
സ്റ്റീഫൻ കോൺസ്റ്റൻ്റൈനിനും ഇഗോർ സ്റ്റിമാച്ചിനും ശേഷം ഇന്ത്യൻ ഫുട്ബോളിൽ പുതിയൊരു അധ്യായം കുറിച്ചു കൊണ്ട് ഖാലിദ് ജമീൽ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. കഴിഞ്ഞ 13 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ പദവിയിലെത്തുന്നത് എന്ന സവിശേഷത കൂടിയുണ്ട്.
ഇന്ത്യൻ ഫുട്ബോളിനെ നന്നായറിയാവുന്ന, മുൻ ഇന്ത്യൻ താരം കൂടിയായ ജമീലിൻ്റെ വരവ് രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകനായ മനോലോ മാർക്വേസിന്റെ മോശം പ്രകടനത്തിന് ശേഷമാണ് ഖാലിദ് ദേശീയ ടീമിൽ എത്തുന്നത്. ഒരു വർഷത്തിനിടെ ഒരു വിജയം മാത്രം നേടിയ അദ്ദേഹത്തെ ദേശീയ ടീമിൽ നിന്ന് പുറത്താക്കുകയായിരുന്നു.
കുവൈറ്റിൽ ജനിച്ച ഖാലിദ് ജമീൽ, ഗൾഫ് രാജ്യത്താണ് ഒരു ഫുട്ബോൾ കളിക്കാരനായി തൻ്റെ തുടക്കം കുറിച്ചത്. 1990കളിൽ ഇന്ത്യയിലേക്ക് അദ്ദേഹത്തിൻ്റെ കുടുംബം ഇന്ത്യയിലേക്ക് താമസം മാറിയത്. മിഡ് ഫീൽഡറായ ഖാലിദ് ജമീൽ 1997ൽ മഹീന്ദ്ര യുണൈറ്റഡിൽ ചേർന്നു. 1998ൽ എയർ ഇന്ത്യ ഫുട്ബോൾ ടീമിലേക്കും ചേക്കേറി. അതേ വർഷം തന്നെ ഉസ്ബെക്കിസ്ഥാനെതിരായ സൗഹൃദ മത്സരത്തിലൂടെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചു.
അടുത്ത മൂന്ന് സീസണുകൾ അദ്ദേഹം എയർ ഇന്ത്യയിൽ തന്നെ ചെലവഴിച്ചു. തുടർന്ന് പഴയ ക്ലബ്ബായ മഹീന്ദ്രയിലേക്ക് മടങ്ങി. അവിടെ ആറ് സീസണുകളിൽ ടീമിനായി കളിച്ചു. അടുത്തത് മുംബൈ എഫ്‌സിയിലേക്കുള്ള മാറ്റമായിരുന്നു. പക്ഷേ തുടർച്ചയായ പരിക്കുകൾ കാരണം രണ്ട് വർഷത്തിന് ശേഷം ഖാലിദിനെ ഫുട്ബോളർ എന്ന നിലയിൽ വിരമിക്കാൻ നിർബന്ധിതനാക്കി.
ഇപ്പോൾ എ.എഫ്.സി. പ്രോ ലൈസൻസുള്ള പ്രൊഫഷണൽ പരിശീലകനായ ഖാലിദ് ജമീൽ, സുഖ്‌വീന്ദറിന് ശേഷം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൻ്റെ മുഴുവൻസമയ കോച്ചായി ചുമതലയേൽക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ്.
നിലവിൽ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ മുഖ്യ പരിശീലകനാണ് 48കാരനായ ഖാലിദ് ജമീല്‍. അടുത്ത വര്‍ഷം വരെ ജംഷഡ്പൂരുമായി കരാറുള്ള ജമീല്‍ ഒരു ദശാബ്ദത്തിലേറെയായി ഐഎസ്എല്ലിലും ഐ ലീഗിലും ഇന്ത്യന്‍ ക്ലബുകളെ പരിശീലിപ്പിക്കുകയാണ്.
മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ബെംഗളൂരു എഫ്‌സി തുടങ്ങിയ വമ്പൻ ടീമുകളെ പരാജയപ്പെടുത്തി 2017ലെ ഐ ലീഗ് കിരീടം നേടിയ ഐസോള്‍ എഫ്‌സിയുടെ പരിശീലകനായിരുന്നു. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ജംഷഡ്പൂരിനെ ഫൈനലില്‍ എത്തിച്ചു.
കുവൈത്തില്‍ ജനിച്ചെങ്കിലും ജമീല്‍ തന്റെ പ്രൊഫഷണല്‍ കരിയറില്‍ മുഴുവന്‍ സമയവും ഇന്ത്യയിലാണ് കളിച്ചത്. 2009ല്‍ മുംബൈ എഫ്‌സിക്ക് വേണ്ടിയായിരുന്നു ജമീല്‍ അവസാനമായി കളത്തിലിറങ്ങിയത്. പരിക്ക് മൂലം പിന്നീട് വിശ്രമത്തിലേക്കും പരിശീലനത്തിലേക്കും ജമീല്‍ കളം മാറി.