മുംബൈ: കാത്തിരിപ്പിനൊടുവിൽ ഫുട്ബോള്‍ ഇതിഹാസം ഇന്ത്യയിൽ കാലുകുത്തുന്നു. 'ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025'ൻ്റെ ഭാഗമായി അർജൻ്റൈൻ താരം ലിയോണൽ മെസി മറ്റന്നാൾ കൊൽക്കത്തയിലെത്തും. ഡിസംബർ 13, 14, 15 തീയതികളിൽ നാല് നഗരങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത് ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിലാണ് മെസി എത്തുന്നത്. മെസി കേരളത്തിൽ എത്തില്ലെന്നറിഞ്ഞതോടെ നിരാശരായ മലയാളി ആരാധകർ അടക്കം മെസിയെ കാണാനായി ടിക്കറ്റെടുത്തിട്ടുണ്ട്.
പ്രദർശന ഫുട്ബോള്‍ മൽസരത്തിനൊപ്പം, ഫുട്ബോള്‍ ക്ലിനിക്, സംഗീത നിശ തുടങ്ങിയ വിവിധ പരിപാടികളിൽ മെസി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മെസി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഹൈദരാബാദിൽ എത്തുന്ന മെസിക്കൊപ്പം സഹതാരം റോഡ്രിഗോ ഡി പോള്‍, യുറുഗ്വേ ഇതിഹാസം ലൂയിസ് സുവാരസ് എന്നിവരുണ്ടാകും.
ഏഴ് മണിക്ക് ഉപ്പൽ സ്റ്റേഡിയത്തിൽ 20 മിനിറ്റ് പ്രദർശന മത്സരത്തിൽ 15 കുട്ടികള്‍ക്കൊപ്പം മെസി ഫുട്ബോള്‍ കളിക്കും. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയും മെസിക്കൊപ്പം പന്ത് തട്ടും. കൊൽക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഗോട്ട് കൺസേർട്ട്, ഗോട്ട് കപ്പ് എന്നീ പരിപാടികളിലും പങ്കെടുക്കും.
ഞാറാഴ്ചയാണ് താരം മുംബൈയിലേക്ക് പോകുക. തിങ്കളാഴ്ച ഡൽഹി സന്ദർശനം. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ കൊൽക്കത്തയിലും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മുംബൈയിലും മെസിയെ വരവേൽക്കുമെന്നാണ് സംഘാടകർ അറിയിക്കുന്നത്. ഇത് രണ്ടാംതവണയാണ് മെസി ഇന്ത്യയിലെത്തുന്നത്. 2011-ല്‍ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനിസ്വേലയ്ക്കെതിരായ ഫിഫ സൗഹൃദ മത്സരത്തില്‍ മെസി അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ചിരുന്നു.