മാഞ്ചസ്റ്ററിൽ ഇന്ന് ആവേശപ്പോര്; സിറ്റിയും യുണൈറ്റഡും നേർക്കുനേർ, പരിക്കിൻ്റെ പിടിയിൽ പ്രധാനതാരങ്ങൾ

മാഞ്ചസ്റ്റർ നീലയോ ചുവപ്പോയെന്ന ചോദ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചുവന്നുതുടുപ്പിച്ച് അലക്‌സ് ഫെർഗ്യൂസൻ വീരേതിഹാസം രചിച്ച മാഞ്ചസ്റ്റർ നീലയായി മാറിയതാണ് ഈ പതിറ്റാണ്ടിലെ മാറ്റം.
Manchester City vs Manchester United
Manchester City vs Manchester UnitedSource; X / AP
Published on

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർപോരാട്ടം. മാഞ്ചസ്റ്റർ ആവേശപ്പോരിൽ സിറ്റിയും യുണൈറ്റഡും ഏറ്റുമുട്ടും. രാത്രി ഒൻപതിന് ഇത്തിഹാദിലാണ് മത്സരം. ലിവർപൂൾ എവേ മത്സരത്തിൽ ബേൺലിയെ നേരിടും. മാഞ്ചസ്റ്റർ നീലയോ ചുവപ്പോയെന്ന ചോദ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചുവന്നുതുടുപ്പിച്ച് അലക്‌സ് ഫെർഗ്യൂസൻ വീരേതിഹാസം രചിച്ച മാഞ്ചസ്റ്റർ നീലയായി മാറിയതാണ് ഈ പതിറ്റാണ്ടിലെ മാറ്റം. പെപ് ഗ്വാർഡിയോളയെത്തിയതിന് ശേഷം മാഞ്ചസ്റ്ററിനാകെ നീലമയമാണ്. എതിരാളികളടക്കം കൊതിക്കുന്ന വിജയങ്ങൾ.

പുതിയ സീസണിൽ ആദ്യ ഡാർബി പോരിനൊരുങ്ങുമ്പോൾ ആശങ്കയും ആവേശവും ഒരുപോലെയുണ്ട് ടീമുകൾക്ക്. സൂപ്പർതാരങ്ങൾ പരിക്കിൻ്റെ പിടിയിലായത് മാഞ്ചസ്റ്റർ സിറ്റിക്കെന്നത് പോലെ യുണൈറ്റഡിനും പ്രധാന തലവേദനയാണ്. റൂബൻ അമോറിം അടിമുടി ഉടച്ചുവാർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണിൽ പഴയപ്രതാപത്തിൻ്റെ തീപ്പൊരി കാണിച്ചിട്ടുണ്ട്. ഒരു ജയം ഒരു സമനില ഒരു തോൽവി എന്നതാണ് കണക്കെങ്കിലും കഴിഞ്ഞ കുറേ നാളുകളായി ആരാധകരെ നിരാശപ്പെടുത്തിയ സീസണുകളിൽ നിന്ന് വ്യത്യസ്തമായി കളത്തിലും പുറത്തും ടീമിൽ ഒത്തിണക്കം കാണാം.

Manchester City vs Manchester United
ഗോളടി തുടർന്ന്‌ റോണോ..! ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗോൾവേട്ടയിൽ ലോക റെക്കോർഡിനരികെ

ബെഞ്ചമിൻ ഷെസ്‌കോയും മത്തിയാസ് കൂന്യയും ബ്രയാൻ എംബ്യൂമോയുമൊക്കെ എത്തിയതോടെ ടീമിന് പുത്തനുണർവ്. സിറ്റിക്കെതിരെ പക്ഷേ മത്തിയാസ് കൂന്യ, മാസൺ മൗണ്ട്, ഡിയാഗോ ഡാലോട്ട് എന്നിവർ കളിക്കില്ല.. മൂന്ന് പേർക്കും പരിക്ക്. ഗോൾവലകാക്കാൻ ലാമെൻസ് എത്തുമോയെന്നതിലും ആകാംക്ഷ. സിറ്റിസൻസിന് പതിനൊന്ന് പേരെയിറക്കുക എളുപ്പമല്ല. റയാൻ ഷെർക്കി, ഒമർ മർമൗഷ്, മാറ്റിയോ കൊവാസിച്ച്, ജോൺ സ്റ്റോൺസ് എന്നിവർക്ക് പരിക്കാണ്. ജോസ്കോ ഗ്വാർഡിയോൾ പരിക്ക് മാറി പരിശീലനം തുടങ്ങിയത് ആശ്വാസം.

പുതിയ ഗോൾകീപ്പർ ഡോണരുമ്മയ്ക്ക് ഡാർബിയിൽ അരങ്ങേറ്റത്തിന് അവസരമാകും. സീസണിൽ രണ്ട് മത്സരങ്ങൾ തോറ്റ നിരാശയിലാണ് പെപ് ഗ്വാർഡിയോളയും സംഘവും. 21 വർഷത്തിന് ശേഷമാണ് ഇത്രമോശം തുടക്കം സിറ്റി പ്രീമിയർ ലീഗിൽ നേരിടുന്നത്. ഡാർബിയിൽ ഇത്തിഹാദിൽ ഒരു തോൽവി കൂടി താങ്ങാനാവില്ല. സീസണിൽ തിരിച്ചടി നേരിടുന്ന രണ്ട് വമ്പൻമാർക്ക് കരുത്തുകൂട്ടി തിരിച്ചെത്താനുള്ള അവസരമാണ് മാഞ്ചസ്റ്ററിൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com