THE STORY BEHIND | ഇടികൊണ്ടു തെറിച്ച പല്ലുകള്‍, ഒടിഞ്ഞ വാരിയെല്ലുകള്‍... ലോകകപ്പിന്റെ ശോഭ കെടുത്തിയ ഫൗള്‍

1982ലെ സ്പെയിന്‍ ലോകകപ്പ്... കാല്‍പ്പന്തു കളിയുടെ മനോഹാരിതയാകെ കെടുത്തിയ അപകടകരമായ ഫൗള്‍ നടന്നത് ആ ലോകകപ്പിലായിരുന്നു.
THE STORY BEHIND | ഇടികൊണ്ടു തെറിച്ച പല്ലുകള്‍, ഒടിഞ്ഞ വാരിയെല്ലുകള്‍... ലോകകപ്പിന്റെ ശോഭ കെടുത്തിയ ഫൗള്‍
Published on
Updated on

ലോകകപ്പ് ഫുട്ബോൾ ചരിത്രം അതുല്യ പ്രകടനങ്ങളുടെയും മനോഹരമായ ഗോളുകളുടെയും കഥകൾ കൊണ്ട് സമ്പന്നമാണ്. എന്നാൽ ചില നിമിഷങ്ങൾ കളിയുടെ സൗന്ദര്യത്തെ മറികടന്ന് വിവാദത്തിന്റെയും വേദനയുടെയും പ്രതീകങ്ങളായും മാറിയിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു 1982ലെ സ്പെയിന്‍ ലോകകപ്പില്‍ സംഭവിച്ചത്. കാല്‍പ്പന്തു കളിയുടെ മനോഹാരിതയാകെ കെടുത്തിയ അപകടകരമായ ഫൗള്‍ നടന്നത് ആ ലോകകപ്പിലായിരുന്നു.

1982 ജൂലൈ എട്ട്. ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരം. കളത്തില്‍ ഫ്രാന്‍സും പശ്ചിമ ജര്‍മനിയും. സ്പാനിഷ് ലാ ലിഗ ക്ലബ് സെവിയയുടെ സ്വന്തം തട്ടകമായ റാമോണ്‍ സാഞ്ചസ് പിസ്യുവാന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. മിഷേല്‍ പ്ലാറ്റിനി എന്ന ഇതിഹാസ താരം നയിച്ച ഫ്രാന്‍സ് മികച്ച ഫോമിലായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കണ്ടത് ഗംഭീര പോരാട്ടം. ഇരുടീമുകളും വാശിയേറിയ കളി പുറത്തെടുത്തപ്പോള്‍ സ്‌കോര്‍ 1-1. രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ തുടര്‍ന്നു. അങ്ങനെ 57-ാം മിനുറ്റില്‍ ഫുട്ബോള്‍ ലോകത്തെയാകെ നടുക്കിയ സംഭവം അരങ്ങേറി.

THE STORY BEHIND | ഇടികൊണ്ടു തെറിച്ച പല്ലുകള്‍, ഒടിഞ്ഞ വാരിയെല്ലുകള്‍... ലോകകപ്പിന്റെ ശോഭ കെടുത്തിയ ഫൗള്‍
THE STORY BEHIND | ലോകകപ്പിലെ അത്ഭുതഗോള്‍; പിന്നീടാര്‍ക്കും അത് സാധ്യമായിട്ടില്ല !

ഫ്രഞ്ച് നായകന്‍ പ്ലാറ്റിനി ഒരു അവസരം തുറന്നെടുത്തതോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. ജര്‍മന്‍ പ്രതിരോധ നിരയിലെ വിടവ് കണ്ടെത്തിയ പ്ലാറ്റിനി സ്വന്തം ഹാഫില്‍ നിന്ന് ഒരു ത്രൂ പാസ് നീട്ടി നല്‍കുന്നു. പന്ത് പിടിച്ചെടുക്കാന്‍ പാട്രിക് ബാറ്റിസ്റ്റണ്‍ മുന്നിലേക്ക് കുതിച്ചു. ജര്‍മന്‍ പ്രതിരോധം കടന്ന് ബാറ്റിസ്റ്റണിന്റെ മുന്നേറ്റം. മുന്നില്‍ ഗോള്‍കീപ്പര്‍ ടോണി ഷുമാക്കര്‍ മാത്രം. ബാറ്റിസ്റ്റണ്‍ സ്കോര്‍ ചെയ്യുമെന്ന് ഉറപ്പ്. അപകടം തിരിച്ചറിഞ്ഞ ഷുമാക്കര്‍ അതിവേഗം ബാറ്റിസ്റ്റണിനുനേരെ ഓടിയെത്തി. അതിനിടെ ബാറ്റിസ്റ്റണ്‍ ഷോട്ടെടുത്തെങ്കിലും ലക്ഷ്യം തെറ്റി പുറത്തേക്കുപോയി. ഈ സമയം, ഷുമാക്കര്‍ ബാറ്റിസ്റ്റണുമായി കൂട്ടിയിടിച്ചു വീണിരുന്നു. വെറുതെയൊരു കൂട്ടിയിടി മാത്രമായിരുന്നില്ല അത്. ഗോള്‍ തടയാനെന്ന പേരില്‍ ഷുമാക്കര്‍ കാല്‍മുട്ടുകൊണ്ട് ഇടിച്ചത് ബാറ്റിസ്റ്റണിന്റെ മുഖത്തായിരുന്നു. ബാറ്റിസ്റ്റണ്‍ പൊടുന്നനെ ബോധരഹിതനായി വീണു. സഹതാരങ്ങളും കാണികളുമൊക്കെ പരിഭ്രാന്തരായി. മെഡിക്കല്‍ സംഘം കളത്തിലെത്തി ബാറ്റിസ്റ്റണെ വേഗം ആശുപത്രിയിലാക്കി.

