ജയത്തുടർച്ച ലക്ഷ്യമിട്ടെത്തിയ ബ്ലാസ്റ്റേഴ്സിന് ഹാർട്ട് ബ്രേക്ക്; ഞെട്ടിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

മോഹൻ ബഗാനെ 1-0ന് വീഴ്ത്തിയെത്തിയ നോർത്ത് ഈസ്റ്റിന് മുന്നിൽ കേരളത്തിൽ നിന്നുള്ള കൊമ്പന്മാർ എതിരാളികളേ അല്ലെന്ന് തോന്നിപ്പിച്ച ദിവസമാണ് കടന്നുപോയത്.
kerala blasters fc vs northeast united fc match Highlights
Published on: 
Updated on: 

ഗുവാഹത്തി: ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ഐഎസ്എല്ലിൽ തുടർച്ചയായ എട്ടാം ജയം ജയത്തുടർച്ച ലക്ഷ്യമിട്ടെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ, സ്വന്തം തട്ടകത്തിൽ കേളീമികവ് കൊണ്ട് ഞെട്ടിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഹൈലാൻഡേഴ്സിൻ്റെ തകർപ്പൻ ജയം. ജയത്തോടെ ആറ് പോയിൻ്റുമായി ലീഗിൽ അവർ ഒന്നാമതെത്തി. അതിവേഗ കൗണ്ടർ അറ്റാക്കിങ്ങിലൂടെയും ലോങ് പാസുകളിലൂടെയും ശരിക്കും ബ്ലാസ്റ്റേഴ്സിൻ്റെ പ്രതിരോധപ്പാളിച്ചകൾ എതിരാളികൾ തുറന്നുകാട്ടുന്നതാണ് ഗുവാഹത്തിയിൽ കാണാനായത്. മോഹൻ ബഗാനെ 1-0ന് വീഴ്ത്തിയെത്തിയ നോർത്ത് ഈസ്റ്റിന് മുന്നിൽ കേരളത്തിൽ നിന്നുള്ള കൊമ്പന്മാർ എതിരാളികളേ അല്ലെന്ന് തോന്നിപ്പിച്ച ദിവസമാണ് കടന്നുപോയത്.

ആതിഥേയർക്കായി അലാദീൻ അജാരേ ഇരട്ട ഗോളുകളുമായി തിളങ്ങി. 15, 70 മിനിറ്റുകളിലായാണ് അജാരേ ബ്ലാസ്റ്റേഴ്സിൻ്റെ വലകുലുക്കിയത്. ഐഎസ്എല്ലിലെ 25ാമത്തേയും നോർത്ത് ഈസ്റ്റിനായി നേടുന്ന 50ാമത്തേയും ഗോളുകളോടെ അജാരേ ഈ മത്സരം ഓർമയിൽ തങ്ങിനിൽക്കുന്നതാക്കി മാറ്റി. അൻ്റോണിയോ മൊയാനോ (45+4), മലയാളി താരം അമൻ സി.കെ (82) എന്നിവരും ഗോളുകൾ നേടി.

kerala blasters fc vs northeast united fc match Highlights
മജീഷ്യൻ ലൂണ തിരിച്ചെത്തും; വിജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കൊമ്പുകോർക്കും

നായകൻ അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ തിരിച്ചെത്തിയിട്ടും കേരള ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്താൻ പാടുപെടുന്നതാണ് കണ്ടത്. ലൂണ നിറംമങ്ങിയതോടെ ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണങ്ങൾക്ക് മൂർച്ചയറ്റു. മോമോ യാൻസാനെ ആദ്യമായി ഗോൾഷീറ്റിൽ ഇടംപിടിച്ചെങ്കിലും മറ്റാർക്കും ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്യാനായില്ല.

