

റാബത്ത്: ഇന്ന് രാത്രി നടക്കുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൻ്റെ ഫൈനലിൽ മൊറോക്കോയും സെനഗലും തമ്മിൽ ഏറ്റുമുട്ടും. അഷ്റഫ് ഹക്കീമിയുടെയും സാദിയോ മാനെയുടേയും ടീമുകൾ തമ്മിൽ കൊമ്പുകോർക്കുമ്പോൾ റാബത്തിലെ പുൽമൈതാനത്ത് ഇന്ന് തീപാറുമെന്ന് ഉറപ്പാണ്. സെമിയിൽ ഏഴ് തവണ ചാംപ്യൻമാരായ ഈജിപ്‌തിനെ തകർത്താണ് സെനഗൽ ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം, ഷൂട്ടൗട്ടിൽ നൈജീരിയയെ വീഴ്ത്തി ആതിഥേയരായ മൊറോക്കോയും ഫൈനലിൽ പ്രവേശിച്ചു.
ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് മൊറോക്കോയിലെ മൗലേ അബ്ദല്ല സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ വച്ചാണ് ഫൈനൽ അരങ്ങേറുക. അതേസമയം കലാശപ്പോരിന് മുന്നോടിയായി വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. മൊറോക്കോയിൽ വച്ച് നടക്കുന്ന മാച്ചിന് മുന്നോടിയായി ഫെയർ പ്ലേ നടക്കില്ലെന്ന ആശങ്ക പരസ്യമാക്കി സെനഗൽ ഫുട്ബോൾ ഫെഡറേഷൻ രംഗത്തെത്തി. ഫൈനൽ പോരാട്ടത്തിൽ ന്യായമായ കളി, തുല്യ പരിഗണന, സുരക്ഷ എന്നിവ ഉറപ്പാക്കാൻ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോളും (CAF) പ്രാദേശിക സംഘാടക സമിതിയും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
ഫൈനലിൻ്റെ വേദിയായ റാബത്തിൽ എത്തിയതിന് പിന്നാലെ സെനഗൽ ടീം മാനേജ്മെൻ്റ് നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രസ്താവന പുറത്തിറക്കി. മൊറോക്കോ നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം, ടീമിൻ്റെ താമസ സൗകര്യങ്ങളിലെ പ്രശ്നങ്ങൾ, പരിശീലന സൗകര്യങ്ങളിലെ പ്രശ്നങ്ങൾ, ഫാൻസിന് ന്യായമായ ടിക്കറ്റ് വിഹിതം ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവയെ വിമർശിച്ചു. സെനഗൽ ഫാൻസിന് 2,850 ടിക്കറ്റുകൾ മാത്രമേ വാങ്ങാൻ കഴിഞ്ഞിട്ടുള്ളൂവെന്നും പരാതിയുണ്ട്.
വെള്ളിയാഴ്ച സെനഗലിൻ്റെ ഫുട്ബോളർമാർക്ക് ടാൻജിയറിൽ നിന്ന് റാബത്തിലേക്ക് ട്രെയിനിലാണ് യാത്രാ സൗകര്യം ഒരുക്കിയിരുന്നത്. സെനഗലിൻ്റെ അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങൾക്ക് മതിയായ സുരക്ഷയൊരുക്കാൻ മൊറോക്കോ പരാജയപ്പെട്ടെന്നും മാനേജ്മെൻ്റ് ആരോപിച്ചു. വലിയൊരു ടൂർണമെൻ്റിൻ്റെ ഫൈനലിന് മുന്നോടിയായി എതിർ ടീമിലെ താരങ്ങൾക്ക് മതിയായ വിശ്രമം പോലും ഒരുക്കാതെ നിലവാരമില്ലാത്ത സംഘാടനമാണ് മൊറോക്കോ അധികൃതർ ഒരുക്കിയതെന്നും സെനഗൽ ടീം ആരോപിച്ചു. പരിശീലന വേദി എവിടെയാണെന്ന് അറിയിക്കുന്നതിലും കാലതാമസം സൃഷ്ടിച്ചു.
അതേസമയം, നൈജീരിയയാണ് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ മൂന്നാമതെത്തിയത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഈജിപ്തിനെ തോൽപ്പിച്ചായിരുന്നു നൈജീരിയയുടെ വിജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ രണ്ട് ഗോളുകൾക്കാണ് നൈജീരിയ വിജയം സ്വന്തമാക്കിയത്. നിശ്ചിതസമയത്ത് ഗോൾരഹിത സമനില പാലിച്ചതോടെയാണ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കേണ്ടി വന്നത്. പ്രീമിയർ ലീഗ് താരങ്ങളായ മുഹമ്മദ് സലയും മർമ്മോഷും പെനാൽറ്റികൾ നഷ്ടപ്പെടുത്തി.