FIFA Ballon d'Or | ഈ യുദ്ധത്തില്‍ ആര് ജയിക്കും; ആരാകും പുതിയ അവകാശി

ചാംപ്യന്‍സ് ലീഗ് നേടുന്നയാളാകണം ബാലണ്‍ ഡി ഓര്‍ നേടേണ്ടതെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാക്കുകളാണ് ഒരു ഇടവേളയ്ക്ക് ശേഷം ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്
ബാലൺ ഡി ഓർ
ബാലൺ ഡി ഓർ NEWS MALAYALAM 24X7
Published on

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇത്തവണ ആര് നേടും. മാറി മറിയുന്ന പട്ടികയാണ് ആരാധകരുടെ ആകാംക്ഷ കൂട്ടുന്നത്. ആര്‍ക്കാണ് അര്‍ഹത? ചാംപ്യന്‍സ് ലീഗ് നേടുന്നയാളാകണം ബാലണ്‍ ഡി ഓര്‍ നേടേണ്ടതെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാക്കുകളാണ് ഒരു ഇടവേളയ്ക്ക് ശേഷം ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്.

2013ല്‍ റൊണാള്‍ഡോ പുരസ്‌കാരം നേടിയത് ചാംപ്യന്‍സ് ലീഗ് അടക്കം 5 കിരീടം നേടിയ ഫ്രാങ്ക് റിബറിയെ മറികടന്നാണ്. പഴയ ഓര്‍മകള്‍ പുതുക്കി റോണോയെ ട്രോളി റിബറി എത്തിയതോടെ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെങ്ങും ബാലണ്‍ ഡി ഓര്‍ യുദ്ധമാണ്. ചാംപ്യന്‍സ് ലീഗ് ജയിച്ച പിഎസ്ജിയുടെ ഒസ്മാന്‍ ഡെംബലെ നാഷന്‍സ് ലീഗില്‍ ഫൈനലിലെത്തിയില്ല. നാഷന്‍സ് ലീഗ് ഫൈനലിലെത്തിയ സ്പാനിഷ് താരം ലാമിന്‍ യമാലിന് ചാംപ്യന്‍സ് ലീഗ് കിട്ടിയില്ല. പിഎസ്ജിക്കൊപ്പം ചാംപ്യന്‍സ് ലീഗും പോര്‍ച്ചുഗലിനൊപ്പം നാഷന്‍സ് ലീഗും ജയിച്ച വിറ്റീഞ്ഞയും നുനോ മെന്‍ഡസും പട്ടികയിലുള്ളപ്പോള്‍ നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും.

ബാലൺ ഡി ഓർ
UEFA Nations League 2025 Final | താനും മകനും ലാമിനെ യമാലിൻ്റെ കളി ആസ്വദിക്കുന്നവരെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറി സഞ്ചരിക്കാന്‍ തുടങ്ങിയതോടെ ആര് നേടും ബാലണ്‍ ഡി ഓര്‍ എന്ന് ചോദിച്ചാല്‍ ഒരുത്തരം പെട്ടെന്ന് നല്‍കാനാവില്ല. കാരണം പ്രകടനത്തിനപ്പുറത്ത് മെസിയുടേയും ക്രിസ്റ്റ്യാനോയുടേയും പ്രസിദ്ധിയും പലപ്പോഴും പുരസ്‌കാരത്തിലെ വോട്ടിംഗിനെ സ്വാധീനിച്ചിട്ടുണ്ടെന്നതാണ് സത്യം.

പതിവ് തെറ്റിച്ച് ഇത്തവണ ക്ലബ്ബ് ലോകകപ്പ് ഫിഫ ലോകകപ്പ് മാതൃകയില്‍ നടത്തുന്നതോടെ കിരീടം നേടുന്നവരുടെ പ്രകടനവും കണക്കിലെഴുതപ്പെടും. യുവേഫ നാഷന്‍സ് ലീഗിന് ഇന്ന് യൂറോ കപ്പോളം ആവേശം വന്നതും ബാലണ്‍ ഡി ഓറിന്റെ വോട്ടടുപ്പില്‍ നിര്‍ണായകം. ഒസ്മാന്‍ ഡെംബലെ, ലാമിന്‍ യമാല്‍, കിലിയന്‍ എംബപ്പെ, മുഹമ്മദ് സലാ, റഫീഞ്ഞ, വിറ്റീഞ്ഞ അങ്ങനെ താരങ്ങള്‍ നിരന്നുനില്‍ക്കുകയാണ്.

യുവേഫ നാഷന്‍സ് ലീഗ് കൂടി പൂര്‍ത്തിയായതോടെ ബാലണ്‍ ഡി ഓറിന്റെ പവര്‍ റാങ്കിങ്ങില്‍ യുവതാരങ്ങളുടെ പോരാട്ടമാണ്. ക്ലബ്ബ് ലോകകപ്പ് ജൂണ്‍ 15 ന് ആരംഭിക്കാനിരിക്കേ, ജൂണ്‍ 10 ന് തയ്യാറാക്കിയ ബാലണ്‍ ഡി ഓര്‍ പവര്‍ റാങ്കിങ്ങില്‍ പിഎസ്ജി താരങ്ങള്‍ക്കാണ് മേല്‍ക്കൈ. ഇരുപത് പേരുടെ പട്ടികയില്‍ ഒന്‍പത് താരങ്ങളും ഫ്രഞ്ച് ക്ലബ്ബില്‍ നിന്നാണ്. ലീഗ് വണ്‍ കിരീടവും ചാംപ്യന്‍സ് ലീഗും ഫ്രഞ്ച് കപ്പും ഫ്രഞ്ച് സൂപ്പര്‍ കപ്പും സ്വന്തമാക്കിയ പിഎസ്ജി സീസണില്‍ കാഴ്ചവച്ചത് മിന്നും പ്രകടനമാണ്. പിഎസ്ജി സ്‌ട്രൈക്കര്‍ ഒസ്മാന്‍ ഡെംബെലെയാണ് പട്ടികയില്‍ ഒന്നാമത്. 68 ശതമാനം പിന്തുണയും ഡെംബലെയ്ക്കാണ്.

