

ലണ്ടൻ: പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകാൻ പ്രശസ്ത ഫുട്ബോൾ പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. നിലവിലെ പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് തീരുമാനിച്ചതായാണ് റിപ്പോർട്ട്. അമ്പതിനാലുകാരനായ പോച്ചട്ടിനോ നിലവിൽ യുഎസ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനാണ്. യുഎസ് ദേശീയ ടീമുമായി 2030 വരെ കരാർ ഉള്ള പരിശീലകൻ യുണൈറ്റഡുമായി ശമ്പളത്തിലും മറ്റുകാര്യങ്ങളിലും യോജിപ്പിലെത്തിയതായാണ് സൂചന.
ലീഗിൽ മൈക്കൽ കാരിക്കിന് കീഴിൽ പോയന്റ് പട്ടികയിൽ പതിനെട്ടാമതായി റെലഗേഷൻ സോണിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗിൽ അവസാന 10 മത്സരങ്ങളിൽ ജയിക്കാനായത് ഒറ്റ മത്സരത്തിൽ മാത്രമാണ്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷവും ലീഗിൽ നിലവിലെ അവസ്ഥയിൽ നിന്ന് കാര്യമായ മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ കാരിക്കിന് പുറത്ത് പോകേണ്ടിവരും.
മുൻ ടോട്ടനം പരിശീലകനായ മൗറീസിയോ 2024ലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു. എന്നാൽ റൂബൻ അമോറിമിനാണ് നറുക്ക് വീണത്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും മനോഹരമായ കേളീശൈലികൊണ്ടും ശ്രദ്ധേയമാണ് മൗറീസിയോയുടെ പരിശീലക കരിയർ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവിനും കിരീടവിജയങ്ങൾക്കും പോച്ചട്ടിനോ ചുക്കാൻ പിടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.