുറന്നു പറഞ്ഞു. തനിച്ചിരിക്കാന്‍ ഒരുപാട് ഇഷ്ടമാണ്. വീട്ടില്‍ മൂന്ന് കുട്ടികളും കൂടി ഓടി നടക്കുമ്പോള്‍ ഉണ്ടാകുന്ന ബഹളം ചിലപ്പോള്‍ മടുപ്പിക്കും. തന്റേതായ കുറച്ച് സമയം വേണം.

കാര്യങ്ങള്‍ ഉള്ളിലൊതുക്കുന്ന സ്വഭാവമായിരുന്നു തനിക്കെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണയില്‍ കളിച്ചിരുന്ന സമയത്ത് തന്റെ സ്വഭാവം മെച്ചപ്പെടുത്താന്‍ തെറാപ്പിക്ക് പോയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

പ്രകടനം മോശമാകുമ്പോള്‍ സ്വയം ശപിക്കാറുണ്ടായിരുന്നുവെന്നും 2014-2016 കാലഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് ഫൈനലുകള്‍ തോറ്റപ്പോള്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത് വലിയ വിഷമമുണ്ടാക്കിയ കാര്യമാണെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

"ഒരിക്കലും ഉപേക്ഷിക്കരുത് എന്നതാണ് ഏറ്റവും നല്ല ഉദാഹരണം. നിങ്ങള്‍ വീണാല്‍ എഴുന്നേറ്റ് വീണ്ടും ശ്രമിക്കുക. ലക്ഷ്യം കണ്ടില്ലെങ്കില്‍ പോലും നിങ്ങളുടെ സ്വപ്നത്തിനായി നിങ്ങള്‍ പരമാവധി ശ്രമിച്ചു എന്ന ബോധ്യം വേണം." - മെസി പറഞ്ഞു.

സാങ്കേതികവിദ്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും മെസ്സി സംസാരിച്ചു. താന്‍ ഇതുവരെ ചാറ്റ്ജിപിടി പോലുള്ള ടൂളുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും മെസി പറഞ്ഞു. എന്നാല്‍ ഭാര്യ അന്റോണെല്ല ഇത് ഉപയോഗിക്കാറുണ്ട്. നൃത്തം ചെയ്യാന്‍ മടിയാണെങ്കിലും മദ്യപിച്ചാല്‍ നൃത്തം ചെയ്യും. വൈന്‍ ഇഷ്ടമാണ്. ചിലപ്പോള്‍ സ്‌പ്രൈറ്റ് ചേര്‍ത്ത് മദ്യം കുടിക്കുമെന്നും മെസി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com