

ബെർലിൻ: ഫ്ലോറിയാൻ വീറ്റ്സ് ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ നെതർലാൻഡ്സിനെതിരെ ജർമനിക്ക് അഞ്ച് ഗോളുകളുടെ തകർപ്പൻ ജയം. ജർമനിയുടെ വിജയത്തോടെ ഗ്രൂപ്പിൽ ഗ്രീസ്,നെതർലാൻഡ്‌സ്, ജർമനി മൂന്ന് ടീമുകൾക്കും പതിനൊന്ന് പോയിന്റ്. തുടർന്ന് പരസ്പരം ഏറ്റുമുട്ടിയതിന്റെ ഫലം കൂടി കണക്കിലെടുത്ത് ജർമനി ഒന്നാം സ്ഥാനക്കാരായും ഡച്ച് രണ്ടാം സ്ഥാനക്കാരായും ക്വാർട്ടറിലേക്ക്, ഗ്രീസ് പുറത്തേക്ക്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഗ്രീസ് സെർബിയയെ ഒന്നേ പൂജ്യത്തിന് പരാജയപ്പെടുത്തി.
ബോക്‌സിന് പുറത്ത് ഇടതുവിങ്ങിൽ നിന്ന് അതിമനോഹരമായ ഗോളോടെ വിങ്ങർ ഷെർഹന്റാണ് ജർമനിയുടെ സ്‌കോർഷീറ്റ് തുറന്നത്. തുടർന്ന് ലിവർപൂൾ സൂപ്പർതാരം വീറ്റ്സിന്റെ ഇരട്ടഗോളുകളും നിക്കോ ഷ്ലോട്ടർബെക്കിന്റെ ഹെഡറും നാലുഗോളുകളുടെ അപ്രമാദിത്യം നൽകിയപ്പോൾ ബ്രാജൻ ഗ്രൂഡ അഞ്ചാം ഗോളോടെ ചടങ്ങ് തീർത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഗ്രൂഡ സ്‌കോർ ചെയ്യുന്നത്. പരിശീലകൻ യുർഗൻ ക്ലോപ്പിന് കീഴിൽ ജർമനി തിരിച്ചുവരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.
ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ജർമനി ജൂലിയൻ നായൽസ്‌മാനെ പുറത്താക്കിയാണ് യുർഗനെ ജോലിയേൽപിക്കുന്നത്. ജർമനിയെയും നെതർലാൻഡ്‌സിനെയും കൂടാതെ ഫ്രാൻസ്,ബെൽജിയം,ഇംഗ്ലണ്ട്,സ്പെയിൻ,പോർച്ചുഗൽ ടീമുകളും ക്വാർട്ടറിലെത്തിയിട്ടുണ്ട്. ഇന്ന് നടക്കുന്ന ഡെന്മാർക്-നോർവേ മത്സരവിജയികളും ക്വാർട്ടറിലേക്ക് കടക്കും.