ഇസ്രയേൽ ആക്രമണത്തിൽ പലസ്തീൻ അന്താരാഷ്ട്ര ഫുട്ബോൾ താരം കൊല്ലപ്പെട്ടു. സഹായ കേന്ദ്രത്തിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് സുലൈമാൻ അൽ ഒബീദ് (41) കൊല്ലപ്പെട്ടത്. പലസ്തീനിയൻ പെലെ എന്ന പേരിൽ പ്രസിദ്ധനായ ഫുട്ബോൾ താരത്തിനാണ് ജീവൻ നഷ്ടമായത്. തന്റെ നീണ്ട കരിയറിൽ, 100ലധികം ഗോളുകൾ നേടിയ ഗാസ താരം, പലസ്തീൻ ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള താരങ്ങളിൽ ഒരാളായിരുന്നു.
ഗാസയിലെ ഖദാമത്ത് അൽ-ഷാത്തി ക്ലബ്ബിൽ നിന്നാണ് അൽ ഒബീദ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് അധിനിവേശ വെസ്റ്റ് ബാങ്കിലെ അൽ-അമാരി യൂത്ത് സെന്റർ ക്ലബ്ബിനോടൊപ്പം ചേർന്നു. അന്താരാഷ്ട്ര തലത്തിൽ, അൽ-ഒബീദ് അൽ ഫിദായ്‌ക്കൊപ്പം 24 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് രണ്ട് ഗോളുകൾ നേടി. അതിൽ ഏറ്റവും പ്രശസ്തമായത് 2010 ലെ വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ യെമൻ ദേശീയ ടീമിനെതിരെ നേടിയ ഒരു സിസർ കിക്ക് ഗോളായിരുന്നു. അൽ ഒബൈദിന് ഭാര്യയും അഞ്ച് മക്കളുമുണ്ട്.
അൽ ഒബീദിന്റെ മരണത്തോടെ, ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസ മുനമ്പിൽ കൊല്ലപ്പെട്ട കായിക താരങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും എണ്ണം 662 ആയി. ഗാസയിൽ കളിക്കാർ, പരിശീലകർ, അഡ്മിനിസ്ട്രേറ്റർമാർ, റഫറിമാർ, ക്ലബ് ബോർഡ് അംഗങ്ങൾ എന്നിവരുൾപ്പെടെ ഫുട്ബോളുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം ഇതോടെ 321 ആയി.
അതേസമയം, ഗാസയിലെ ആശുപത്രികളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലം നാല് പുതിയ മരണങ്ങൾ രേഖപ്പെടുത്തിയതായി എൻക്ലേവിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ പട്ടിണി മൂലമുള്ള മരണങ്ങളുടെ എണ്ണം 197 ആയി. മരിച്ചവരിൽ 96 പേർ കുട്ടികളാണ്.