ബാഴ്സലോണയ്‌ക്കൊപ്പം ലാലിഗയും കോപ്പ ഡെല്‍റെയും സ്പാനിഷ് സൂപ്പര്‍ കപ്പും ജയിച്ച പതിനേഴുകാരന്‍ ലമിന്‍ യമാല്‍ തൊട്ടുപിന്നില്‍. പക്ഷേ നിലവിലെ പിന്തുണ 17 ശതമാനം മാത്രം. യമാല്‍ നേട്ടത്തിലെത്തിയാല്‍ 21 വയസ്സില്‍ ബലോണ്‍ദോര്‍ സ്വന്തമാക്കിയ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയുടെ റെക്കോര്‍ഡും സ്വന്തം പേരിലാക്കാം. സ്‌പെയിനിനെ യുവേഫ നാഷന്‍സ് ലീഗ് ഫൈനലിലെത്തിച്ച നേട്ടവും യമാലിന് മുന്‍തൂക്കം നല്‍കും.

ബാഴ്‌സയുടെ തന്നെ റഫീഞ്ഞയാണ് പട്ടികയിലെ മൂന്നാമന്‍. ലിവര്‍പൂളിന്റെ സൂപ്പര്‍താരം മുഹമ്മദ് സലാ നാലാമതും യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ റയല്‍ മാഡ്രിഡ് താരം കിലിയന്‍ എംബപ്പെ അഞ്ചാം സ്ഥാനത്തുമുണ്ട്. ആറും ഏഴും സ്ഥാനത്തുള്ള വിറ്റിഞ്ഞ, നുനോ മെന്‍ഡസ് എന്നിവര്‍ക്ക് യുവേഫ നാഷന്‍സ് ലീഗ് കിരീടനേട്ടത്തോടെ വലിയ പ്രതീക്ഷയാണുള്ളത്.

പിഎസ്ജി താരങ്ങള്‍ പോര്‍ച്ചുഗലിന്റെ കിരീടനേട്ടത്തിലും നിര്‍ണായകമായി. ഡിസയര്‍ ഡുവെ, ഖ്വിച്ച, അഷ്‌റഫ് ഹക്കിമി എന്നീ പിഎസ്ജി താരങ്ങളാണ് ആദ്യ പത്തില്‍ ഇടംനേടിയ മറ്റ് താരങ്ങള്‍. പിഎസ്ജിയില്‍ നിന്ന് ഒന്‍പതും ബാഴ്സയില്‍ നിന്ന് നാലും റയലില്‍ നിന്ന് മൂന്നും ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്, സ്‌പോര്‍ട്ടിങ്, ആഴ്സനല്‍ ക്ലബ്ബുകളില്‍ നിന്ന് ഓരോ താരങ്ങളും പട്ടികയിലുണ്ട്.

സെപ്റ്റംബര്‍ 22നാണ് പാരിസില്‍ വച്ച് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കുക. ഒരു മാസം മുന്‍പ് 30 താരങ്ങളുടെ പട്ടിക പ്രഖ്യാപിക്കും. ഫിഫ അംഗീകരിച്ച നൂറ് രാജ്യങ്ങളില്‍ നിന്നുള്ള സ്‌പോര്‍ട്സ് ജേണലിസ്റ്റുകളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. ബാലണ്‍ ഡി ഓറിന് പുറമെ, ടോപ് സ്‌കോറര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫിയും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫിയും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫിയും മികച്ച പരിശീലകര്‍ക്കുള്ള യൊഹാന്‍ ക്രൈഫ് ട്രോഫിയും സമ്മാനിക്കും.

മികച്ച പുരുഷ വനിതാ ടീമുകളെയും ബലോണ്‍ദോര്‍ വേദിയില്‍ പ്രഖ്യാപിക്കും. എക്കാലത്തെയും മികച്ച താരത്തിനുള്ള സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ ഇത്തവണയുണ്ടാകുമോയെന്നും ആരാധകരുടെ ആകാംക്ഷ. എന്തായാലും ജൂണ്‍ 15ന് തുടങ്ങുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് കൂടി പവര്‍റാങ്കിലുള്ള താരങ്ങള്‍ക്ക് നിര്‍ണായകമാണ്. നിലവിലെ ബാലണ്‍ ഡി ഓര്‍ റോഡ്രി പരിക്ക് കാരണം പുറത്തായതിനാല്‍ ഇത്തവണ പവര്‍ റാങ്കിങ്ങില്‍ പോലുമില്ല. ആര് നേടിയാലും അറുപത്തിയൊമ്പതാം ബാലണ്‍ ഡി ഓറില്‍ പുതിയ അവകാശിയുണ്ടാകുമെന്ന് ഉറപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com