

ധാക്ക : സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിന് ശേഷം ഇരുടീമുകളുടെയും താരങ്ങളൊരുക്കിയ ഗാര്‍ഡ് ഓഫ് ഹോണര്‍ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മത്സരശേഷം നടന്ന പുരസ്കാരദാന ചടങ്ങിലാണ് ഇരുടീമുകളും പരസ്പരം ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചത്. ആദ്യം റണ്ണറപ്പുകളായ പാക് താരങ്ങൾക്ക് ഇന്ത്യൻ ടീം ഗാർഡ് ഓഫ് ഓണർ നൽകി. പിന്നാലെ ജേതാക്കളായ ഇന്ത്യൻ താരങ്ങൾക്കും പാക് താരങ്ങൾ അതേ രീതിയിൽ ആദരമർപ്പിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ അകൽച്ചകൾ കായിക രംഗത്തും നിഴലിച്ചിരുന്നു. ഇതിനിടയിൽ ശ്രദ്ധേയമായ കായിക മര്യാദയുടെ ദൃശ്യങ്ങളാണ് സാഫ് ചാമ്പ്യൻഷിപ്പിൽ നടന്നത്. ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ കായിക വേദികളില്‍ വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ അകല്‍ച്ച നിഴലിച്ചിരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനല്‍ മത്സരത്തിലും വിവാദങ്ങള്‍ രൂപപ്പെട്ടിരുന്നു. ഇതിനിടെയാണ് ജേതാക്കളായ എതിര് ടീമിന് മൈതന മധ്യേ ആദരവുമായി പാക് കളിക്കാര്‍ അണിനിരന്നത്.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ 2-1നാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ടീം പത്താം സാഫ് കപ്പ് സ്വന്തമാക്കിയത്. സാഫ് ചരിത്രത്തിലെ റെക്കോര്‍ഡ് നേട്ടത്തിനാണ് ധാക്ക സാക്ഷ്യം വഹിച്ചത്.
മത്സരത്തിലെ ആദ്യ പകുതിയില്‍ പാക് മധ്യനിര താരം ആലംഘിര് ഗാസി നേടിയ ഗോളിന്റെ ബലത്തില്‍ 1-0ന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യന്‍ ടീം അതിമനോഹരമായ തിരിച്ചുവരവ് നടത്തിയത്. ഇന്ത്യക്കായി സുഹൈല്‍ അഹ്മദ് ഭട് (60), സന്ദീപ് മാന്ദി (88) എന്നിവരാണ് ഗോളുകള്‍ നേടിയത്.
1-1 എന്ന നിലയില്‍ എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിലെ 88ാം മിനുട്ടില്‍ സന്ദീപ് മാന്ദി നേടിയ ഗോളില്‍ നിന്നാണ് ഇന്ത്യയുടെ കിരീടധാരണം സാധ്യമായത്.