ഷുമാക്കറുടെ പ്രവൃത്തി മത്സരത്തിന്റെ ശോഭയാകെ കെടുത്തുന്നതായിരുന്നു. എന്നാല്‍, ഏറെ വിവാദമായത് ഡച്ച് റഫറി ചാള്‍സ് കോര്‍വെറുടെ സമീപനമായിരുന്നു. ബാറ്റിസ്റ്റണ്‍ ഷോട്ട് എടുത്തശേഷമായിരുന്നു ഷുമാക്കറുടെ ഇടി എന്നത് വ്യക്തമായിരുന്നു. എന്നിട്ടും ഫൗള്‍ വിളിക്കാതിരുന്ന കോര്‍വെര്‍, കാർഡോ പെനാൽറ്റിയോ അനുവദിക്കാതെ കളി തുടരാൻ നിർദേശിക്കുകയായിരുന്നു. അത്യന്തം വാശിയേറിയ മത്സരം 3-3ന് സമനിലയിലാണ് അവസാനിച്ചത്. തുടര്‍ന്നു നടന്ന ഷൂട്ടൗട്ടില്‍ ജര്‍മനി 5-4ന് ജയിച്ച് ഫൈനലിലെത്തി. എന്നാല്‍, ഫൈനലില്‍ ഇറ്റലിയോടു ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ടു.

THE STORY BEHIND | ഇടികൊണ്ടു തെറിച്ച പല്ലുകള്‍, ഒടിഞ്ഞ വാരിയെല്ലുകള്‍... ലോകകപ്പിന്റെ ശോഭ കെടുത്തിയ ഫൗള്‍
THE STORY BEHIND | ലോകകപ്പില്‍ പകരക്കാരനില്ലാത്ത ബാറ്റിഗോള്‍

ഷുമാക്കറിന് തീര്‍ച്ചയായും ചുവപ്പ് കാര്‍ഡ് കിട്ടേണ്ട ഫൗള്‍ എന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ പിന്നീട് സംഭവത്തെ വിലയിരുത്തിയത്. പക്ഷേ, ഷുമാക്കര്‍ക്ക് അതൊന്നും നേരിടേണ്ടിവന്നില്ല. ഇടികൊണ്ട് ബാറ്റിസ്റ്റണിനാകട്ടെ, രണ്ടു പല്ലുകള്‍ നഷ്ടമായി. നിരവധി പല്ലുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. വാരിയെല്ലുകള്‍ ഒടിയുകയും കഴുത്തെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവിലാണ് ബാറ്റിസ്റ്റണ്‍ പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് മടങ്ങിയെത്തിയത്.

സംഭവത്തിനു പിന്നാലെ ഷുമാക്കര്‍ ബാറ്റിസ്റ്റണോടും മാപ്പ് പറയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നീട് ഖേദം പ്രകടിപ്പിച്ചപ്പോഴാകട്ടെ, പന്ത് തടയാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടം എന്നായിരുന്നു ഷുമാക്കറുടെ നിലപാട്. അങ്ങനെ, ലോകകപ്പ് സെമിഫൈനലുകളിലെ ക്ലാസിക് പോരാട്ടമായി അറിയപ്പെടുമായിരുന്ന മത്സരം, അപകടകരമായ ഫൗളിന്റെയും മോശം റഫറിയിങ്ങിന്റെയും പേരിലാണ് കുപ്രസിദ്ധി നേടിയത്.

News Malayalam 24x7
newsmalayalam.com