മലയാളി താരം ജിതിൻ എം.എസ് വലതു വിങ്ങിൽ മഞ്ഞപ്പടയുടെ പ്രതിരോധത്തിന് വലിയ വെല്ലുവിളി ഉയർത്തി. ഗോളടിക്കാനായില്ലെങ്കിലും ജിതിൻ്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. കരുത്തരായ മോഹൻ ബഗാനെ ആദ്യ മത്സരത്തിൽ അട്ടിമറിച്ചത് വെറുതെയല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് നോർത്ത് ഈസ്റ്റ് നടത്തിയത്. നാല് സീസണുകളായി ടീമിനെ പരിശീലിപ്പിക്കുന്ന യുവാൻ പെഡ്രോ ബെനാലിയുടെ തന്ത്രങ്ങളും സ്വന്തം കാണികളുടെ പിന്തുണയും നോർത്ത് ഈസ്റ്റിന് കരുത്തേകി.

kerala blasters fc vs northeast united fc match Highlights
പുത്തൻപടയുടെ ഉശിരളക്കാൻ യെല്ലോ ആർമി ഇന്ന് ഇൻ്റർ കാശിയെ നേരിടും

അഡ്രിയാൻ ലൂണ നൽകിയ കോർണർ കിക്കിൽ നിന്ന് അമേയ് റണവാഡെ തൊടുത്ത ശ്രമം നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. നോർത്ത് ഈസ്റ്റിന്റെ പ്രത്യാക്രമണങ്ങളെ തടഞ്ഞുനിർത്താൻ ഗോൾകീപ്പർ അർഷ് ഷെയ്ഖ് നടത്തിയ സേവുകൾ ആദ്യ പകുതിയിൽ നിർണായകമായി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അന്റോണിയോ മൊയാനോ നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങളോടെ കൂടുതൽ ഒത്തിണക്കത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് പന്തുതട്ടിയത്. പകരക്കാരനായി ഇറങ്ങിയ കൊറൗ സിംഗിന്റെ സാന്നിധ്യം മുന്നേറ്റനിരയ്ക്ക് പുതിയ വേഗത നൽകി. നിരന്തര ശ്രമങ്ങൾക്കൊടുവിൽ 60-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ മടക്കി. ബോക്സിനുള്ളിൽ നിന്ന് അഡ്രിയാൻ ലൂണ നൽകിയ സമർത്ഥമായ പാസ് പിടിച്ചെടുത്ത് മോമോ യാൻസാനെ മികച്ചൊരു ക്ലിനിക്കൽ ഫിനിഷിംഗിലൂടെ പന്ത് വലയിലെത്തിച്ചു

ഗോൾ മടക്കിയതോടെ മത്സരത്തിൽ പൂർണ്ണ നിയന്ത്രണം നേടിയെടുത്ത ബ്ലാസ്റ്റേഴ്‌സ് സമനിലയ്ക്കായി ശക്തമായി പൊരുതി. ഫ്രെഡിയുടെ കരുത്തുറ്റ ലോംഗ് റേഞ്ച് ഷോട്ടുകളും ലൂണ-യാൻസാനെ-ഗ്രീൻ സഖ്യത്തിന്റെ മുന്നേറ്റങ്ങളും എതിർ ബോക്സിൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചു. എന്നാൽ കളിയിലേക്ക് ശക്തമായി തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതിനിടെ പ്രത്യാക്രമണത്തിലൂടെ അജാരേ നോർത്ത് ഈസ്റ്റിനായി മൂന്നാം ഗോൾ കണ്ടെത്തി. തുടർന്ന് 82-ാം മിനിറ്റിൽ അമൻ സി.കെ കൂടി ലക്ഷ്യം കണ്ടതോടെ മത്സരം ആതിഥേയർക്ക് അനുകൂലമായി മാറി.

മത്സരത്തിലെ പോരായ്മകൾ പരിഹരിച്ച് സീസണിലെ ആദ്യ ഹോം പോരാട്ടത്തിനായി ടീം ഇനി കൊച്ചിയിലേക്ക് മടങ്ങും. ഒക്ടോബർ 25 ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും.

News Malayalam 24x7
newsmalayalam.com